മുംബൈ: കഴിഞ്ഞ ദിവസം നടന്ന ഗുജറാത്ത് ടൈറ്റൻസ് സൺറൈസേഴ്‌സ് ഹൈദരാബാദ് മത്സരത്തിനിടെ 'ഹാർദിക് അർധ സെഞ്ചുറി അടിച്ചാൽ ഞാൻ ജോലി രാജി വയ്ക്കും' എന്നെഴുതിയ ചാർട്ട് പേപ്പറുമായി ഗാലറിയിലെത്തിയ ക്രിക്കറ്റ് ആരാധകന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. എന്തായാലും ആരാധകന്റെ വെല്ലുവിളി ഏറ്റെടുത്ത താരം 42 ബോളിൽ 50 തികയ്ക്കുകയും ചെയ്തു. ഇതോടെ കളി കാര്യമാവുകയും ചെയ്തു.

മത്സരത്തിനിടെ, ചാർട്ട് പേപ്പർ ഉയർത്തിപ്പിടിച്ചു ഗാലറിയിൽ നിൽക്കുന്ന ആരാധകന്റെ ചിത്രം ചാനൽ ക്യാമറകൾ ഒപ്പിയെടുത്തിരുന്നു. ഹാർദികിന്റെ മോശം ബാറ്റിങ് ഫോം കണക്കാക്കിയാകണം ആരാധകൻ ഇത്തരത്തിൽ എഴുതിയ ബാനറുമായി സ്റ്റേഡിയത്തിലെത്തിയത്. എന്നാൽ, ഹാർദിക് 50 തികച്ചതോടെ ആരാധകനെ ട്രോളുകയാണ് സോഷ്യൽ മീഡിയ. ഇയാൾ ജോലി രാജിവെച്ചോ എന്നാണ് ഇപ്പോൾ എല്ലാവർക്കും അറിയേണ്ടത്.

ഈ മത്സരത്തിൽ ഐപിഎൽ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ 100 സിക്‌സർ അടിക്കുന്ന താരം (1046 പന്തുകളിൽനിന്ന്) എന്ന റെക്കോർഡും മത്സരത്തിനിടെ, ഹാർദിക് സ്വന്തമാക്കിയിരുന്നു. ഡൽഹി ക്യാപ്റ്റൻ ഋഷഭ് പന്തിനെയാണു പിന്തള്ളിയത്. ആന്ദ്രേ റസ്സൽ, ക്രിസ് ഗെയ്ൽ എന്നിവർക്കു മാത്രം പിന്നിൽ, ഐപിഎല്ലിലെ അതിവേഗ സിക്‌സ് സെഞ്ചൂറിയന്മാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണു ഹാർദിക്.

ഹാർദികിന്റെ അർധ സെഞ്ചുറി നേട്ടത്തിനു പിന്നാലെ, ബാനറുമായി എത്തിയ ആരാധകനെയും ഹാർദികിനെയും ട്രോളി ഒട്ടേറെ ആരാധകർ രംഗത്തെത്തി. 'ഹാർദിക് ഒരു ഇതിഹാസംതന്നെയാണ്, ബാറ്റ് ചെയ്യുന്നതിനിടെത്തന്നെ ഒരാളെ അദ്ദേഹം ഔട്ടാക്കിക്കളഞ്ഞു' ഒരു ആരാധകൻ ട്വീറ്റ് ചെയ്തത് ഇങ്ങനെ. ഇന്ത്യയിലെ തൊഴിലില്ലായ്മ വർധിച്ചു വരുന്നതിന്റെ കാരണം ഇതാണ് എന്നായിരുന്നു മറ്റൊരു ആരാധകന്റെ ട്വീറ്റ്.

എന്തായാലും ആരാധകൻ ജോലി രാജിവച്ചോ എന്ന കാര്യത്തിൽ ഇപ്പോഴും സസ്‌പെൻസ് തുടരുകയാണ്. ഹാർദിക് അർധ സെഞ്ചുറി നേടിയെങ്കിലും ഗുജറാത്ത് മത്സരം 8 വിക്കറ്റിനു തോറ്റിരുന്നു.