- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി.ആർ. ശ്രീജേഷ് മനോരമ സ്പോർട്സ് സ്റ്റാർ; തിരുവല്ലം യങ് മെൻസ് അസോസിയേഷൻ മികച്ച സ്പോർട്സ് ക്ലബ്ബ്: പുരസ്‌ക്കാരം സമ്മാനിച്ച് ചെസ് ഇതിഹാസം വിശ്വനാഥൻ ആനന്ദ്
കൊച്ചി: ഇന്ത്യൻ ഹോക്കി ടീം ഗോൾകീപ്പർ പി.ആർ. ശ്രീജേഷിന് 'മനോരമ സ്പോർട്സ് സ്റ്റാർ 2020-21' പുരസ്‌കാരം. ഒളിംപിക്‌സ് വെങ്കല മെഡൽ നേട്ടത്തിലൂടെ മലയാളത്തിന്റെ അഭിമാനമുയർത്തിയ ശ്രീജേഷിനെ തേടി ജനപ്രിയ പുരസ്‌ക്കാരം എത്തുകയായിരുന്നു. മഴവിൽ മനോരമ സ്റ്റുഡിയോയിൽ നടന്ന പുരസ്‌കാര സമർപ്പണ ചടങ്ങിൽ ചെസ് ഇതിഹാസം വിശ്വനാഥൻ ആനന്ദാണ് കേരളത്തിലെ ഏറ്റവും വലിയ ജനകീയ കായിക പുരസ്‌കാരത്തിന്റെ വിജയിയെ പ്രഖ്യാപിച്ചത്.
ഇന്ത്യൻ ഹോക്കി ടീമിനൊപ്പം ഒഡീഷയിലുള്ള ശ്രീജേഷിനു ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. ശ്രീജേഷിനു വേണ്ടി ഭാര്യ ഡോ. അനീഷ്യയും മകൾ അനുശ്രീയും വിശ്വനാഥൻ ആനന്ദിൽ നിന്നു 3 ലക്ഷം രൂപയും ട്രോഫിയുമടങ്ങുന്ന പുരസ്‌കാരം സ്വീകരിച്ചു. 2021ലെ ഫെഡറേഷൻ കപ്പ് വോളിബോൾ കിരീടം നേടിയ കേരള വനിതാ വോളിബോൾ ടീം ക്യാപ്റ്റൻ എസ്. സൂര്യ രണ്ടാമതെത്തി (2 ലക്ഷം രൂപ, ട്രോഫി). വനിതാ ഫുട്‌ബോൾ താരം കെ.വി. അതുല്യയ്ക്കാണു മൂന്നാം സ്ഥാനം (ഒരു ലക്ഷം രൂപ, ട്രോഫി).
മികച്ച സ്പോർട്സ് ക്ലബ്ബിനുള്ള പുരസ്‌കാരം (3 ലക്ഷം രൂപ, ട്രോഫി) തിരുവനന്തപുരം തിരുവല്ലം യങ് മെൻസ് അസോസിയേഷൻ നേടി. തൃശൂർ പറപ്പൂർ ഫുട്‌ബോൾ ക്ലബ് രണ്ടാം സ്ഥാനവും (2 ലക്ഷം രൂപ, ട്രോഫി), പാലക്കാട് എടത്തനാട്ടുകര ചാലഞ്ചേഴ്‌സ് സ്പോർട്സ് ക്ലബ് മൂന്നാം സ്ഥാനവും (ഒരു ലക്ഷം രൂപ, ട്രോഫി) സ്വന്തമാക്കി.
സാന്റാ മോണിക്ക സ്റ്റഡി എബ്രോഡ് പ്രൈവറ്റ് ലിമിറ്റഡിന്റെ സഹകരണത്തോടെ മനോരമ ഏർപ്പെടുത്തിയ കായിക പുരസ്‌കാരങ്ങളുടെ നാലാം പതിപ്പാണ് ഇത്തവണ നടന്നത്. മലയാള മനോരമ എഡിറ്റർ ഫിലിപ് മാത്യു, എഡിറ്റോറിയൽ ഡയറക്ടർ മാത്യൂസ് വർഗീസ്, സാന്റാ മോണിക്ക സ്റ്റഡി എബ്രോഡ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ഡെന്നി തോമസ് വട്ടക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.