സിംഗപ്പൂർ പൗരന്മാരും കോവിഡ് -19 നെതിരെ പൂർണ്ണമായി വാക്‌സിനേഷൻ എടുത്ത ദീർഘകാല പാസ് ഹോൾഡർമാർക്കും ലാൻഡ് ചെക്ക്പോസ്റ്റുകളിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുമ്പോൾ ആരോഗ്യ ഫോം പൂരിപ്പിച്ച് നല്‌കേണ്ടതില്ല. വെള്ളിയാഴ്‌ച്ച മുതൽ ഈ നിയമം പ്രാബല്യത്തിലാകും.എന്നാൽ വിമാനം വഴിയോ കടൽ വഴിയോ സിംഗപ്പൂരിൽ എത്തുന്ന എല്ലാ യാത്രക്കാരും SG അറൈവൽ കാർഡ് പൂരിപ്പിച്ച് നല്‌കേണ്ടതാണ്.

വുഡ്ലാൻഡ്സ്, തുവാസ് ചെക്ക്പോസ്റ്റുകളിലെ ട്രാഫിക്ക് കുറയ്ക്കുന്നത് കണക്കിലെടുത്താണ് കര അതിർത്തികളിലെ എസ്ജി അറൈവൽ കാർഡ് ആവശ്യകത ഒഴിവാക്കാനുള്ള നീക്കം പ്രഖ്യാപിച്ചത്.ഈ ഇളവ് യോഗ്യരായ യാത്രക്കാർക്ക്, പ്രത്യേകിച്ച് തൊഴിലിനും പഠനത്തിനുമായി ദിവസവും അതിർത്തി കടക്കുന്നവർക്ക് കൂടുതൽ സൗകര്യം പ്രദാനം ചെയ്യും.

എന്നാൽ യോഗ്യരായ യാത്രക്കാർ കഴിഞ്ഞ ഏഴ് ദിവസങ്ങളിൽ നിയന്ത്രിത വിഭാഗത്തിലെ ഏതെങ്കിലും രാജ്യത്തിലേക്കോ പ്രദേശത്തിലേക്കോ യാത്ര ചെയ്തിരിക്കരുത് എന്നും നിർബന്ധമുണ്ട്.സിംഗപ്പൂരിൽ കോവിഡ്-19-നെതിരെ വാക്സിനേഷൻ എടുത്തവർ അവരുടെ വാക്സിനേഷൻ സ്റ്റാറ്റസ് TraceTogether അല്ലെങ്കിൽ HealthHub ആപ്പുകളിൽ അത് കാണിച്ചിരിക്കണം.

സിംഗപ്പൂരിന് പുറത്ത് വാക്സിനേഷൻ എടുക്കുന്നവർക്ക്, രാജ്യത്ത് ആദ്യമായി പ്രവേശിക്കുമ്പോൾ തന്നെ അവരുടെ വാക്സിനേഷൻ റെക്കോർഡ് ആരോഗ്യ മന്ത്രാലയത്തിന്റെ രജിസ്ട്രിയിൽ രേഖപ്പെടുത്തണം.സിംഗപ്പൂരിൽ എത്തുന്നതിന് മുമ്പ് ഐസിഎയുടെ വാക്‌സിനേഷൻ ചെക്ക് പോർട്ടൽ വഴി അവരുടെ ഡിജിറ്റൽ ഓവർസീസ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിലൂടെ ഇത് ചെയ്യാം.

ഡിജിറ്റൽ ഇതര വിദേശ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ആണെങ്കിലോ അല്ലെങ്കിൽ അവരുടെ ഡിജിറ്റൽ സർട്ടിഫിക്കറ്റ് ഓൺലൈനായി സമർപ്പിക്കാൻ കഴിയുന്നില്ലെങ്കിലോ, എത്തിച്ചേരുമ്പോൾ മാനുവൽ ഇമിഗ്രേഷൻ കൗണ്ടറുകളിൽ ICA ഓഫീസർമാർക്ക് അവരുടെ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം.ലാൻഡ് ചെക്ക്പോസ്റ്റുകളിലൂടെ എത്തുന്ന മറ്റെല്ലാ യാത്രക്കാരും സിംഗപ്പൂരിൽ എത്തി മൂന്ന് ദിവസത്തിനകം SG അറൈവൽ കാർഡ് ഇ-സേവനം വഴി ആരോഗ്യ പ്രഖ്യാപനം സമർപ്പിക്കേണ്ടതുണ്ട്.