കോട്ടയം: കേരള സംസ്ഥാനത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ പല കാര്യങ്ങളിലും റെക്കോർഡ് ഉള്ളയാളാണ് എംപി ഗോവിന്ദൻ നായർ. 25-ാം വയസ്സിൽ അന്ന് സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായി. 34-ാം വയസ്സിൽ പ്രായം കുറഞ്ഞ മന്ത്രിയെന്ന റെക്കോർഡും ഗോവിന്ദൻ നായരുടെ പേരിലെത്തി. നല്ല പൊതുപ്രവർത്തകനും മികച്ച അഭിഭാഷകനും കഴിവുറ്റ ഭരണാധികാരിയുമായിരുന്നു അദ്ദേഹം. 34-ാം വയസ്സിൽ മന്ത്രിയായ ഗോവിന്ദൻ നായർ 84ാം വയസ്സിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായതും അപ്രതീക്ഷിതം.

വിജയപുരം പഞ്ചായത്ത് തിരഞ്ഞെടുപ്പിലാണ് അദ്ദേഹത്തിന്റെ കന്നിയങ്കം. 25ാം വയസ്സിൽ അന്നു സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായി. 3 വർഷം കഴിഞ്ഞു കോട്ടയത്തു നിന്നു നിയമസഭയിലേക്കു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. എന്നാൽ, വിമോചന സമരത്തിനു ശേഷം 1960ൽ കോട്ടയത്തു നിന്നു വിജയിച്ചു. 1962ൽ ആരോഗ്യ മന്ത്രിയായി. അന്നു സംസ്ഥാനത്തെ പ്രായം കുറഞ്ഞ മന്ത്രിയെന്ന റെക്കോർഡ് സ്വന്തമാക്കി (34 വയസ്സ്).

ആരോഗ്യ മന്ത്രിസ്ഥാനം ഒഴിഞ്ഞു കോട്ടയത്തെത്തിയ എംപി.ഗോവിന്ദൻ നായർ നേരെ കുമാരനല്ലൂർ ബാങ്കിൽ പോയി ചിട്ടി ചേർന്നു. മന്ത്രിപദവിയിൽ ഇരുന്നു ഗോവിന്ദൻ നായർ സമ്പാദിച്ചത് 16,000 രൂപയുടെ കടബാധ്യതയായിരുന്നു. അഭിഭാഷകനായി ജോലി ചെയ്താണ് അദ്ദേഹം ഈ കടം വീട്ടിയത്.

യുവനേതാവായ ഗോവിന്ദൻ നായർ മികവുറ്റ ഒരു രാഷഅട്രീയ നേതാവായിരുന്നെങ്കിലും അദ്ദേഹത്തിന്റെ വളർച്ചയ്ക്ക് ഒരുപക്ഷേ, വേഗം കുറച്ചത് രണ്ടു പിളർപ്പുകളാണ്. കോൺഗ്രസ് പിളർന്നു കേരള കോൺഗ്രസ് രൂപീകരിച്ചപ്പോൾ പിളർപ്പ് കോട്ടയം ജില്ലയിലെ കോൺഗ്രസിനെ ബാധിച്ചു. കെ.എം.മാണിയടക്കം ഒട്ടേറെ നേതാക്കൾ കേരള കോൺഗ്രസിലെത്തി. ഗോവിന്ദൻ നായർ അടക്കമുള്ളവർ കോൺഗ്രസിൽ നിന്നു.

കോൺഗ്രസ് പ്രവർത്തനം സജീവമായി വരുമ്പോൾ ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തിൽ വീണ്ടും പിളർപ്പ്. അന്നു മുതിർന്ന കോൺഗ്രസ് നേതാക്കൾക്കൊപ്പം സംഘടനാ കോൺഗ്രസിലാണു ഗോവിന്ദൻ നായർ നിലയുറപ്പിച്ചത്. 1980ൽ ഡിസിസി പ്രസിഡന്റായാണു കോൺഗ്രസിലേക്കു തിരികെ എത്തുന്നത്. ഇക്കാലത്തു മികച്ച സിവിൽ അഭിഭാഷകൻ എന്ന പേരു നേടിയിരുന്നു.

ശതാഭിഷേക വേളയിൽ 84-ാം വയസ്സിലാണു തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അമരക്കാരനാകുന്നത്. മൂന്ന് വർഷത്തിനിടെ ഒട്ടേറെ വേറിട്ട പ്രവർത്തനങ്ങൾ ആരംഭിക്കാനും അദ്ദേഹത്തിനു സാധിച്ചു.