- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യത്യസ്ത അനുഭവങ്ങൾ സമ്മാനിച്ച് ഗാർഫിയുടെ ചലച്ചിത്ര പഠന ക്യാമ്പിന് സമാപനം
കൊല്ലം: അന്തർദ്ദേശീയ സംവിധായകനും ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനുമായ ഷാജി എൻ. കരുൺ ഉദ്ഘാടനം ചെയ്ത ഗാന്ധിഭവൻ റൂറൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ഗാർഫി) പഞ്ചദിന ചലച്ചിത്ര പഠന ക്യാമ്പിന്റെ പത്തനാപുരം ഗാന്ധിഭവനിൽ നടന്ന സമാപന ചടങ്ങ് പിന്നണി ഗായിക പ്രൊഫ. എൻ. ലതിക ഉദ്ഘാടനം ചെയ്തു.
വിവിധ ജില്ലകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട് ക്യാമ്പിൽ അംഗങ്ങളായ 35 പേർക്കും സർട്ടിഫിക്കറ്റുകൾ നടൻ ടി.പി. മാധവൻ സമ്മാനിച്ചു.നാല് ദിവസം കൊല്ലം തങ്കശ്ശേരി ഇൻഫന്റ് ജീസസ് സ്‌കൂളിൽ നടന്ന ക്യാമ്പിൽ ലോകസിനിമയിൽ തുടങ്ങി ഇന്ത്യൻ സിനിമയിലൂടെ കടന്നുവന്ന് മലയാള സിനിമയുടെ ചരിത്രവും സംവിധാനം, തിരക്കഥ, അഭിനയം, ഛായാഗ്രഹണം, എഡിറ്റിങ്, ഡബ്ബിങ്ങ്, പാട്ട് തുടങ്ങിയവയുടെ സംസ്‌കാരവും അവയെ സിനിമയിൽ ഉപയോഗിക്കേണ്ട വിധവുമൊക്കെ ചലച്ചിത്രരംഗത്തെ പ്രമുഖർ ക്ലാസ്സുകളിലൂടെയും പ്രായോഗിക പരിശീലനങ്ങളിലൂടെയും പഠിപ്പിച്ചു.പല ക്യാമ്പുകളിലും പങ്കെടുത്തിട്ടുണ്ടെങ്കിലും ഗാർഫിയുടെ ക്യാമ്പ് വളരെ വ്യത്യസ്തമായ അനുഭവമാണ് നൽകിയതെന്ന് ഓരോ അംഗങ്ങളും പറയുകയുണ്ടായി.ക്ലാസിക് സിനിമകളുടെ പ്രദർശനവും ചർച്ചകളും കൊണ്ട് സമ്പന്നമായിരുന്നു ഓരോ ദിവസവും.
പ്രശസ്ത സംവിധായകരും എഴുത്തുകാരുമായ വിജയകൃഷ്ണൻ, ആർ. ശരത് എന്നിവർ ക്യാമ്പ് ഡയറക്ടർമാരായി മുഴുവൻ സമയവും പഠിതാക്കൾക്കൊപ്പമുണ്ടായിരുന്നു.
കവിയൂർ ശിവപ്രസാദ്, ആർ. ശരത്, വിജയകൃഷ്ണൻ, പ്രൊഫ. അലിയാർ, കലാധരൻ, പ്രേംകുമാർ, രാജീവ് ആലുങ്കൽ, വിധു വിൻസെന്റ്, വിനു എബ്രഹാം, രാഹുൽ റിജി നായർ, യദു വിജയകൃഷ്ണൻ, ടി.ജി. ശ്രീകുമാർ, പല്ലിശ്ശേരി എന്നിവർ സിനിമയുടെ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ എടുത്തു.ക്യാമ്പിലെത്തിയ പ്രശസ്ത അഭിനേത്രി വിജയകുമാരി ഒ. മാധവന്റെ നാടക-സിനിമാ സ്മരണകൾ ശ്വാസമടക്കിപ്പിടിച്ചാണ് ക്യാമ്പംഗങ്ങൾ ആസ്വദിച്ചത്. ഒ. മാധവൻ അഭിനയിച്ച് ഏറ്റവും നല്ല നടനുള്ള അവാർഡുകൾ നേടിയ 'സായാഹ്നം' സിനിമ മുഴുവൻ അവർ ക്യാമ്പ് അംഗങ്ങൾക്കൊപ്പം ആസ്വദിക്കുകയും ചെയ്തു.കവി ഇഞ്ചക്കാട് ബാലചന്ദ്രൻ, കാഥികൻ വസന്തകുമാർ, സാംബശിവൻ, വനിതാ കമ്മീഷൻ അംഗം ഡോ. ഷാഹിദാ കമാൽ, കലാഭവൻ റഹ്‌മാൻ തുടങ്ങിയവർ ക്യാമ്പ് സന്ദർശിച്ചു സംസാരിച്ചു.ക്യാമ്പിനിടെ അംഗങ്ങൾ ചേർന്ന് 'കഥയുടെ കഥ' എന്ന ഹ്രസ്വചിത്രം ചിത്രീകരിക്കുകയും അഭിനയിക്കുകയും ചെയ്തു. സമാപന ദിവസമായ ഇന്നലെ (13.04.2022) ഗാന്ധിഭവനിൽ 'കഥയുടെ കഥ' പ്രദർശിപ്പിച്ചു.
സമാപന സമ്മേളനത്തിൽ ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ അദ്ധ്യക്ഷത വഹിച്ചു. ഗാർഫി ചെയർമാൻ പി.എസ്. അമൽരാജ്, വിൻസന്റ് ഡാനിയൽ, സ്വാഗതസംഘം ഭാരവാഹികളായ പ്രൊഫ. ജി. മോഹൻദാസ്, എസ്. സുവർണ്ണകുമാർ, എസ്. അജയകുമാർ, ജോർജ് എഫ്. സേവ്യർ വലിയവീട്, റാണി നൗഷാദ്, ബെറ്റ്സി, നേതാജി ബി. രാജേന്ദ്രൻ, കെ. സുരേഷ്ബാബു എന്നിവർ സംസാരിച്ചു.