ഇസ്ലാമാബാദ്: അധികാരത്തിൽ നിന്നും പുറത്തായ താൻ അപകടകാരിയെന്ന മുന്നറിയിപ്പുമായി മുൻ പാക് പ്രധാനമന്ത്രിയും തെഹ്രികി ഇൻസാഫ് പാർട്ടി നേതാവുമായ ഇമ്രാൻ ഖാൻ. സർക്കാരിൽ ആയിരുന്നപ്പോൾ താൻ അപകടകാരിയായിരുന്നില്ല. എന്നാൽ ഇനി താൻ അപകടകാരിയാകും എന്നാണ് പാക്കിസ്ഥാനിലെ പെഷവാറിൽ നടന്ന റാലിക്കിടെ ഇമ്രാൻ പറഞ്ഞത്.

അധികാരത്തിൽ നിന്നും തന്നെ പുറത്താക്കിയതിലും അദ്ദേഹം ദുരൂഹത ആരോപിച്ചു. തനിക്കെതിരായ അവിശ്വാസ പ്രമേയം പാസാക്കുന്നതിന് മുൻപ് കോടതികൾ അർദ്ധരാത്രി തുറന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. ജുഡീഷ്യറി സ്വതന്ത്രമായ രീതിയിലല്ല പ്രവർത്തിച്ചത്. ഇറക്കുമതി ചെയ്ത സർക്കാരിനെ അംഗീകരിക്കില്ലെന്നും ഇതിനെതിരെ ജനങ്ങൾ പ്രതിഷേധം ഉയർത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു നേതാവിനെ പുറത്താക്കുമ്പോൾ ജനങ്ങൾ ആഘോഷിക്കുകയാണ് പതിവെന്നും എന്നാൽ തന്നെ പുറത്താക്കിയതിൽ ജനങ്ങൾ പ്രതിഷേധിക്കുകയാണെന്നും ഇമ്രാൻ പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച രാജ്യത്തുടനീളം ഇമ്രാൻ ഖാന് പിന്തുണയറിച്ച് പ്രതിഷേധറാലികൾ നടത്തിയിരുന്നു. പുതിയ സർക്കാരിനെ അധികാരത്തിലേറ്റി അമേരിക്ക പാക്കിസ്ഥാനെ അപമാനിച്ചുവെന്നും ഇമ്രാൻ പ്രതികരിച്ചു.പാക്കിസ്ഥാന്റെ ചരിത്രത്തിൽ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താകുന്ന ആദ്യത്തെ പ്രധാനമന്ത്രിയാണ് ഇമ്രാൻ ഖാൻ. ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് കോടതിയുടെ ഇടപെടലിൽ ഇമ്രാൻ പുറത്തായത്.