- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിഷു കൈനീട്ട വിവാദത്തിൽ സുരേഷ് ഗോപി എംപിയെ വിമർശിക്കുന്നവർ മനോനില തെറ്റിയവർ; നമ്മുടേത് പാശ്ചാത്യസംസ്‌കാരം അല്ലെന്നും എംപി ചെയ്തത് വളരെ നല്ല കാര്യമെന്നും കെ.സുരേന്ദ്രൻ
തിരുവനന്തപുരം: വിഷു കൈനീട്ട വിവാദത്തിൽ സുരേഷ് ഗോപി എംപിയെ വിമർശിക്കുന്നവർ മനോ നില തെറ്റിയവരെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നമ്മുടേത് പാശ്ചാത്യസംസ്‌കാരം അല്ല, കൈനീട്ടം വാങ്ങുമ്പോൾ മുതിർന്ന ആളുകളുടെ കാലിൽ ചിലപ്പോൾ തൊട്ട് കൊച്ചുകുട്ടികൾ വന്ദിക്കുമെന്നും സുരേന്ദ്രൻ വിമർശിച്ചു.
'വിഷു കൈനീട്ടം നൽകാനാണ് സുരേഷ് ഗോപി പോയത്. വളരെ നല്ല കാര്യമാണ് അത്. നമ്മുടെ നാട്ടിലെ കുഞ്ഞുങ്ങൾക്ക് വിഷു കൈനീട്ടം നൽകാൻ സ്വന്തം പോക്കറ്റിൽ നിന്നും കാശെടുത്ത് വിതരണം ചെയ്തു. കൈനീട്ടം വാങ്ങുമ്പോൾ മുതിർന്ന ആളുകളുടെ കാലിൽ ചിലപ്പോൾ കൊച്ചുകുട്ടികൾ വന്ദിക്കും, അത് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമായിട്ടാണ്. അതിനെ തെറ്റായി വ്യാഖ്യാനിക്കുന്നവർ മനോനില തെറ്റിയവരാണ്. നമ്മൾ പാശ്ചാത്യ രാജ്യം ഒന്നും അല്ലല്ലോ.' കെ സുരേന്ദ്രൻ പറഞ്ഞു.
സുരേഷ് ഗോപി ആളുകൾക്ക് വിഷു കൈനീട്ടം നൽകുന്ന വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കാറിലിരിക്കുന്ന സുരേഷ് ഗോപി സ്ത്രീകൾക്ക് കൈ നീട്ടം നൽകുകയും സ്ത്രീകൾ ഇദ്ദേഹത്തിന്റെ കാൽ തൊട്ട് വണങ്ങുന്ന വീഡിയോയുമാണ് പ്രചരിക്കുന്നത്. വീഡിയോക്കെതിരെ രൂക്ഷ വിമർശനങ്ങളും ഉയരുന്നത്. പണം നൽകി കാൽ വണങ്ങിപ്പിക്കുന്നത് സുരേഷ് ഗോപിയുടെ പ്രമാണിത്ത മനോഭാവത്തെയാണ് കാണിക്കുന്നതെന്നും ഒരു എംപിയും നടനുമെന്ന രീതിയിൽ ഒട്ടും അഭികാമ്യമായ പ്രവൃത്തിയല്ല ഇതെന്നുമാണ് ഉയരുന്ന വിമർശനം.
മറുനാടന് മലയാളി ബ്യൂറോ