- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഉദ്യോഗസ്ഥരെ ഡൽഹി മുഖ്യമന്ത്രിയെ കാണാനായി അയച്ചത് പരിശീലനത്തിന്റെ ഭാഗമായി'; റിമോട്ട് കൺട്രോൾ ആരോപണങ്ങൾക്ക് മറുപടിയുമായി പഞ്ചാബ് മുഖ്യമന്ത്രി
ചണ്ഡീഗഢ്: സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥർ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തിയത് വിവാദമായതോടെ പ്രതികരണവുമായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ. തന്റെ നിർദേശപ്രകാരമാണ് ഉദ്യോഗസ്ഥർ കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തിയതെന്ന് ഭഗവന്ത് മൻ പറഞ്ഞു. പ്രതിപക്ഷത്തിന്റെ റിമോട്ട് കൺട്രോൾ ആരോപണങ്ങൾക്ക് മറുപടി പറയവെയാണ് ഭഗവന്ത് മൻ ഇക്കാര്യം വ്യക്തമാക്കിയത്.
'പരിശീലനത്തിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥരെ ഡൽഹി മുഖ്യമന്ത്രിയെ കാണാനായി അയച്ചത്. കൂടുതൽ പരിശീലനം ആവശ്യമാണെങ്കിൽ ഞാൻ എന്റെ ഉദ്യോഗസ്ഥരെ തമിഴ്‌നാട്ടിലേക്കോ ആന്ധ്രയിലേക്കോ ഗുജറാത്തിലേക്കോ വേണമെങ്കിൽ ഇസ്രയേലിലേക്കോ അയക്കും. ആർക്കാണ് അതിൽ എതിർപ്പുണ്ടാവുക?'- മൻ ചോദിച്ചു
ഡൽഹി സർക്കാർ വിദ്യാഭ്യാസം, ഊർജം, ആരോഗ്യം എന്നീ മേഖലകളിൽ കഴിവ് തെളിയിച്ചവരാണ്. അവിടെയല്ലാതെ എവിടെയാണ് ഉദ്യോഗസ്ഥരെ പരിശീലനത്തിന് അയക്കേണ്ടതെന്നും മൻ ചോദിച്ചു. പഞ്ചാബിലെ ഒരു കൂട്ടം ഉന്നത സർക്കാർ ഉദ്യോഗസ്ഥർ മുഖ്യന്ത്രി ഭഗവന്ത് മൻ ഇല്ലാതെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തിയത് സംസ്ഥാനത്ത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. ഭഗവന്ത് മന്നിനെ റിമോട്ട് കൺട്രോൾ ഉപയോഗിച്ച് കെജ്രിവാൾ നിയന്ത്രിക്കുകയാണെന്നായിരുന്നു കോൺഗ്രസിന്റെ ആരോപണം.
പഞ്ചാബ് സ്റ്റേറ്റ് പവർ കോർപ്പറേഷൻ ലിമിറ്റഡിലെ ഉന്നത ഉദ്യോഗസ്ഥരാണ് തിങ്കളാഴ്ച കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തിയത്. പഞ്ചാബ് ചീഫ് സെക്രട്ടറിയും ഊർജ വകുപ്പ് സെക്രട്ടറിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു. കോൺഗ്രസിനും അകാലി ദളിനും പുറമെ മുൻ മുഖ്യമന്ത്രി അമരീന്ദർ സിങും സംഭവത്തിൽ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഭയന്നിരുന്ന കാര്യം സംഭവിച്ചിരിക്കുകയാണെന്നും പ്രതിക്ഷിച്ചതിലും നേരത്തെ തന്നെ കെജ്രിവാൾ പഞ്ചാബ് ഭരണവും ഏറ്റെടുത്തിരിക്കുകയാണെന്നുമായിരുന്നു അമരീന്ദർ സിങിന്റെ ട്വീറ്റ്.




