മത്ര: ചെറിയൊരു ഇടവേളക്ക് ശേഷം പള്ളികൾക്ക് അകത്ത് മാസ്‌ക് കർശനമാക്കി. ഔഖാഫിന്‌റെ നിയന്ത്രണങ്ങളിലുള്ള പള്ളികൾക്ക് മുന്നിലൊക്കെ അത് സംബന്ധിച്ചുള്ള പോസ്റ്ററുകള് സ്ഥാപിക്കുകയും ചെയ്തു. മാസ്‌ക് ധരിക്കാതെ പള്ളിക്കുള്ളിൽ പ്രവേശിക്കുന്നവര് പരിശോധനകളില് പിടിക്കപ്പെട്ടാല് 100 റിയാല് പിഴയൊടുക്കണമെന്നാണ് വിവിധ ഭാഷകളിലുള്ള പോസ്റ്ററുകളില് അറിയിച്ചിട്ടുള്ളത്.

കോവിഡ് നിയന്ത്രണങ്ങള് ലഘൂകരിച്ചതിന്‌റെ ഭാഗമായി പൊതുസ്ഥലങ്ങളില് മാസ്‌ക് ഉപയോഗിക്കുന്നതിന് ഇളവ് അനുവദിച്ചത് മുതല് പലരും മുഖാവരണം പൂര്ണമായി ഒഴിവാക്കിയിരുന്നു. അപ്പോഴും പള്ളി പോലുള്ള അടച്ചിട്ട സ്ഥലങ്ങളില് പ്രവേശിക്കുമ്പോള് മാസ്‌കിന് ഇളവുണ്ടായിരുന്നില്ല.എന്നാല് റമദാനിലെ തറാവീഹ് പോലുള്ള ആളുകള് കൂടതലായി സംഘടിക്കുന്ന സമയങ്ങളില് പോലും മാസ്‌ക് ഉപയോഗം ഇല്ലാതായതോടെയാണ് നിയന്ത്രണം കര്ശനമാക്കിയത്.

മറന്നു പോകുന്നവര്ക്ക് ഉപയോഗിക്കാനായി മാസ്‌ക് ബോക്‌സുകളും പ്രത്യേകം ഒരുക്കി വെച്ചിട്ടുമുണ്ട്. നീണ്ട രണ്ട് വർഷത്തെ ഇടവേളക്ക് ശേഷമാണ് രാജ്യത്ത് തറാവീഹിന് അനുമതി നൽകിയിട്ടുള്ളത്.രണ്ട് ഡോസ് വാക്‌സിനെടുത്തവർക്കും 12 വയസ്സിന് മുകളിലുള്ളവർക്കുമാണ് പ്രാർത്ഥനയിൽ പങ്കെടുക്കാനാവുക. മസ്ജിദുകളടക്കമുള്ള അടച്ചിട്ട സ്ഥലങ്ങളിൽ മാസ്‌ക് ധരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. എന്നാൽ, പ്രാർത്ഥനക്കായി എത്തുന്ന ചിലർ ഇത്തരം നിർദേശങ്ങളൊന്നും പാലിക്കാൻ തയാറായിരുന്നില്ല. ഇതിനെതിരെ ഔഖാഫ് മതകാര്യ മന്ത്രാലയവും റോയൽ ഒമാൻ പൊലീസും കഴിഞ്ഞ ദിവസങ്ങളിൽ മുന്നറിയിപ്പ് നൽകിയിരുന്നു.