- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പള്ളിവേട്ട എഴുന്നള്ളത്തിനെ നിലവിളക്ക് കൊളുത്തി ആദരിച്ച് പള്ളിവികാരി; കുരിശിന്റെ വഴിയെ മെഴുകുതിരി കത്തിച്ച് ആദരിച്ച് അമ്പലക്കമ്മറ്റിക്കാരും: ഇതാണ് യഥാർത്ഥ മതവും മനുഷ്യരും
വെഞ്ഞാറമൂട് : എല്ലാ മതത്തിനും ഒരേ അന്തസ്സത്തയാണെന്ന് പറയുമെങ്കിലും മതത്തിന്റെ പേരിലാണ് നാട്ടിൽ ഏറ്റവും കൂടുതൽ വഴക്കുകൾ നടക്കുന്നത്. എന്നാൽ മതത്തിന്റെ അർത്ഥമെന്തെന്ന് അറിഞ്ഞു ജീവിക്കുന്ന യഥാർത്ഥ മനുഷ്യരും നമുക്കിടയിൽ ഇനിയും ഉണ്ട്. അത്തരത്തിൽ ഒരു നന്മയുടെ കഥയാണ് ഇപ്പോൾ പിരപ്പൻകോട്ടിൽ നിന്നും പുറത്ത് വരുന്നത്. പള്ളിവേട്ട എഴുന്നള്ളത്തിനെ ശ്രീകൃഷ്ണന്റെ ശില്പംവെച്ച് നിലവിളക്ക് കൊളുത്തി പള്ളിവികാരിയും കൂട്ടരും വരവേറ്റപ്പോൾ കുരിശിന്റെ വഴി യാത്രയെ യേശുക്രിസ്തുവിന്റെ ചിത്രം വെച്ച് മെഴുകുതിരി കത്തിച്ചു അമ്പലക്കമ്മിറ്റിക്കാരും വരവേറ്റു.
പിരപ്പൻകോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവവും തൈക്കാട്ടുള്ള മദർ തെരേസ ദേവാലയത്തിലെ കുരിശിന്റെ വഴിയുമാണ് യഥാർത്ഥ ഭക്തരാൽ അനുഗ്രഹിക്കപ്പെട്ടത്. പത്ത് ദിവസത്തെ ഉത്സവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട ചടങ്ങ് വ്യാഴാഴ്ച രാത്രിയായിരുന്നു. പള്ളിവേട്ടയ്ക്കുശേഷം തിരിച്ചെഴുന്നള്ളത്ത് തൈക്കാട്ടുള്ള മദർ തെരേസ ദേവാലയത്തിന്റെ മുന്നിലെ മെയിൻ റോഡിലൂടെയായിരുന്നു. പള്ളിക്കുമുന്നിൽ എഴുന്നള്ളത്തെത്തിയപ്പോൾ വികാരി ഫാ. ജോസ് കിഴക്കേടത്തിന്റെ നേതൃത്വത്തിൽ വരവേറ്റു. ചെറിയൊരു പന്തൽ കെട്ടി ശ്രീകൃഷ്ണശില്പവും നിറപറയും നിലവിളക്കും വച്ചാണ് വരവേറ്റത്. സെന്റ് ജോൺസ് ആശുപത്രി ജീവനക്കാരും വരവേൽക്കാനെത്തി. ക്ഷേത്ര പൂജാരി നിറപറ സ്വീകരിച്ച് കർപ്പൂരം കത്തിച്ച് ആരതിയുഴിഞ്ഞു. നാടിന്റെ ഐക്യവും സ്നേഹവും മതസൗഹാർദ്ദവും ഇവിടെ സംഗമിക്കുകയാണെന്നും ഈശ്വരാനുഗ്രഹം പരസ്പരം പങ്കിടുകയാണെന്നും ഫാ. ജോസ് കിഴക്കേടത്ത് പറഞ്ഞു.
ദുഃഖവെള്ളിയാഴ്ച ദിവസം രാവിലെ കുരിശിന്റെ വഴി യാത്ര ദേവാലയത്തിൽ നിന്നുതുടങ്ങി ക്ഷേത്രത്തിന് മുന്നിൽ എത്തിയപ്പോൾ അമ്പലക്കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. മേശപ്പുറത്ത് യേശുക്രിസ്തുവിന്റെ ചിത്രവും ശ്രീകൃഷ്ണശില്പവും വെച്ച്, നിലവിളക്കും മെഴുകുതിരിയും കത്തിച്ചാണ് വരവേറ്റത്. വിഷുദിനംകൂടി ആയതിനാൽ ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്ക് ഉണ്ടായിരുന്നു. ക്ഷേത്രത്തിലെത്തിയ ഭക്തരെല്ലാം സ്വീകരിക്കാൻ ഒപ്പംകൂടി. മതസൗഹാർദ്ദത്തിന്റെ ഈ നല്ല മാതൃക വരുംകൊല്ലങ്ങളിലും തുടരുമെന്ന് ക്ഷേത്ര കമ്മിറ്റി സെക്രട്ടറി ആർ.എസ്.സുനിൽ പറഞ്ഞു.