ക്കിന് വെച്ചതുകൊക്കിന് കൊള്ളുന്ന അവസ്ഥയാന് യു കെയിലേക്ക് യാത്രചെയ്യാൻ ഉദ്ദേശിക്കുന്ന ഇന്ത്യാക്കാർക്ക് ഉണ്ടായിരിക്കുന്നത്. യൂറോപ്യൻ യൂണിയനിൽ നിന്നും ബ്രിട്ടൻ വിട്ടുമാറിയ നടപടി ഇനിയും ദഹിക്കാത്ത യൂറോപ്യൻ യൂണിയൻ, ബ്രിട്ടീഷുകാർക്ക് പണികൊടുക്കുവാനാണ് യാത്രാ നിയമത്തിൽ ചെറിയൊരു മാറ്റം വരുത്തിയത്. യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ വഴിയുള്ള ട്രാൻസിറ്റ് ഫ്ളൈറ്റുകളിൽ യു കെയിലേക്ക് പറക്കുന്നവർക്ക് ഷെൻഗൻ ട്രാൻസിറ്റ് വിസ നിർബന്ധിതമാക്കി എന്നതാണ് ആ മാറ്റം.

എന്നാൽ, ഇപ്പോൾ അത് ഏറ്റവും വലിയ പാരയായിരിക്കുന്നത് ബ്രിട്ടനിലേക്ക് യാത്രതിരിക്കാൻ ഉദ്ദേശിക്കുന്ന ഇന്ത്യാക്കാർക്കാണ്. യൂറോപ്യൻ യൂണിയൻ ആസ്ഥാനമാക്കിയുള്ള വിമാന സർവ്വീസുകളായ ലുഫ്താൻസ്, എയർ ഫ്രാൻസ്, കെ എൽ എം എന്നിവയിലേതിലേങ്കിലുമാണ് നിങ്ങൾ ടിക്കറ്റ് എടുത്തിട്ടുള്ളതെങ്കിൽ, ഷെൻഗൻ ട്രാൻസിറ്റ് വിസ കൂടി നിങ്ങൾ എടുക്കേണ്ടതുണ്ട്. യഥാക്രമം ഫ്രാങ്ക്ഫർട്ട്/ മ്യുണിച്ച്, പാരിസ്, ആംസ്റ്റർഡാം എന്നീ ഹബ്ബുകൾ വഴിയുള്ള ട്രാൻസിറ്റ് ഫ്ളൈറ്റുകളാണ് ഈ വിമാനക്കമ്പനികള്ക്കുള്ളത്. ട്രാൻസിറ്റ് വിസ ഇല്ലെങ്കിൽ ഇന്ത്യയിൽ നിന്നും നിങ്ങൾക്ക് ഈ വിമാനങ്ങളിൽ കയറാൻ ആകില്ല.

അതേസമയം, സ്വിറ്റ്സർലാൻഡ് ഇത്തരത്തിലൊരു നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല. അതുകൊണ്ടു തന്നെ വൺ-സ്റ്റോപ് ഫ്ളൈറ്റുകളിൽ ബ്രിട്ടനിലേക്ക് പോകുന്നവർക്ക് ഇപ്പോൾ ട്രാൻസിറ്റ് വിസയില്ലാതെ ഗൾഫ് രാജ്യങ്ങൾ വഴിയോ അല്ലെങ്കിൽ സ്വിറ്റ്സർലാൻഡ് വഴിയോ യാത്രയാകാം. അതല്ലെങ്കിൽ, എയർ ഇന്ത്യ, വിസ്താര, ബ്രിട്ടീഷ് എയർവേയ്സ്, വിർജിൻ അറ്റ്ലാന്റിക് തുടങ്ങിയ കമ്പനികളുടെ നോൺ സ്റ്റോപ്പ് സർവ്വീസുകളെ ആശ്രയിക്കണം.

2021 ജനുവരി 1 -ന് ആയിരുന്നു ഈ മാറ്റം നിലവിൽ വന്നതെന്ന് എയർലൈൻസ് ഉദ്യോഗസ്ഥർ പറയുന്നു. ആ സമയത്ത് അന്താരാഷ്ട്ര യാത്രകൾക്ക് ഇന്ത്യയിൽ കടുത്ത നിയന്ത്രണങ്ങൾ നിലനിൽക്കുകയായിരുന്നു. അന്നത്തെ ബബിൾ സിസ്റ്റത്തിൽ യാത്രകൾ കൂടുതലും അനുവദനീയമായിരുന്നത് വൺ സ്റ്റോപ് സർവ്വീസുകളിലായിരുന്നു. അതേ സമയം ചില രാജ്യങ്ങൾ വഴിയുള്ള ട്രാൻസിറ്റ് ഫ്ളൈറ്റുകൾക്കും അന്ന് അനുവാദമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ അന്ന് ഇന്ത്യയിൽ നിന്നും ബ്രിട്ടനിലേക്കുള്ള യാത്ര അധികവും നേരിട്ടുള്ള വിമാന സർവ്വീസുകളിലോ അല്ലെങ്കിൽ ഗൾഗ് രാജ്യങ്ങൾ വഴിയുള്ള സർവ്വീസുകളിലോ ആയിരുന്നു. അതിനാൽ പ്രായോഗിക തലത്തിൽ ഈ മാറ്റം അന്ന് അനുഭവവേധ്യമായില്ല.

എന്നാൽ, ഇപ്പോൾ യാത്ര നിയന്ത്രണങ്ങൾ നീക്കിയതോടെ യാത്രക്കാരുടെ എണ്ണം വർദ്ധിക്കുകയും പലരും ലുഫ്താൻസ്, എയർ ഫ്രാൻസ്, കെ എൽ എം തുടങ്ങിയ സർവ്വീസുകളിൽ ടിക്കറ്റ് ബുക്ക് ചെയ്യുകയും ചെയ്തിരുന്നു. ഇത്തരത്തിൽ ബുക്ക് ചെയ്ത, ട്രാൻസിറ്റ് വിസ ഇല്ലാത്തവരാണ് കുടുങ്ങിയത്. ടിക്കറ്റെടുക്കുന്ന സമയത്ത് യാത്രാ നിയമങ്ങൾ യാത്രക്കാരൻ അറിഞ്ഞിരിക്കണം എന്നതാണ് നിയമം. അതുകൊണ്ടു തന്നെ യാത്ര ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും ടിക്കറ്റ് തുക മടക്കി ലഭിക്കണമെന്നില്ല.