കൊച്ചി: ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിങ്ങ് അവാർഡ് ഫൈനലിസ്റ്റ് പട്ടിക പ്രസിദ്ധീകരിച്ചു. 184-ലധികം രാജ്യങ്ങളിൽ നിന്ന് അപേക്ഷിച്ച 24,000-ലധികം നഴ്‌സുമാരിൽ നിന്നാണ് 10 ഫൈനലിസ്റ്റുകളെ തിരഞ്ഞെടുത്തത്.

ഇന്ത്യയിൽ നിന്നും ലിൻസി പടിക്കാല ജോസഫ്, മഞ്ജു ദണ്ഡപാണി എന്നിവർക്ക് പുറമേ കെനിയയിൽ നിന്നുള്ള അന്ന ഖബാലെ ദുബ, ദിദ ജിർമ ബുല്ലെ, യുകെയിൽ നിന്നുള്ള ഫ്രാൻസിസ് മൈക്കൽ ഫെർണാണ്ടോ, യുഎഇയിൽ നിന്നുള്ള ജാസ്മിൻ മുഹമ്മദ് ഷറഫ്, യുകെയിൽ നിന്നുള്ള ജൂലിയ ഡൊറോത്തി ഡൗണിങ്, ഓസ്ട്രേലിയയിൽ നിന്നുള്ള മാത്യു ജെയിംസ് ബോൾ, യുഎസിൽ നിന്നുള്ള റേച്ചൽ എബ്രഹാം ജോസഫ്, അഫ്ഗാനിസ്ഥാനിൽ നിന്നുള്ള വൈസ് മുഹമ്മദ് ഖറാനി എന്നിവരാണ് ഫൈനലിസ്റ്റ് പട്ടികയിൽ ഇടം നേടിയിട്ടുള്ളവർ.

അവാർഡിന്റെ സ്‌ക്രീനിങ് ജൂറിയുടെയും, ഗ്രാൻഡ് ജൂറിയുടെയും സഹായത്തോടെ ഏണസ്റ്റ് ആൻഡ് യംഗ് സ്വതന്ത്രമായി നടത്തിയ കർശനമായ അവലോകന പ്രക്രിയയിലൂടെയാണ് ഫൈനലിസ്റ്റുകളെ കണ്ടെത്തിയിരിക്കുന്നത്. ആദ്യം എല്ലാ അപേക്ഷകളും വിലയിരുത്തിയതിനുശേഷം അതിൽ നിന്നും 181 പേരുടെ ഒരു ചുരുക്ക പട്ടികയുണ്ടാക്കുകയും, തുടർന്ന് സൂക്ഷ്മമായ വിലയിരുത്തലുകൾക്ക് ശേഷം 41 മികച്ച അപേക്ഷകരെ കണ്ടെത്തുകയുമായിരുന്നു. ഈ 41 അപേക്ഷകളിൽ ഗ്രാൻഡ് ജൂറി നടത്തിയ അവലോകനത്തിന് ശേഷമാണ് മികച്ച 10 ഫൈനലിസ്റ്റുകളെ പ്രഖ്യാപിക്കുന്നത്. നേതൃത്വം, ഗവേഷണം/നവീകരണം, രോഗീപരിചരണം, സാമൂഹിക സേവനം എന്നീ നാല് രംഗങ്ങളിൽ നടത്തിയ സംഭാവനകൾ വിശദീകരിച്ചുകൊണ്ട് എല്ലാ നഴ്സുമാരോടും അപേക്ഷ സമർപ്പിക്കാൻ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രക്രിയയ്ക്ക് തുടക്കമായത്.

ആസ്റ്റർ സ്ഥാപനങ്ങളുടെ പ്രധാന സ്തംഭമായി നിലകൊള്ളുന്നത് 7000-ത്തിലധികം വരുന്ന നഴ്‌സുമാരാണെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ സ്ഥാപക ചെയർമാനും മാനേജിങ്ങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. മഹാമാരിയുടെ കാലത്ത്, സ്വന്തം സുരക്ഷയും ജീവിതവും പരിഗണിക്കാതെ, അർപ്പണബോധത്തോടും ത്യാഗത്തോടും കൂടി ഈ നഴ്സുമാർ നടത്തിയ നിർണായക സേവനങ്ങൾ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടു. ശ്രേഷ്ഠമായ ഈ തൊഴിലെടുക്കുന്നവരെ അംഗീകരിക്കുന്നതിനായി നഴ്‌സുമാർക്ക് ആഗോളതലത്തിൽ ഒരു അവാർഡ് ഏർപ്പെടുത്തുന്നത് ഉചിതമാണെന്ന് മനസ്സിലാക്കിയാണ് ഇത്തരമൊരു അവാർഡ് ഏർപ്പെടുത്താൻ തീരുമാനിച്ചതെന്നും ഡോ. ആസാദ് മൂപ്പൻ വ്യക്തമാക്കി.

ഫൈനലിസ്റ്റുകളിൽ നിന്ന് ഒന്നാം സ്ഥാനത്തെത്തുന്ന വിജയിക്ക് 250,000 യുഎസ് ഡോളറിന്റെ ഗ്രാൻഡ് പ്രൈസ് സമ്മാനമായി ലഭിക്കും. മറ്റ് ഒമ്പത് ഫൈനലിസ്റ്റുകൾക്ക് പ്രൈസ് മണി ഉൾപ്പെടുന്ന അവാർഡും ലഭിക്കും. അവസാന റൗണ്ടിൽ ഫൈനലിസ്റ്റുകളായ ഓരോ നഴ്‌സുമാർക്കും വേണ്ടി പൊതുവോട്ടിങ്ങും, ഗ്രാൻഡ് ജൂറി അംഗങ്ങളുമായുള്ള നേരിട്ടുള്ള അഭിമുഖവും ഏപ്രിൽ 26 മുതൽ ആരംഭിക്കും. ഹോവാർഡ് കാറ്റൺ - ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, ഇന്റർനാഷണൽ കൗൺസിൽ ഓഫ് നഴ്സസ്, സ്വിറ്റ്സർലൻഡ്, പ്രൊഫ. ഷീല ത്ലോ - കോ-ചെയർപേഴ്സൺ, ഗ്ലോബൽ എച്ച്ഐവി പ്രിവൻഷൻ കോയലിഷൻ, മുൻ ആരോഗ്യമന്ത്രി, പാർലമെന്റ് അംഗം - ഗവ. ഓഫ് ബോട്സ്വാന, പ്രൊഫ. ജെയിംസ് ബുക്കൻ - അഡ്ജങ്ക്റ്റ് പ്രൊഫസർ, ലോകാരോഗ്യ സംഘടനയുടെ നഴ്‌സിങ്ങിനുള്ള സഹകരണ കേന്ദ്രം, മുരളി തുമ്മാരുകുടി, ആക്ടിങ് ഹെഡ്, ഡിസാസ്റ്റേഴ്സ് ആൻഡ് കോൺഫ്ലിക്ട്സ് ഗ്ലോബൽ സപ്പോർട്ട് ബ്രാഞ്ച്, യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റ് പ്രോഗ്രാം, സ്വിറ്റ്സർലൻഡ്, ഡോ. കരോലിൻ ഗോമസ്, ജമൈക്കയിലെ കരീബിയൻ വൾനറബിൾ കമ്മ്യൂണിറ്റീസ് കോളിഷൻ (സിവിസി) എക്‌സിക്യൂട്ടീവ് ഡയറക്ടർ എന്നിവരാണ് അവാർഡ് നിർണയിക്കുന്ന ഗ്രാൻഡ് ജൂറി അംഗങ്ങൾ. മികച്ച 10 ഫൈനലിസ്റ്റുകളെക്കുറിച്ച് കൂടുതലറിയാൻ, ദയവായി സന്ദർശിക്കുക: https://www.asterguardians.com/