- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'പ്രേതബാധയ്ക്കും വാസ്തു ദോഷത്തിനും പരിഹാരം ഗോമൂത്രം; ഗംഗയുടെ അതേ ഗുണമുള്ളത്'; വിചിത്രമായ വാദങ്ങളുമായി യുപി മന്ത്രി ധരംപാൽ സിങ്
ലഖ്നൗ: പ്രേതബാധയ്ക്കും വാസ്തു ദോഷത്തിനും മറ്റു പ്രശ്നങ്ങൾക്കും ലളിതമായ പരിഹാര മാർഗം നിർദേശിച്ച് ഉത്തർപ്രദേശിലെ ബിജെപി മന്ത്രി. പ്രശ്നപരിഹാരത്തിനായി ഗോമൂത്രം തളിച്ചാൽ മതിയെന്നാണ് ഉത്തർപ്രദേശിലെ ക്ഷീര വികസന മന്ത്രിയായ ധരംപാൽ സിങ് പറയുന്നത്.
പ്രേതബാധയേറ്റയാളുടെ ദേഹത്ത് അൽപം ഗോമൂത്രം തളിക്കുകയാണെങ്കിൽ അയാളെ ബാധിച്ചിരിക്കുന്ന പ്രേതം / ആത്മാവ് നിമിഷ നേരം കൊണ്ട് ശരീരമുപേക്ഷിച്ച് പോവുമെന്നാണ് ധരംപാൽ സിംഗിന്റെ കണ്ടുപിടുത്തം. പശുവിനെ വളർത്തുന്നതിന്റെ ഗുണങ്ങളും പശു എന്നത് സകല ദൈവങ്ങളുടെ വാസസ്ഥലമാണെന്നും ഇയാൾ പറയുന്നു.
കൂടാതെ വാസ്തു സംബന്ധമായ എല്ലാ ദോഷങ്ങൾക്കും വീട്ടിനുള്ളിൽ ഗോമൂത്രം തളിച്ചാൽ മതിയെന്നും ഇയാൾ പറയുന്നു. മീററ്റിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയായിരുന്നു ഇയാൾ ഗോമൂത്രത്തിന്റെ മാന്ത്രികശക്തിയെ കുറിച്ച് വാചാലനായത്.
'ലക്ഷ്മി ദേവി (ഹിന്ദു പുരാണത്തിൽ സമ്പത്തിന്റെ ദേവി) ചാണകത്തിൽ വസിക്കുന്നുണ്ട്. ഗോമൂത്രത്തിന് ഗംഗയുടെ അതേ ഗുണമാണുള്ളത്.
പ്രേതബാധയേറ്റയാളുടെ ദേഹത്ത് ഗോമൂത്രം തളിച്ചാൽ പ്രേതം അയാളെ വിട്ടുപോവും. അതുപോലെ തന്നെ വീടിന് വാസ്തുദോഷമുണ്ടെങ്കിൽ വീടിന്റെ വിവിധ ഭാഗങ്ങളിൽ ഗോമൂത്രം തളിച്ചാൽ മതി, ആ ദോഷങ്ങളും മാറിക്കിട്ടും,' ധരംപാൽ സിങ് പറയുന്നു.
ചാണകം വാങ്ങാനും അത് പാചകവാതകമാക്കി മാറ്റുന്ന കമ്പനികൾ സ്ഥാപിക്കാൻ സർക്കാർ പുതിയ പദ്ധതി വിഭാവനം ചെയ്യുന്നുണ്ടെന്നും ധരംപാൽ സിങ് പറഞ്ഞു.
'ചാണകവും ഗോമൂത്രവും ജനങ്ങൾക്ക് വിൽക്കാൻ സാധിക്കും എന്നുറപ്പാക്കലാണ് ഞങ്ങളുടെ ലക്ഷ്യം. അതിനായി പദ്ധതികൾ ആസൂത്രണം ചെയ്തുവരികയാണ്,' ധരംപാൽ സിങ് കൂട്ടിച്ചേർത്തു.
തെരുവുകളിൽ അലഞ്ഞുതിരിയുന്ന പശുക്കളെ ബിജെപി പ്രവർത്തകർ മുൻകൈയെടുത്ത് പരിപാലിക്കണമെന്നും ധരംപാൽ സിങ് നേരത്തെ പറഞ്ഞിരുന്നു.
കോവിഡ് വ്യാപനത്തിന്റെ സമയത്ത് സ്വയം രക്ഷിക്കാനും കോവിഡ് വരാതെ സൂക്ഷിക്കാനും ദിവസവും ഗോമൂത്രം കുടിച്ചാൽ മാത്രം മതിയെന്ന് മുൻ ബിജെപി എംഎൽഎ സുരേന്ദ്ര സിംഗും പറഞ്ഞിരുന്നു.