തിരുവനന്തപുരം: 95-ാം വയസ്സിൽ അന്തരിച്ച പ്രശസ്ത കർണാടക സംഗീതജ്ഞൻ കടയ്ക്കാവൂർ രത്നാകരൻ ഭാഗവതർക്ക് കേരളത്തിന്റെ അന്ത്യാഞ്ജലി. 2001ൽ കേരള സംഗീത നാടക അക്കാദമി അവാർഡ് നേടിയ അദ്ദേഹം ഒട്ടേറെ പുരസ്‌ക്കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിനു സമീപം 'ശിവഭവനിൽ' ഇന്നലെ രാവിലെയായിരുന്നു അന്ത്യം. സംസ്‌ക്കാരം നടത്തി.

കടയ്ക്കാവൂർ നിലയ്ക്കാമുക്കിൽ കിഴക്കേവിള വീട്ടിൽ പ്രശസ്ത സംഗീതജ്ഞൻ പരേതനായ ശിവരാമൻ ഭാഗവതരുടെയും പരേതയായ ലക്ഷ്മി അമ്മയുടെയും മകനാണ്. സഹോദരൻ മാധവൻകുട്ടി ഭാഗവതരിൽ നിന്നാണ് സംഗീതം അഭ്യസിച്ചത്. 13-ാം വയസ്സിൽ ശിവഗിരി മഠത്തിൽ കച്ചേരി നടത്തിയപ്പോൾ മഠാധിപതി സ്വർണപ്പതക്കം സമ്മാനിച്ചു. പിന്നീടു പൊതുവേദികളിൽ സജീവമായി.

സ്വാതി തിരുനാൾ സംഗീതസഭയുടെ ഗായകരത്നം പുരസ്‌കാരം ഉൾപ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. ആകാശവാണി തിരുവനന്തപുരം നിലയത്തിലെ സംഗീത വിഭാഗം കലാകാരനായിരുന്നു. ആകാശവാണിയിൽ ലളിത സംഗീത പാഠം തുടങ്ങിയത് രത്നാകരൻ ഭാഗവതരാണ്. അവിടെ നിന്ന് 'എ ടോപ് സംഗീതജ്ഞൻ' പദവി ലഭിച്ചു.

ആയിരത്തിലേറെ ലളിത ഗാനങ്ങൾക്ക് ഈണം നൽകി. കോവിഡ് തുടങ്ങുന്നതിന് മുൻപു വരെ ശിഷ്യർക്കൊപ്പം പാടിയിരുന്നു. സ്വന്തം പേരിൽ സംഗീതസഭ തുടങ്ങുകയും സംഗീതരത്നാകരം പുരസ്‌കാരം ഏർപ്പെടുത്തുകയും ചെയ്തു. ഭാര്യ: പരേതയായ കെ.സുഭദ്രാമ്മ. മകൻ: ആർ.ബാലസുബ്രഹ്മണ്യൻ (റിട്ട. ജൂനിയർ സൂപ്രണ്ട്, തിരുവിതാംകൂർ ദേവസ്വം ബോർഡ്). മരുമകൾ: ടി.എസ്.ഗീത.