തിരുവനന്തപുരം: കേരളത്തിലെത്തി കാണാതായ ജർമൻ യുവതി ലിസ വെയ്‌സിനെക്കുറിച്ചുള്ള അന്വേഷണം പൊലീസ് വീണ്ടും ഊർജിതമാക്കി. ഇതിന്റെ ഭാഗമായി, ലിസ വെയ്‌സിന് ഒപ്പമുണ്ടായിരുന്ന യുകെ പൗരൻ മുഹമ്മദ് അലിയെ ചോദ്യം ചെയ്യാനായി കേരള പൊലീസ് ഇന്റർപോളിന് ചോദ്യാവലി കൈമാറി. ഇന്റർപോളിൽ നിന്നു വിവരം ലഭിച്ചതിനു ശേഷം വിദേശത്തേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനം. വിദേശത്തു പോകാനായി സർക്കാർ അനുമതി തേടി .

കോവിഡ് കാലത്ത് നിലച്ചു പോയ അന്വേഷണമാണ് വീണ്ടും തുടങ്ങിയത്. 2019 മാർച്ച് 7നാണ് മുഹമ്മദ് അലിക്കൊപ്പം ലിസ തിരുവനന്തപുരത്തെത്തിയത്. അതിനുശേഷം കാണാതായി. പിന്നെ ഒരു സൂചനയും ഇതുവരെയില്ല. മുഹമ്മദ് അലി മാർച്ച് 15ന് കൊച്ചിയിൽ നിന്നു ദുബായ് വഴി ലണ്ടനിലേക്കു പോയി. കോവിഡ് വ്യാപിച്ചതോടെ കേസന്വേഷണം നിലച്ചു. വിദേശത്തുപോയി അന്വേഷിക്കാനും തടസ്സങ്ങളുണ്ടായി. ലിസയുടെ കുടുംബവും അതിനുശേഷം പൊലീസിനെയോ കോൺസുലേറ്റിനെയോ ബന്ധപ്പെട്ടിട്ടില്ലെന്നാണു വിവരം. 2019 മാർച്ച് 10നാണ് ലിസ അവസാനമായി ബന്ധുക്കളെ വിളിച്ചത്.