- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുക്രെയിനിലെക്ക് ആയുധം കൈമാറുന്ന നാറ്റോ കേന്ദ്രത്തെ ആക്രമിക്കാൻ ഒരുങ്ങി റഷ്യ; സഖ്യകക്ഷികൾ വിചാരിച്ചാലും തടയാനാകാതെ മൂന്നാം ലോകയുദ്ധം; വിജയത്തിൽ നേരിയ സംശയം പോലും പുടിനില്ലെന്ന് ആസ്ട്രിയൻ പ്രസിഡണ്ട്
യുക്രെയിനിലേക്കുള്ള ആയുധ വരവ് തടയുന്നതിനായി നാറ്റോയുടെ ഒരു കേന്ദ്രത്തിൽ ആക്രമണം നടത്തുന്ന കാര്യം പുടിൻ ആലോചിച്ചു വരികയാണെന്ന് ബ്രിട്ടീഷ് സുരക്ഷാ മേധാവിയെ ഉദ്ധരിച്ചുകൊണ്ട് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുക്രെയിനിലേക്കുള്ള ആയുധങ്ങളുടെ ഒഴുക്കിനെ ഏതുവിധേനയും തടയാൻ പുടിൻ കിണഞ്ഞു പരിശ്രമിക്കുകയാണെന്നും ബ്രിട്ടീഷ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ലോർഡ് റിക്കെറ്റ്സ് പറയുന്നു. നാറ്റോയിൽ നിന്നും യുക്രെയിനിലെക്ക് പറക്കുന്ന വിമാനങ്ങളെ ആക്രമിക്കാനും ഇടയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാത്രമല്ല, റഷ്യയും യുക്രെയിനുമായുള്ള സംഘർഷം ഒരു വൻ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നും അദ്ദേഹം ആശങ്കപ്പെടുന്നു. യുക്രെയിന്റെ വലിയൊരുഭാഗം റഷ്യ ആക്രമിച്ചു കീഴ്പ്പെടുത്തും. അത് യുക്രെയിന് സമ്മതിക്കാവുന്ന ഒന്നല്ല. അതുകൊണ്ടു തന്നെ ഈ സംഘർഷം വർഷങ്ങളോളം നീണ്ടേക്കാം. ഒരുപക്ഷെ പ്രത്യക്ഷ യുദ്ധം അവസാനിച്ചാലും ഒളിപ്പോർ മുറകളിലൂടെ യൂറോപ്പിന്റെ ഹൃദയത്തിലേറ്റ ഉണങ്ങാത്ത ഒരു മുറിവായി ഇത് നീറിനീറി നിൽക്കും എന്നാണ് അദ്ദേഹം പറയുന്നത്.
ലോകത്ത് കൂടുതൽ കൂടുതൽ ഒറ്റപ്പെടുന്ന സാഹചര്യത്തിൽ ആണവായുധം ഉപയോഗിച്ചേക്കും എന്ന ഭീതി നിലനിർത്താൻ പുടിൻ ശ്രമിക്കും. എന്നാൽ, പുടിന്റെ ഏറ്റവും വലിയ ഉന്നം, യുക്രെയിനിലേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക് തടയുക എന്നതാണ്. ഒരു പക്ഷെ ആയുധങ്ങൾ എത്തിക്കുന്ന വാഹനവ്യുഹങ്ങളേയും വിമാനങ്ങളെയും ലക്ഷ്യം വച്ചായിരിക്കും ഇനിയുള്ള റഷ്യൻ ആക്രമണം. ചിലപ്പോൾ ഏറ്റവും അപകടകരമാം വിധം, ഏതെങ്കിലും നാറ്റോ കേന്ദ്രത്തിനു നേരെ മിസൈൽ ആക്രമണം ഉണ്ടായിക്കൂടെന്നുമില്ല എന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
അത്തരത്തിൽ ഒരു ആക്രമണമുണ്ടായാൽ ധാർമ്മികമായും നിയമപരമായും നാറ്റോ സഖ്യകൾക്ക് പ്രത്യക്ഷ യുദ്ധത്തിനിറങ്ങേണ്ടതായി വരും. അത് കലാശിക്കുക സർവ്വനാശകാരിയായ മൂന്നാം ലോക മഹായുദ്ധത്തിലായിരിക്കും എന്നതിൽ സംശയമൊന്നുമില്ല. ഇന്ത്യയും ചൈനയും അവിടെയും നിഷ്പക്ഷത പാലിച്ചാൽ റഷ്യയെ കീഴടക്കുക എന്നത് നാറ്റോ സഖ്യത്തിന് അത്ര ബുദ്ധിമുട്ടുള്ള ഒരു കാര്യമാകില്ല. എന്നാൽ, ഈ രാജ്യങ്ങൾ റഷ്യയ്ക്കൊപ്പം പ്രത്യക്ഷയുദ്ധത്തിനിറങ്ങിയാൽ ഒരുപക്ഷെ ചിത്രം മാറിയേക്കും.
അതേസമയം ഡോൺബാസ്സ് മേഖലയിൽ നിന്നും റഷ്യൻ സൈന്യത്തെ തുരത്തുംവരെ വിശ്രമമില്ലെന്ന് സെലെൻസ്‌കി പ്രഖ്യാപിച്ചു. അത് വളരെ പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ്. കീവിൽ നിന്നും ചെർണഹീവിൽ നിന്നും റഷ്യൻ സൈന്യത്തെ തുരത്തിയതുപോലെ ഡോൺബാസ്സിൽ നിന്നും തുരത്തണം, അദ്ദെഹം തുടർന്നു പറഞ്ഞു. യുദ്ധം നീണ്ടു പോവുകയാണെങ്കിൽ പുടിൻ ആണവായുധങ്ങൾ പ്രയോഗിക്കുമെന്ന മുന്നറിയ്‌പ്പ് ആവർത്തിക്കാനും സെലെൻസ്‌കി മറന്നില്ല.
അതിനിടയിൽ, താൻ യുക്രെയിനിലെ യുദ്ധം വിജയിച്ചുകൊണ്ടിരിക്കുകയാണെന്നാണ് പുടിൻ വിചാരിക്കുന്നതെന്ന് ആസ്ട്രിയൻ പ്രസിഡന്റ് കാൾ നെഹാമ്മർ പറഞ്ഞു. ഈസ്റ്റർ ഞായറാഴ്‌ച്ച ഖാർകീവ് നഗരത്തിനു മേൽ റഷ്യ മിസൈൽ വർഷം നടത്തിയതിനു തൊട്ടുപിന്നാലെയാണ് ഈ പ്രസ്താവന പുറത്തുവന്നത്. മനുഷ്യവാസ കേന്ദ്രങ്ങളിലാണ് ആക്രമണമുണ്ടായിരിക്കുന്നതെന്ന് യുക്രെയിൻ ആരോപിച്ചു.
അതേസമയം,യുക്രെയിന് കൂടുതൽ ആയുധങ്ങൾനൽകുന്നത് നിർത്തണമെന്ന് റഷ്യ അമേരിക്കയോട് ആവശ്യപ്പെട്ടു. പാശ്ചാത്യ രാജ്യങ്ങളിൽ നിന്നും ആയുധങ്ങളുമായി വന്നിരുന്ന ഒരു യുക്രെയിൻ ചരക്ക് വിമാനം ഒഡേസ മേഖലയിൽ വെടിവെച്ചിട്ടതായും റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ