മിൽവാക്കി: രണ്ടു ഭവനഭേദനം, ലൈംഗികപീഡനം തുടങ്ങിയ കേസുകളിൽ പ്രതിയായ ഡാറിൽ ഡ്വയ്ൻ ഹോളൊവെക്ക് കോടതി വിധിച്ചത് 120 വർഷത്തെ തടവ് ശിക്ഷ.

1993-ൽ നടന്ന സംഭവത്തിൽ ശിക്ഷ വിധിക്കുമ്പോൾ ഹൊളോവെയുടെ വയസ് 48. ഇരുപത്തിനാല് വർഷം തടവിൽ കഴിഞ്ഞ പ്രതി നിരപരാധിയെന്ന് വിദഗ്ധ പരിശോധനകളിൽ കണ്ടെത്തി വിട്ടയ്ക്കാൻ കോടതി വിധിച്ചത് 2022 ഏപ്രിൽ 14-നാണ്.

വിസ്‌കോൺസിൻ ക്ലെയിംസ് ബോർഡ് ഏപ്രിൽ 15-ന് വിസ്‌കോൺസിൻ നിയമസഭയോട് ഹൊളോവെയ്ക്ക് ഒരു മില്യൻ നഷ്ടപരിഹാരം നൽകണമെന്ന നിർദ്ദേശം നല്കി. ബോർഡ് അംഗങ്ങൾ ഐക്യകണ്ഠ്യേനയായിരുന്നു തീരുമാനത്തിൽ എത്തിച്ചേർന്നത്. ഇത്രയും തുക നൽകണമെങ്കിൽ നിയമസഭ പ്രത്യേകം യോഗം ചേർന്ന് ബിൽ പാസാക്കണം.

വിസ്‌കോൺസിൻ നിയമമനുസരിച്ച് നഷ്ടപരിഹാരമായി ഈ കേസിൽ നൽകാവുന്നത് 25,000 ഡോളറാണ്. ഇതുകൂടാതെ അറ്റോർണി ഫീസായി 100,000 ഡോളറും നൽകണം. 25,000 ഡോളർ ഒരു മില്യൻ ഡോളറാക്കി മാറ്റുന്നതിന് ശേഷിക്കുന്ന (975,000) തുകയ്ക്ക് നിയമസഭയുടെ പ്രത്യേകം അംഗീകാരം ആവശ്യമാണ്. ഈയിനത്തിൽ ഏറ്റവും കൂടുതൽ തുക സമ്പാദിക്കാവുന്ന പ്രായത്തിലാണ് ഹൊളോവെയ്ക്ക് ജയിലിൽ കഴിയേണ്ടിവന്നത്. മാത്രമല്ല മാനസീകാഘാതവും, പ്രിയപ്പെട്ടവർ തന്നിൽ നിന്ന് അകന്നതുമൂലം ഉണ്ടായതു മൂലം ഉണ്ടായ പ്രയാസങ്ങൾക്കാണ് ഒരു മില്യൻ നൽകണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇദ്ദേഹം പ്രതിയാണെന്നതിന് ഡി.എൻ.എ ടെസ്റ്റിനോ, ക്രൈം സീനിൽ ആവശ്യമായ പരിശോധനകളോ നടത്തിയിരുന്നില്ലെന്ന് ക്ലെയിംസ് ബോർഡ് കണ്ടെത്തിയിരുന്നു. തെറ്റിധരിക്കപ്പെട്ട തിരിച്ചറിയലാണ് നടത്തിയത്. 2016-ൽ ഇദ്ദേഹത്തിന്റെ പേരിലുള്ള പല കേസുകളും ഒഴിവാക്കുകയും ചെയ്തിരുന്നു.