പിറ്റസ്ബർഗ് : സൗത്ത്കരോലിന,പിറ്റ്‌സ്ബർഗ് , ഹാംപ്ടൺ കൗണ്ടി,തുടങ്ങിയ സ്ഥലങ്ങളിൽ ഈസ്റ്റർ വാരാന്ത്യത്തിൽ നടന്ന മൂന്ന് മാസ്സ് ഷൂട്ടിങ്ങിൽ രണ്ടു കൗമാരക്കാർ മരിക്കുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു ഞായറാഴ്ചപുലർച്ചെ ഹാംപ്ടൺ കൗണ്ടിയിലെ ഒരു നിശാക്ലബിൽ നടന്ന വെടിവെപ്പിൽ ഒമ്പത് പേർക്ക് പരിക്കേറ്റതായും അന്വേഷണം നടത്തുന്ന സൗത്ത് കരോലിനയിലെ സ്റ്റേറ്റ് ലോ എൻഫോഴ്സ്മെന്റ് ഡിവിഷൻ പറഞ്ഞു.

പിറ്റ്സ്ബർഗിൽ നൂറുകണക്കിന് ആളുകൾ ഒത്തുകൂടിയിരുന്ന വാടക വീട്ടിലെ പാർട്ടിക്കിടെ ഉച്ചയോടടുത്ത സമയത്തു സംഘർഷത്തെ തുടർന്നു വെടിവയ്പുണ്ടായത്. അവരിൽ ഭൂരിഭാഗവും പ്രായപൂർത്തിയാകാത്തവരാണെന്ന് പിറ്റ്‌സ്ബർഗ് പൊലീസ് ഡിപ്പാർട്ട്‌മെന്റിലെ ചീഫ് സ്‌കോട്ട് ഷുബെർട്ട് പറഞ്ഞു .ഇവിടെ കൗമാരക്കാരായ രണ്ടു പേർ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

സൗത്ത് കരോലിന സംസ്ഥാന തലസ്ഥാനമായ കൊളംബിയയിലെ തിരക്കേറിയ മാളിൽ ഞായറാഴ്ച വെടിവയ്‌പ്പ് നടക്കുന്നത്. കൊളംബിയാന സെന്ററിൽ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഒമ്പത് പേർക്ക് വെടിയേറ്റതായും അഞ്ച് പേർക്ക് പരിക്കേറ്റതായും കൊളംബിയ പൊലീസ് മേധാവി ഡബ്ല്യു.എച്ച്. ഹോൾബ്രൂക്ക് പറഞ്ഞു.

ഈസ്റ്റർ വാരാന്ത്യത്തിലെ മൂന്ന് മാസ്ഷൂട്ടിങ്ങുകൾക്ക് പുറമെ സമീപ ദിവസങ്ങളിൽ ന്യൂയോർക്ക് സബ് വേയിലും ഈ മാസം ആദ്യം, കാലിഫോർണിയയിലെ സാക്രമെന്റോയിൽ, ഡൗൺടൗൺ കോമൺസ് ഷോപ്പിങ് മാളിനും സ്റ്റേറ്റ് ക്യാപിറ്റോളിനും സമീപമുള്ള തിരക്കേറിയ സ്ഥലത്തും മാസ്ഷൂട്ടിങ്ങുകൾ നടന്നതായി പൊലീസ് അറിയിച്ചു.
അമേരിക്കയിൽ ഈ മാസം നടന്ന വെടിവെപ്പുകൾ കടുത്ത തോക്കു നിയന്ത്രണങ്ങൾ ആവശ്യമാണെന്ന് ഒരിക്കൽകൂടി തെളിയിച്ചിരികയാണ്. ഓരോ സംഭവങ്ങൾ നടക്കുമ്പോഴും ഈ ആവശ്യം ഉയർന്നു വരുന്നുടെങ്കിലും കാര്യമായ നടപടികൾ സ്വീകരിക്കുന്നില്ല എന്ന പരാതിയും ഉയരുന്നു