പാലക്കാട്: രാഷ്ട്രീയ വൈര്യത്തിന്റെ പേരിൽ രണ്ട് അരുംകൊലകൾ അരങ്ങേറിയ പാലക്കാട് ജില്ലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ചേർന്ന സർവകക്ഷി യോഗം തർക്കം. യോഗത്തിൽനിന്നു ബിജെപി നേതാക്കൾ ഇറങ്ങിപ്പോയി. ജില്ലാ ഭരണകൂടത്തിന്റെ സമാധാനശ്രമങ്ങൾ പ്രഹസനമെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ പറഞ്ഞു. ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടപ്പോൾ ആരും സർവകക്ഷി യോഗം വിളിച്ചില്ലെന്നും കൃഷ്ണകുമാർ പറഞ്ഞു. മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ കലക്ടറേറ്റ് ഹാളിലാണ് യോഗം ചേർന്നത്.

സമാധാന അന്തരീക്ഷം തകർക്കുന്ന ഒരു നിലപാടും ബിജെപിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന് നേതാക്കൾ പറഞ്ഞു. സഞ്ജിത്തുകൊലപാതകക്കേസിലെ എല്ലാ പ്രതികളേയും ഇനിയും പിടികൂടിയിട്ടില്ല. ശനിയാഴ്ച ഉണ്ടായ ശ്രീനിവാസിന്റെ കൊലപാതകത്തിന്റെ പൂർണ ഉത്തരവാദിത്തം പൊലീസിനാണ്.

ആക്രമണം നടക്കുമെന്ന് മുൻകൂട്ടി അറിയാമായിരുന്നിട്ടും പൊലീസ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കൊലപാതകം നടന്ന് 48 മണിക്കൂർ പിന്നിട്ടിട്ടും ഒരു പ്രതിയെ പോലും പിടികൂടാൻ പൊലീസിന് സാധിച്ചിട്ടില്ല. പൊലീസ് ഇരുട്ടിൽ തപ്പുകയാണ്. ഇത് വെറുമൊരു പ്രഹസന യോഗമാണ് എന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ പറഞ്ഞു.

ഇവിടെ രണ്ട് തരത്തിലുള്ള നീതിയാണ്. സഞ്ജിത്തിനെ വധിച്ച സമയത്ത് സമാധനത്തിനായി ആരും മുറവിളി കൂട്ടിയില്ല. പ്രധാനപ്പെട്ട ജനപ്രതിനിധികൾ പോലും ഇതിൽ അപലപിച്ചില്ല. ബിജെപി സമാധാനത്തിന്റെ പാതയിൽ തന്നെയാണ്, അത് പഠിപ്പിക്കാൻ ആരും വരണ്ട. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയപ്രസ്ഥാനമാണ് ബിജെപി. അതിനാൽ സമാധാനം തകർക്കുന്ന ഒരു നിലപാടും പാർട്ടി സ്വീകരിക്കില്ല. ഇതൊരു പ്രഹസന യോഗമാണെന്ന് തിരിച്ചറിഞ്ഞാണ് ഇറങ്ങിപ്പോയതെന്നും കൃഷ്ണകുമാർ പറഞ്ഞു.



ബിജെപിയും സംഘപരിവാർ സംഘടനകളും സംസ്ഥാനത്തിന്റെ സമാധാനം തകർക്കുന്ന ഒരു നിലപാടും സ്വീകരിച്ചിട്ടുമില്ല, ഭാവിയിൽ സ്വീകരിക്കുകയുമില്ലെന്ന് പാലക്കാട് ജില്ലാ പ്രസിഡന്റ് കെ.എം ഹരിദാസ് വ്യക്തമാക്കി.

ആക്രമണസാധ്യതയുണ്ടായിട്ടും ഒരു നടപടിയും പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. ഇതാണ് യോഗം ബഹിഷ്‌കരിക്കാൻ കാരണം. പട്ടാപ്പകൽ നടന്ന കൊലപാതകമായിട്ടും ഒരു പ്രതിയെ പോലും ഇനിയും പിടികൂടാൻ പൊലീസിന് കഴിഞ്ഞില്ലെന്നും ബിജെപി നേതാക്കൾ ആരോപിക്കുന്നു.

എലപ്പുള്ളിയിൽ പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈർ, മേലാമുറിയിൽ ആർഎസ്എസ് മുൻ ജില്ല ശാരീരിക് ശിക്ഷൺ എ.ശ്രീനിവാസൻ എന്നിവരാണ് 24 മണിക്കൂറിനിടെ പാലക്കാട് ജില്ലയിൽ കൊല്ലപ്പെട്ടത്. ഇതോടെ മന്ത്രി സർവകക്ഷിയോഗം വിളിച്ചുചേർത്തത്. ജില്ല കനത്ത പൊലീസ് സുരക്ഷയിലാണ്. നിരോധനാജ്ഞയും തുടരുന്നു.

എഡിജിപി വിജയ് സാഖറെ സ്ഥലത്തു ക്യാംപ് ചെയ്താണു സുരക്ഷ, അന്വേഷണ നടപടികൾ ഏകോപിപ്പിക്കുന്നത്. ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ 5 ടീമുകളായി തിരിഞ്ഞാണ് അന്വേഷണം. 2 കേസുകളിലും കൊലയാളി സംഘത്തെക്കുറിച്ചു പ്രധാന സൂചനകൾ ലഭിച്ചെന്നും കൊലപാതകങ്ങൾ തികച്ചും ആസൂത്രിതമാണെന്നും എഡിജിപി അറിയിച്ചു.

സുബൈർ വധക്കേസിൽ മൂന്നു പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തവരെയാണ് കസ്റ്റിഡിയിലെടുത്തതെന്നും ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിടാനാകില്ലെന്നും പൊലീസ് അറിയിച്ചു.

പാലക്കാട് ഇരട്ടക്കൊലകളിൽ മുഴുവൻ പ്രതികളെയും തിരിച്ചറിഞ്ഞെന്നും പൊലീസ് അറിയിച്ചു. ആർഎസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തിന് അക്രമി സംഘം ഉപയോഗിച്ച ബൈക്കുകളിലൊന്ന് എത്തിച്ചത് അബ്ദുറഹ്‌മാൻ എന്ന ശംഖുവാരത്തോട് സ്വദേശിയെന്ന് പൊലീസിന് വിവരം ലഭിച്ചു. ചിറ്റൂർ സ്വദേശി അനിതയുടെ ഉടമസ്ഥതയിലുള്ളതാണ് ബൈക്ക്. അനിതയുടെ ഭർത്താവ് പണയം വച്ച ബൈക്ക് പല കൈമറിഞ്ഞാണ് കൊലയാളി സംഘത്തിന്റെ പക്കലെത്തിയത്.

ആർഎസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്താൻ ആറംഗ അക്രമി സംഘമെത്തിയത് മൂന്നു ബൈക്കുകളിലായിരുന്നു. ഇതിലൊന്ന് കുന്നും പുറത്തെ പലചരക്ക് വ്യാപാരി ഷംഷുദ്ദീന്റെ പക്കലുണ്ടായിരുന്നതാണ്. ശനിയാഴ്ച രാവിലെ പത്തുമണിയോടെ ശംഖുവാരത്തോട് സ്വദേശി അബ്ദുറഹ്‌മാനാണ് ബൈക്ക് വാങ്ങിക്കൊണ്ടുപോയതെന്ന് ഷംഷുദ്ദീൻ പൊലീസിന് മൊഴി നൽകി.

KL9 45 5724 നമ്പരിലുള്ള ബൈക്കിന്റെ യഥാർഥ ഉടമ ചിറ്റൂർ സ്വദേശി അനിതയാണ്. രണ്ടുകൊല്ലം മുന്പ് ഏഴായിരം രൂപയ്ക്ക് ബൈക്ക് പണയം വച്ചെന്നാണ് അനിത പറയുന്നത്. പാലക്കാട് സ്വദേശി റഷീദിനാണ് വണ്ടി നൽകിയത്. റഷീദത് ഒലവക്കോട് സ്വദേശിക്ക് മറിച്ചു നൽകി. ഇതാണ് ഒടുവിൽ കുന്നംപുറത്തെ പലചരക്ക് വ്യാപാരിയുടെ കൈയിലെത്തിയത്. അബ്ദുറഹ്‌മാനെയും ബൈക്കും കണ്ടെത്താനുള്ള ശ്രമം ഊർജ്ജിതമെന്ന് അന്വേഷണ സംഘം അറിയിച്ചു.