- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെഎസ്ആർടിസിക്ക് വിപണിവിലയ്ക്ക് ഡീസൽ: ഹൈക്കോടതി ഇടക്കാല ഉത്തരവിനെതിരെ അപ്പീലുമായി എണ്ണക്കമ്പനികൾ
കൊച്ചി: കെഎസ്ആർടിസിക്കു വിപണി വിലയിൽ ഡീസൽ നൽകാനുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഇടക്കാല ഉത്തരവിനെതിരെ അപ്പീലുമായി എണ്ണക്കമ്പനികൾ. ഉത്തരവ് റദ്ദാക്കണം എന്നാവശ്യപ്പെട്ടു ബിപിസിഎൽ, ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. കെഎസ്ആർടിസിയുടെ ഹർജിയിലാണ് സിംഗിൾ ബെഞ്ച് റീട്ടെയിൽ വിലയ്ക്ക് ഡീസൽ നൽകാൻ ഇടക്കാല ഉത്തരവിട്ടത്.
റീട്ടെയിൽ കമ്പനികൾക്ക് നൽകുന്ന വിലയേക്കാൾ മുപ്പത് രൂപയോളം അധിക വിലയാണ് ഒരു ലിറ്റർ ഡീസലിന് പൊതുമേഖലാ എണ്ണക്കമ്പനികൾ കെഎസ്ആർടിസിയിൽ നിന്ന് ഇടാക്കിയിരുന്നത്. ഈ വില നിർണയം വിവേചനപരമെന്നും പൊതുതാത്പര്യത്തിനെതിരെന്നും ആരോപിച്ച് കെഎസ്ആർടിസി നൽകിയ ഹർജിയിൽ ഹൈക്കോടതി നേരത്തെ ഉത്തരവിറക്കിയിരുന്നു. വൻകിട ഉപഭോക്താവ് എന്ന പേരിൽ കെഎസ്ആർടിസിയിൽ നിന്ന് ഡീസലിന് അധിക നിരക്ക് ഈടാക്കിയിരുന്ന എണ്ണക്കമ്പനികളുടെ നടപടി ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ തടയുകയായിരുന്നു.
പൊതു ഗതാഗത സംവിധാനത്തിന് ഇത്തരത്തിൽ വലിയ വിലയ്ക്ക് ഇന്ധനം നൽകുന്നത് രാജ്യത്തെ ചട്ടങ്ങൾക്കും നിയമങ്ങൾക്കും എതിരാണ് എന്നായിരുന്നു കെഎസ്ആർടിസിയുടെ വാദം. വിപണി വിലയ്ക്ക് ഇന്ധനം നൽകാൻ നിർദേശിച്ച ഹൈക്കോടതി, ഹർജിയിൽ വിശദമായ വാദം വേണമെന്ന് ആവശ്യപ്പെട്ടാണ് ഉത്തരവു പുറപ്പെടുവിച്ചിരിക്കുന്നത്. കേസിൽ നിയമപോരാട്ടം തുടരുമെന്നാണ് സംസ്ഥാന സർക്കാർ നിലപാട്.
എണ്ണക്കമ്പനികളുടെ വില നിർണയത്തിൽ പ്രഥമദ്യഷ്ടാ അപാകതയുണ്ടെന്ന പരാർമശത്തോടെയാണ് റീട്ടയിൽ കമ്പനികൾക്ക് നൽകുന്ന അതേ വിലക്ക് തന്നെ കെഎസ്ആർടിസിക്ക് ഡീസൽ നൽകണമെന്ന് കോടതി നിർദേശിച്ചത്. പൊതുസേവന മേഖലയിലുള്ള കെഎസ്ആർടിസിയോട് കൂടുതൽ തുക വാങ്ങുകയും സ്വകാര്യ ബസ് ഓപ്പറേറ്റർമാരിൽ നിന്ന് കുറഞ്ഞ തുക ഈടാക്കുകയും ചെയ്യുന്ന നടപടി വിവേചനപരമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു
കെഎസ്ആർടിസിയുടെ ഹർജി നിയമപരമായി നിലനിൽക്കില്ലെന്നാണ് എണ്ണക്കമ്പനികൾ അപ്പീലിൽ വാദിക്കുന്നത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ബിപിസിഎൽ ഓയിൽ എന്നീ കമ്പനികളാണ് അപ്പീൽ നൽകിയത്.
മറുനാടന് മലയാളി ബ്യൂറോ