- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കയർ ഭൂവസ്ത്രം പദ്ധതിയുടെ പേരിൽ തോട്ടിൻകരയിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും കെട്ടിക്കിടന്ന് നശിക്കുന്നത് കോടികൾ; വിനയായത് അശാസ്ത്രീയ നിർമ്മാണവും പദ്ധതി പൂർത്തീകരണത്തിലെ അലംഭാവവും; പല സ്ഥലങ്ങളും കാട് മൂടിയ അവസ്ഥയിൽ
മലപ്പുറം: കയർ ഭൂവസ്ത്രം പദ്ധതിയുടെ പേരിൽ തോട്ടിൻകരയിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും കെട്ടിക്കിടന്ന് നശിക്കുന്നത് കോടികളുടെ കയർ ഭൂവസ്ത്രം. തോടുകളുടെയും ജലാശയങ്ങളുടെയും വശങ്ങളിൽ മണ്ണൊലിപ്പ് തടയുന്നതിനും ബണ്ട് റോഡുകൾ ബലപ്പെടുത്തുന്നതിനുമാണ് പദ്ധതിക്ക് തുടക്കമിട്ടത്.
തോടുകളും ബണ്ടുകളും ബലപ്പെടുത്തുന്നതിന് കയർവല കെട്ടി അതിനുമേൽ പുല്ലുവെച്ചുപിടിപ്പിക്കുന്നതാണ് പദ്ധതി. ഒരിഞ്ച് കണ്ണി വലുപ്പമുള്ള കയർഭൂവസ്ത്രം കൊണ്ട് 30 ശതമാനം വരെയുള്ള ചെരിവിലും അരയിഞ്ച് കണ്ണി വലുപ്പമുള്ളവ കൊണ്ട് 50 ശതമാനം വരെയുള്ള ചരിവിലും കാലിഞ്ചുവരെ വലുപ്പമുള്ള കണ്ണി കൊണ്ട് നൂറുശതമാനംവരെ ചെരിവിലും മണ്ണൊലിപ്പ് തടയാവുന്ന രീതിയിലാണ് പദ്ധതി ആവിഷ്‌കരിച്ചത്.
ഇത് മൂലം ജലം സംഭരിച്ചുനിർത്താനുള്ള ഭൂമിയുടെ ശേഷി 16 മുതൽ 21 ശതമാനം വരെ ഉയരുമെന്നും വിലയിരുത്തൽ ഉണ്ടായിരുന്നു. എന്നാൽ അശാസ്ത്രീയമായ നിർമ്മാണ രീതികളും പദ്ധതി പൂർത്തീകരണത്തിലെ അലംഭാവവും മൂലം പലയിടത്തും ലക്ഷക്കണക്കിന് രൂപയുടെ കയർ ഭൂവസ്ത്രങ്ങൾ നശിക്കുന്നതിന് കാരണമാവുന്നു.
കനത്ത മഴയുള്ള അവസരങ്ങളിൽ മേൽമണ്ണ് നഷ്ടപ്പെട്ട് ബണ്ടുകളും തോടുകളും തകരുന്നത് ഒഴിവാക്കുന്നതിനാണ് തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് തോടുകളും ബണ്ടുകളും കയർ ഭൂവസ്ത്രങ്ങൾ പുതപ്പിച്ച് തുടങ്ങിയത്.എന്നാൽ പലയിടത്തും പദ്ധതി പാതി വഴിയിൽ ഉപേക്ഷിച്ചതോടെയാണ് പല പഞ്ചായത്തിലും ലക്ഷക്കണക്കിന് രൂപയുടെ കയർ ഭൂവസ്ത്രങ്ങൾ കെട്ടിക്കിടക്കാൻ തുടങ്ങിയത്.
ഭൂവസ്ത്രങ്ങൾ പുതപ്പിച്ച പല സ്ഥലങ്ങളും കാട് മൂടിയ അവസ്ഥയായതോടെ പദ്ധതി പൂർത്തീകരിച്ച സ്ഥലങ്ങൾ പോലും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണ്.പലതും ചിതൽ തിന്ന് നശിച്ച് പോവുന്നതും കോടികൾ മുടക്കുന്ന പദ്ധതിയുടെ അശാസ്ത്രീയതയാണ് ചൂണ്ടിക്കാണിക്കുന്നത്.
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന മണ്ണ് ജല സംരക്ഷണം, കാർഷിക റോഡ് നിർമ്മാണ പ്രവൃത്തികൾ എന്നിവയുടെ ആവശ്യങ്ങൾക്കാണ് കയർ ഫെഡും കേരള കയർ കോർപറേഷനും ചേർന്ന് കയർ ഭൂവസ്ത്രം നിർമ്മിച്ച് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ എത്തിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്.
കയർ തൊഴിലാളികളുടെ തൊഴിലും കൂലിയും സംരക്ഷിക്കപ്പെടുന്നതോടൊപ്പം ചകിരി കയർ ഉൽപന്ന മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നതുമാണ് പദ്ധതി കൊണ്ട് സർക്കാർ ലക്ഷ്യമിട്ടിരുന്നത്. ജല സ്രോതസുകളുടെ സംരക്ഷണം ലക്ഷ്യം വെക്കുന്നതോടൊപ്പം തന്നെ ഗ്രാമീണ മേഖലയിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് സ്ഥിരം ജോലിയും പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളായിരുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്