കൊവിഡ് ബാധിതരുമായി അടുത്ത സമ്പർക്കമുണ്ടായാൽ എഴു ദിവസം ഐസൊലേഷൻ വേണമെന്ന നിബന്ധന ന്യൂ സൗത്ത് വെയിൽസും, വിക്ടോറിയയും പിൻവലിച്ചു. അതേസമയം കെട്ടിടങ്ങൾക്കുള്ളിൽ മാസ്‌ക് ധരിക്കുക, ദിവസേന റാപ്പിഡ് ആന്റിജൻ പരിശോധന നടത്തുക തുടങ്ങിയ നിബന്ധനകൾ അടുത്ത സമ്പർക്കപ്പട്ടികയിലുള്ളവർക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകാൻ ന്യൂ സൗത്ത് വെയിൽസും വിക്ടോറിയയും തീരുമാനിച്ചതോടയൊ്ണ് പുതിയ മാറ്റങ്ങൾ.ഓമിക്രോൺ ബാധയുടെ രണ്ടാമത്തെ പാരമ്യവും കടന്നുപോയെന്നും, അതിനാലാണ് ഇളവുകൾ കൊണ്ടുവരുന്നതെന്നും സംസ്ഥാന സർക്കാരുകൾ അറിയിച്ചു.

അടുത്ത സമ്പർക്കപ്പട്ടികയിലുള്ളവർക്ക് ഐസൊലേഷൻ ഏർപ്പെടുത്തിയതോടെ പലയിടത്തും തൊഴിലാളി ക്ഷാമം രൂക്ഷമായിരുന്നു. ഇതേ തുടർന്ന് ബിസ്സിനസ് മേഖലയിൽ നിന്നുണ്ടായ കടുത്ത സമ്മർദ്ദമാണ് നിയന്ത്രണങ്ങൾ പിൻവലിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്.

അടുത്ത സമ്പർക്ക പട്ടികയിലുള്ളവർക്ക് ഇനി മുതൽ ദിവസേനയുള്ള റാപ്പിഡ് ആന്റിജൻ പരിശോധനയുണ്ടാകും.കെട്ടിടങ്ങൾക്കുള്ളിൽ മാസ്‌ക് ധരിക്കണമെന്ന നിബന്ധനയും ഇവർക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.സമ്പർക്കപ്പട്ടികയിലുള്ളവർ പരമാവധി വീട്ടിലിരുന്ന് ജോലി ചെയ്യണമെന്നും, തങ്ങൾക്ക് കോവിഡ് ബാധിതരുമായി അടുത്ത സമ്പർക്കമുണ്ടായതായി തൊഴിലുടമയെ അറിയിക്കണമെന്നും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.

അടുത്ത സമ്പർക്കപ്പട്ടികയിലുള്ളവർ ആശുപത്രികൾ, ഏജ്ഡ് കെയറുകൾ എന്നിവടങ്ങളിൽ നിന്ന് അകലം പാലിക്കണമെന്നും സർക്കാർ അഭ്യർത്ഥിച്ചു.അതേസമയം പോസിറ്റിവ് കേസുകൾക്കുണ്ടായിരുന്ന ഐസൊലേഷൻ നിബന്ധനകൾ തുടരുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

പൊതുഗതാഗതങ്ങളിലെ യാത്രക്കാരുടെ എണ്ണത്തിലേർപ്പെടുത്തിയിരുന്ന പരിധി പിൻവലിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ പൊതുഗതാഗത സംവിധാനം, വിമാനങ്ങൾ, വിമാനത്താവളങ്ങൾ എന്നിവടങ്ങളിൽ മാസ്‌ക് നിബന്ധന തുടരും.