മലപ്പുറം: പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കേണ്ടേ എന്ന ചോദ്യത്തിന് ആർഎസ്എസിനെ ആണ് ആദ്യം നിരോധിക്കേണ്ടത് എന്ന കോടിയേരിയുടെ പ്രസ്താവന പോപ്പുലർ ഫ്രണ്ട് -സിപിഎം കൂട്ടുകെട്ടിന്റെ വ്യക്തമായ തെളിവാണ് എന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ.

രാജ്യവ്യാപകമായി കലാപങ്ങളും രാജ്യദ്രോഹ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്ന പോപ്പുലർ ഫ്രണ്ടിന്റെ വക്താവായി സിപിഎം സംസ്ഥാന സെക്രട്ടറി മാറിയിരിക്കുന്നു. പിണറായി -കോടിയേരി നിർദേശപ്രകാരമാണ് പൊലീസ് പോപ്പുലർ ഫ്രണ്ടിനെതിരെ ശക്തമായ നടപടി എടുക്കാത്തത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പാലക്കാട് ശ്രീനിവാസനെ കൊലപ്പെടുത്തിയ പ്രതികൾ നൂറുകണക്കിന് പൊലീസും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഉള്ള സമയത്താണ് ജില്ലാ ആശുപത്രിയിലും, സുബൈറിന്റെ ശവസംസ്‌കാര ചടങ്ങ് നടന്ന എലപ്പുള്ളിയിലും എത്തിയത്.

മലമ്പുഴ എംഎൽഎയും, സിപിഎം നേതാവുമായ ശ്രീ എ.പ്രഭാകരൻ പൊലീസ് പറയുന്നതിനു മുമ്പുതന്നെ സുബൈർ വധത്തിനു പിന്നിൽ ഉള്ള കാരണം സംഘത്തിന്റെ കൊലപാതകമാണെന്ന് പ്രസ്താവനയുമായി രംഗത്തുവന്നു. ശ്രീനിവാസനെ കൊലപ്പെടുത്താനുള്ള മുൻകൂർ അനുവാദം നൽകുന്ന വിധമാണ് ശ്രീ എ .പ്രഭാകരന്റെ പ്രസ്താവന. സിപിഎം നേതാക്കളുടെ ഇത്തരത്തിലുള്ള പ്രസ്താവനകളും മറ്റുമാണ് പോപ്പുലർ ഫ്രണ്ടിനെ സംസ്ഥാനത്ത് വ്യാപകമായി കൊലപാതകങ്ങളും രാജ്യവിരുദ്ധ പ്രവർത്തനങ്ങളും നടത്തുന്നതിനു പ്രേരിപ്പിക്കുന്നത് എന്നും കൃഷ്ണകുമാർ പറഞ്ഞു