വാഷിങ്ടൻ: ഏപ്രിൽ 18ന് നികുതി റിട്ടേൺ സമർപ്പിക്കുന്നതിന്റെ അവസാന ദിവസം കഴിഞ്ഞതോടെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റേയും വൈസ് പ്രസിഡന്റ് കമല ഹാരിസിന്റേയും ഫെഡറൽ ടാക്സ് വിവരങ്ങൾ പുറത്തുവിട്ടു. ഫെഡറൽ ടാക്സ് സമർപ്പിക്കുന്നതിന്റെ അവസാന രണ്ടു ദിവസങ്ങൾക്കു മുൻപാണു സാധാരണ അമേരിക്കൻ പ്രസിഡന്റുമാർ അവരുടെ നികുതി വിവരങ്ങൾ പരസ്യമാക്കാറുള്ളത്.

പ്രസിഡന്റ് ബൈഡനും ഭാര്യ ജിൽ ബൈഡനും 6,10,702 ഡോളറാണ് 2021 ൽ സമ്പാദിച്ചത്. 1,50,439 ഡോളറിൽ ഫെഡറൽ ഇൻകം ടാക്സ് നൽകി. ടാക്സ് റേറ്റ് 24.6 ശതമാനമായിരുന്നു. ചാരിറ്റി പ്രവർത്തനങ്ങൾക്ക് 2021 ൽ ബൈഡനും ഭാര്യയും കൂടി നൽകിയത് 17394 ഡോളറാണ്.

കമലാ ഹാരിസും ഭർത്താവും ചേർന്നു 2021 ൽ സമ്പാദിച്ച ഗ്രോസ് ഇൻകം 16,55,563 ഡോളറാണ്. ബൈഡന്റേതിനേക്കാൾ രണ്ടിരട്ടിയിലധികം.

ഇവർ ഫെഡറൽ ടാക്സായി നൽകിയിരിക്കുന്നത് 523,371 ഡോളറാണ്. ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഇവർ നൽകിയത് 2,21,006 ഡോളറാണ്. ഇവരുടെ ടാക്സ് റേറ്റ് 31.6 ശതമാനമായിരുന്നു.

പൊതുരംഗത്തു പ്രവർത്തിച്ചു തുടങ്ങിയതു മുതൽ ബൈഡന്റെ ടാക്സ് വിവരങ്ങൾ പൊതുജനങ്ങളുടെ അറിവിനായി പരസ്യപ്പെടുത്തിയിരുന്നു. പ്രസിഡന്റിന്റെ ഫെഡറൽ ടാക്സ് കണക്കുകൾ സുതാര്യമായിരിക്കണമെന്നാണ് ഇതിനെ കുറിച്ചു ബൈഡൻ പ്രതികരിച്ചത്.