തിരുവനന്തപുരം: കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ഔദ്യോഗിക പ്രവാസി സംഘടനയായ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ നാഷണൽ കമ്മിറ്റി നേതൃനിരയിലേക്ക് കൂടുതൽ സീനിയർ നേതാക്കൾ എത്തുന്നു. കെപിസിസി അധ്യക്ഷൻ കെ. സുധാകരന്റേ നിർദേശ പ്രകാരമാണ് ഇത്. വർഷങ്ങളായി അമേരിക്കയിലെ സാമൂഹ്യ സാംസ്കാരിക രാഷ്രീയ നേതൃരംഗത്തെ നിറസാന്നിധ്യമായ വ്യക്തിത്വങ്ങളാണ് ഇവർ എന്നതും ശ്രദ്ധേയമാണ്. വിവിധ പേരുകളിൽ അറിയപ്പെട്ടിരുന്ന കോൺഗ്രസ് പ്രവാസി സംഘടനകളെ ഏകോപിച്ചുകൊണ്ടാണ് രമേശ് ചെന്നിത്തല കെപിസിസി അധ്യക്ഷനായിരുന്ന കാലത്ത് ഒഐസിസി രൂപീകരിക്കുന്നത്. ഇതോടെ എല്ലാ രാജ്യങ്ങളിലും ശക്തമായ സാന്നിധ്യമായി മാറാൻ ഒഐസിസിക്ക് കഴിഞ്ഞു.

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആശയങ്ങളും ജനോപകാരപ്രദമായ പ്രവർത്തനങ്ങളും അമേരിക്കയിലും വ്യാപിപ്പിക്കുവാൻ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് നടത്തി വരുന്ന എല്ലാ ശ്രമങ്ങളെയും അനുമോദിക്കുന്നതിനൊപ്പം പുതിയ ഭാരവാഹികൾക്ക് ആശംസകൾ നേരുന്നതായും ഭാരവാഹികളെ പ്രഖ്യാപിച്ചു കൊണ്ട് ഒഐസിസി ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള അറിയിച്ചു.

പുതിയ ഭാരവാഹികൾ

വൈസ് ചെയർപേഴ്സൺസ്: കളത്തിൽ വർഗീസ്, ജോബി ജോർജ്, ഡോ.ചെക്കോട്ട് രാധാകൃഷ്ണൻ, ഡോ. അനുപം രാധാകൃഷ്ണൻ

വൈസ് പ്രസിഡന്റുമാർ: മാമ്മൻ സി.ജേക്കബ്, ഗ്ലാഡ്‌സൺ വർഗീസ്.

നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ : ഡോ. സാൽബി ചേന്നോത്ത്(നോർത്തേൺ റീജിയൻ ചെയർമാൻ), ജോസഫ് ലൂയി ജോർജ് (ഷിക്കാഗോ ചാപ്റ്റർ നിയുക്ത പ്രസിഡന്റ്), രാജൻ തോമസ്, വർഗീസ് ജോസഫ്, രാജു വർഗീസ്.

കൂടുതൽ നേതാക്കൾ എത്തുന്നതോടെ അമേരിക്കയിലെ ഏറ്റവും വലിയ പ്രവാസി സംഘടനകളിൽ ഒന്നായി ഒഐസിസി മാറുമെന്നും നേതാക്കളുടെ മുൻ പരിചയം സംഘടനയിലേക്ക് കൂടുതൽ അംഗങ്ങളെ എത്തിക്കുമെന്നും യുഎസ് നാഷണൽ ചെയർമാൻ ജെയിംസ് കൂടൽ പറഞ്ഞു. പുതിയ ഭാരവാഹികൾക്ക് പ്രസിഡന്റ് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ജീമോൻ റാന്നി, ട്രഷറർ സന്തോഷ് എബ്രഹാം എന്നിവർ ആശംസകൾ അറിയിച്ചു.