സാൻ അന്റോണിയോ : സാൻ അന്റോണിയോ സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്ൾസ് ഇടവകയുടെ പുതുതായി പണികഴിപ്പിച്ച ദേവാലയത്തിന്റെ കൂദാശയും ഇടവകയുടെ കാവൽ പിതാവായ വിശുദ്ധ ഗീവർഗീസ് സഹദായുടെ പെരുന്നാളും ഏപ്രിൽ 29, 30 മെയ് 1 തീയതികളിൽ പൂർവാധികം ഭംഗിയായി നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി വരുന്നു. പരിശുദ്ധ കാതോലിക്ക ബാവായുടേയും ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. സഖറിയ മാർ അപ്രേം തിരുമനസ്സിന്റെയും അനുഗ്രഹാശിസ്സുകളോടു കൂടി ഡൽഹി ഭദ്രാസന മെത്രാപൊലീത്ത ഡോ. യൂഹാനോൻ മാർ ദിമിത്രിയോസ് തിരുമനസ്സിന്റെ പ്രധാന കാർമികത്വത്തിലും സമീപ ഓർത്തഡോക്ൾസ് ഇടവകളുടെ സഹകരണത്തിലും ദേവാലയത്തിന്റെ വിശുദ്ധ മൂറോൻ കൂദാശയും വിശുദ്ധ ഗീവർഗീസ് സഹദായുടെ പെരുന്നാളും നടത്തപ്പടുകയാണ്.

2004 ന്റെ ആരംഭത്തിൽ കാലം ചെയ്ത മാത്യൂസ് മാർ ബർണബാസ് തിരുമേനിയുടെ കല്പനയിലൂടെ രൂപീകൃതമായ ഇടവക സ്വന്തമായി വാങ്ങിയ സ്ഥലത്തു പണിതുയർത്തിയതാണ് പുതിയ ദേവാലയം. കോവിഡ് എന്ന മാരക വൈറസിന്റെപ്രതിസന്ധി കാലഘട്ടത്തിൽ കൂടി സമൂഹം കടന്നു പോയപ്പോൾ ഇടവകയിലെ ജനങ്ങൾ ഒറ്റക്കെട്ടായി നിന്ന് ധന സമാഹരണം നടത്തി നിർമ്മിച്ച ദേവാലയത്തിന്റെ താത്കാലിക കൂദാശ കഴിഞ്ഞ വർഷം ജൂൺ 19, 20 തീയതികളിൽ നടത്തി ദേവാലയത്തിൽ ആരാധന നടത്തി വരുകയാണ്.

വിശുദ്ധ മൂറോൻ കൂദാശയോട് കൂടി ദേവാലയത്തെ പൂർണമായി ശുദ്ധീകരിച്ച് സഭയ്ക്ക് സമർപ്പിക്കുകയാണ്. കോവിഡ് പ്രതിസന്ധിയുടെ മൂർദ്ധന്യാവസരത്തിൽ 2020 സെപ്റ്റംബർ 12 ന് ഇടവക വികാരി റവ.ഫാ. സുനോജ് ഉമ്മൻ മാലിയിലാണ് ഈ ദേവാലയത്തിന്റെ കല്ലിടീൽ കർമ്മം നിർവഹിച്ചത്. ദേവാലയത്തിന്റെ പണികൾ ധ്രുതഗതിയിൽ നടക്കുന്ന സമയത്താണ് 2021 ഫെബ്രുവരി പകുതിയിൽ നാടിനെ നിച്ഛലമാക്കിയ മഞ്ഞു വീഴ്ച ഉണ്ടായതും ദേവാലയത്തിന്റെ പണികൾ നിർത്തി വയ്ക്കേണ്ടി വന്നതും. ദേവാലയത്തിന്റെ പ്രധാന നടവാതിലും മദ്ഹബഹായിലേക്കുള്ള സാധനങ്ങളും നാട്ടിൽ നിർമ്മിച്ചു കൊണ്ട് വരുകയായിരുന്നു.

ഏപ്രിൽ 29 വെള്ളിയാഴ്ച വൈകുന്നേരം അഭിവന്ദ്യ യൂഹാനോൻ മാർ ദിമിത്രിയോസ് തിരുമേനിക്ക് പള്ളി കവാടത്തിൽ ഭക്തി നിർഭരമായ സ്വീകരണം നൽകുന്നതാണ്.
6 മണിക്ക് പുതുതായി പണി കഴിപ്പിച്ച കുരിശുംതൊട്ടിയുടെ കൂദാശ തിരുമേനി നിർവഹിക്കുന്നതും തുടർന്ന് പള്ളിയിൽ സന്ധ്യാ നമസ്‌കാരവും പള്ളി കൂദാശയുടെ ഒന്നാം ഭാഗവും നടത്തപ്പെടും. ഏപ്രിൽ 30 ന് ശനിയാഴ്ച രാവിലെ 7 മണിക്ക് പള്ളിയിൽ പ്രഭാത നമസ്‌കാരവും തുടർന്ന് പള്ളി കൂദാശയുടെ രണ്ടാം ഭാഗവും തിരുമനസ്സിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാനയും കൈമുത്തും നടത്തപ്പെടും.തുടർന്ന് പൊതുസമ്മേളനത്തോടുകൂടി കൂദാശയുടെ കാര്യപരിപാടികൾ അവസാനിക്കുന്നതും വൈകിട്ട് 6.30 ന് സന്ധ്യാനമസ്‌കാരവും തിരുമനസ്സ് പെരുന്നാൾ സന്ദേശം നൽകുന്നതുമാണ്. തുടർന്ന് ഭക്തിനിർഭരമായ റാസയും നടക്കുന്നതാണ്.

മെയ് 1 ന് ഞായറാഴ്ച രാവിലെ 8.30 ന് പ്രഭാത നമസ്‌കാരവും തുടർന്ന് വി. മൂന്നിന്മേൽ കുര്ബാനയും അഭിവന്ദ്യ തിരുമനസ്സിന്റെ മുഖ്യ കാർമിക്കത്വത്തിൽ നടക്കും.തുടർന്ന് നടക്കുന്ന വെച്ചൂട്ട് നേർച്ചയോടു കൂടി പെരുന്നാൾ സമാപിക്കുന്നതാണ്.

സഭാവ്യത്യാസമെന്യേ ഏവരുടെയും പ്രാർത്ഥനാപൂർവമായ സാന്നിധ്യ സഹകരണം പ്രതീക്ഷിക്കുന്നെവെന്ന് ഇടവക ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്,

റവ.ഫാ. സുനോജ് ഉമ്മൻ മാലിയിൽ (വികാരി) - 248 688 2122
എൽദോ ജേക്കബ് (ട്രസ്റ്റി) - 214 728 7338
ജിജോ ജോൺസൻ (സെക്രട്ടറി) - 786 201 7459

കൂദാശ/ പെരുന്നാൾ കമ്മിറ്റി കോർഡിനേറ്റർ മാത്യൂസ് പുഞ്ചമണ്ണിൽ അറിയിച്ചതാണിത്.