- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർണ്ണക്കടത്തിന്റെ കേന്ദ്രമായി കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം; ഇന്ന് പിടികൂടിയത് ഒരു കോടിയോളം വിലവരുന്ന സ്വർണ്ണ മിശ്രിതം; ഈ മാസം പിടികൂടിയത് നാലു കോടിയിലധികം വില വരുന്ന സ്വർണം
കോഴിക്കോട്: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് വ്യാപകമാകുന്നു. ഇന്ന് വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച രണ്ടു കിലോയിലധികം സ്വർണ്ണ മിശ്രിതം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയ പരിശോധനയിൽ ഇന്നലെ രാവിലെ പത്തു മണിക്കെത്തിയ ഇൻഡിയോ 6 C 89 വിമാനത്തിൽ കോഴിക്കോട്ടെത്തിച്ചേർന്ന തൃത്താല സ്വദേശി ഫൈസൽ എന്ന യാത്രക്കാരിൽ നിന്നാണ് വിപണിയിൽ ഒരു കോടിയോളം രൂപ വിലവരുന്ന സ്വർണ്ണ മിശ്രിതം പിടികൂടിയത്.
യാത്രക്കാരന്റെ അടിവസ്ത്രത്തിനകത്ത് ഒളിപ്പിച്ച നിലയിൽ 1289 ഗ്രാം തൂക്കം വരുന്ന ഒരു പാക്കറ്റും ശരീരത്തിനകത്തായി ഗുളിക രൂപത്തിൽ 804 ഗ്രാം സ്വർണ്ണ മിശ്രിതം അടങ്ങിയ മൂന്നു പാക്കറ്റുമാണ് പിടികൂടിയത്. യാത്രക്കാരനിൽ നിന്നും സ്വർണം സ്വീകരിക്കുവാനെത്തിയ പേരാമ്പ്ര സ്വദേശിയായ അഷ്‌റഫ് എന്നയാളെയും കസ്റ്റംസ് അറസ്റ്റു ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കസ്റ്റംസ് കൂടുതൽ അന്വേഷണം ആരംഭിച്ചു.
ഈ മാസം പിടികൂടുന്ന പതിമുന്നാമത്തെ കേസാണിത്. നാലു കോടിയിലധികം വില വരുന്ന ഏകദേശം എട്ടു കിലോയോളം സ്വർണം ഇത്തരത്തിൽ വിമാനത്താവളത്തിൽ നിന്ന് പിടികൂടിയിട്ടുണ്ട്. ഇക്കഴിഞ്ഞ സാമ്പത്തിക വർഷം 81 കേസുകളിൽ നിന്നായി 66 കിലോയാണ് ഇത്തരത്തിൽ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടിച്ചെടുത്തത്.
അസി. കമ്മീഷണർ സിനോയ് കെ മാത്യുവിന്റെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ ബഷീർ അഹമ്മദ്, പ്രകാശ് എം, ഇൻസ്‌പെക്ടർമാരായ ഫൈസൽ, പ്രതീഷ് എം, കപിൽ സുരീര, ഹെഡ് ഹവിൽദാർ സന്തോഷ് കുമാർ എം എന്നിവർ ചേർന്നാണ് സ്വർണം കണ്ടെടുത്തത്.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.