- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രെയിനിൽ രേഖകളില്ലാതെ കടത്തിയ ഒരു കോടിയിലധികം രൂപ കോഴിക്കോട്ട് പിടികൂടി; മഹാരാഷ്ട്ര, രാജസ്ഥാൻ സ്വദേശികൾ പിടിയിൽ
കോഴിക്കോട്: ട്രെയിനിൽ രേഖകളില്ലാതെ കൊണ്ടുവരികയായിരുന്ന ഒരു കോടിയിലധികം രൂപ പിടികൂടി. ദാദർ- തിരുനെൽവേലി എക്സ്‌പ്രസിൽ രേഖകളില്ലാതെ കൊണ്ടുവരിയായിരുന്ന പണമാണ് പിടികൂടിയത്. മുംബൈയിൽ നിന്ന് കോഴിക്കോട്ടേക്ക് കൊണ്ടുവരികയായിരുന്ന 1,06,00, 000 രൂപയാണ് റെയിൽവെ സംരക്ഷണ സേന പിടികൂടിയത്.
കോച്ചുകളിലെ പരിശോധനക്കിടെ കണ്ണൂരിനും കോഴിക്കോടിനും ഇടയിൽവെച്ച് ബി രണ്ട് കോച്ചിൽ സഞ്ചരിക്കുകയായിരുന്ന മഹാരാഷ്ട്ര സ്വദേശി സാഗർ(23), രാജസ്ഥാൻ സ്വദേശി ജയ്ത്തറാം ( 37 ) എന്നിവരിൽ നിന്നാണ് പണം കണ്ടെടുത്തത്. ബാഗിന്റെ രഹസ്യ അറയിൽ 100 വീതം 2000 രൂപയുടെ 53 കെട്ടുകളിലായിട്ടാണ് പണം സൂക്ഷിച്ചിരുന്നത്.
ഇന്ന് വൈകീട്ട് മൂന്നിനാണ് പണവുമായി ഇവരെ പിടികൂടിയത്. മുംബൈയിൽ നിന്ന് കോഴിക്കോട്ടേക്കായിരുന്നു ഇവർ ടിക്കറ്റെടുത്തിരുന്നത്. കോഴിക്കോട് റെയിൽവെ പൊലീസ് വർഷങ്ങൾക്കിടയിൽ പിടികൂടുന്ന വലിയ തുകയാണിത്. പണം ആദായനികുതി അസി. ഡയറക്ടർക്ക് കൈമാറി. ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് ഇൻസ്‌പെക്ടർ എൻ കേശവദാസ്, എസ് ഐമാരായ എ പി ദീപക്, കെ സാജു സജി അഗസ്റ്റിൻ, പി പി അബ്ദുൾ സത്താർ, ഒ കെ അജീഷ്, അപർണ അനിൽകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രേഖയില്ലാത്ത പണം പിടികൂടിയത്.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.