ടെക്സസ്: 32 വർഷം മുൻപു ഹൂസ്റ്റണിൽ പൊലീസ് ഓഫിസർ ജയിംസ് ഇർബിയെ(38) വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്കു വിധിക്കപ്പെട്ട കാൾ വയ്ൻ ബൻഷന്റെ (78) ശിക്ഷ നടപ്പാക്കി. ഏപ്രിൽ 21 വ്യാഴാഴ്ച വൈകിട്ട് ആറുമണിക്കു ടെക്സസ് ഹണ്ട്സ്വില്ല ജയിലിൽ വച്ചായിരുന്നു വധശിക്ഷ. ഈ വർഷം ടെക്സസിൽ നടപ്പാക്കുന്ന ആദ്യ വധശിക്ഷയാണിത്.

ഹൂസ്റ്റൺ പൊലിസിൽ 20 വർഷം സർവീസുള്ള ഇർബിയെ ട്രാഫിക് സ്റ്റോപ്പിനിടയിലായിരുന്നു പ്രതി വെടിവച്ചു കൊലപ്പെടുത്തിയത്. 1990 ജൂൺ മാസം പ്രതിയെ വധശിക്ഷക്കു വിധിച്ചു. 2009 ൽ ഇയാളുടെ ശിക്ഷ അപ്പീൽ കോർട്ട് റദ്ദാക്കിയിരുന്നുവെങ്കിലും മൂന്നു വർഷത്തിനു ശേഷം മറ്റൊരു ജൂറിയാണു വധശിക്ഷ വീണ്ടും വിധിച്ചത്.

നിരവധി കേസുകളിൽ പ്രതിയായ കാൾ സംഭവം നടക്കുന്നതിനു രണ്ടാഴ്ച മുൻപാണു മറ്റൊരു കേസിലെ ജാമ്യത്തിൽ ഇറങ്ങിയത്. കഴിഞ്ഞ വെള്ളിയാഴ്ച സുപ്രീം കോടതി വധശിക്ഷ ശരിവച്ചിരുന്നു.രണ്ടുകുട്ടികളുടെ പിതാവായിരുന്ന ജയിംസ് ഇർബി പൊലീസ് ഓഫിസർ ജോലിയിൽ നിന്നു റിട്ടയർ ചെയ്യുന്നതിനുള്ള പേപ്പറുകൾ ശരിയാക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി മരണം സംഭവിച്ചത്. 2018 ൽ അലബാമയിൽ 83 വയസ്സുള്ള വാൾട്ടർ റൂഡിയാണ് അമേരിക്കയിലെ ആദ്യ ഏറ്റവും പ്രായം കൂടിയ വധശിക്ഷ ലഭിച്ച പ്രതി.

പ്രായാധിക്യം ശരീരത്തെ തളർത്തുകയും വീൽ ചെയറിനെ ആശ്രയിക്കുകയും ചെയ്യുന്ന പ്രതി സമൂഹത്തിനു ഭീഷണിയല്ലെന്നു കോടതിയിൽ പ്രതിഭാഗം അറ്റോർണി വാദിച്ചെങ്കിലും അംഗീകരിച്ചില്ല. വിഷം കുത്തിവച്ചു വധശിക്ഷ നടപ്പാക്കുമ്പോൾ തന്റെ ആത്മീയ ആചാര്യൻ സമീപത്തു നിന്ന് ഉറക്കെ പ്രാർത്ഥിക്കുകയും തന്റെ ശരീരത്തിൽ സ്പർശിക്കുകയും വേണമെന്ന ആവശ്യം മാർച്ച് മാസം സുപ്രീം കോടതി അംഗീകരിച്ചിരുന്നു.

6 മണിക്ക് മാരകമായ വിഷമിശ്രിതം കുത്തിവയ്ക്കുമ്പോൾ സങ്കീർത്തനം 23ാം അധ്യായം ഉറക്കെ വായിച്ചിരുന്നു. വിഷം സിരകളിലേക്കു വ്യാപിച്ചതോടെ ദീർഘമായി രണ്ടു ശ്വാസമെടുത്തു ശരീരം നിശ്ചലമായി. 6.09ന് മരണം സ്ഥിരീകരിച്ചു.