ന്യൂയോർക്ക്: ക്യൂൻസിൽ വീട്ടമ്മയെ വീട്ടിലെ കത്തി ഉപയോഗിച്ചു കുത്തി കൊലപ്പെടുത്തിയ പ്രതിയെ അറസ്റ്റ് ചെയ്തതായി ക്യൂൻസ് പൊലീസ് അറിയിച്ചു. ഒർസൊല്യ ഗാലിനെ(51) എന്ന വീട്ടമ്മയെ ഡേവിഡ് ബൊണോലയെ (44) എന്നയാൾ 58 തവണ ആണു കുത്തിയത്.

കഴിഞ്ഞ വെള്ളിയാഴ്ച നടന്ന സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തത് ഏപ്രിൽ 21 വ്യാഴാഴ്ച രാവിലെയാണ്. കുറ്റം സമ്മതിച്ച പ്രതിക്കെതിരെ കൊലക്കുറ്റത്തിനും തെളിവുകൾ നശിപ്പിച്ചതിനും കേസെടുത്തിട്ടുണ്ട്. രണ്ടു വർഷമായി രഹസ്യബന്ധത്തിൽ ഏർപ്പെട്ടിരുന്ന ഡേവിഡ് കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 12.40 ന് വീട്ടിൽ എത്തി.

ഈ സമയം ഒർസൊല്യ 13 വയസ്സുള്ള മകൻ വീടിന്റെ ഒന്നാം നിലയിൽ കിടന്നുറങ്ങുകയായിരുന്നു. ഭർത്താവും മൂത്തമകനും കോളജ് അഡ്‌മിഷനുവേണ്ടി വെസ്റ്റ് കോസ്റ്റിലായിരുന്നു. വീട്ടിലെത്തിയ പ്രതിയും വീട്ടമ്മയും തമ്മിൽ തർക്കം ഉണ്ടാകുകയും വീട്ടിലുണ്ടായിരുന്ന കത്തിയെടുത്തു വീട്ടമ്മയെ കഴുത്തിലും വയറിലും ശരീരഭാഗങ്ങളിലും 58 തവണ കുത്തുകയുമായിരുന്നു.

തുടർന്നു മകന്റെ ഹോക്കിസ്റ്റിക്കിന്റെ ബാഗിൽ ശരീരം വച്ചു കെട്ടി അതുമായി പുലർച്ച നാലു മണിയോടെ ഡേവിഡിന്റെ മൂന്നു മൈൽ അകലെയുള്ള വീട്ടിലേക്കു പോയി. പോകുന്ന വഴിയിൽ പ്രതി ധരിച്ചിരുന്ന ജാക്കറ്റ് ഉപേക്ഷിക്കുകയും ശരീരം ഡംപ്സ്റ്ററിൽ നിക്ഷേപിക്കുകയും ചെയ്തു. ശനിയാഴ്ച ഇയാൾ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ കൈക്കേറ്റ മുറിവുകൾ വച്ചുകെട്ടുന്നതിനു പോയിരുന്നു.

വീടിനു സമീപത്തുള്ള വിഡിയോ ചിത്രങ്ങളിൽ പ്രതിയുടെ ചിത്രം പതിഞ്ഞിരുന്നു. ചൊവ്വാഴ്ച രാത്രി തന്നെ പൊലിസ് പ്രതിയെ കണ്ടെത്തിയിരുന്നുവെങ്കിലും വ്യാഴാഴ്ചയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഒർസൊല്യയുടെ വീട്ടിലെ പണിക്കു രണ്ടു വർഷം മുൻപു ഹാൻഡിമാനായിരുന്ന ഡേവിഡ് എത്തിയിരുന്നു. അതിനുശേഷമാണു ബന്ധം സ്ഥാപിച്ചത്. ഇതേ കുറിച്ചു ഭർത്താവിനറിയില്ലായിരുന്നുവെന്നാണു പൊലിസ് പറയുന്നത്.സംഭവത്തിൽ 13 വയസ്സുള്ള മകനെ പൊലിസ് ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു. 20 വയസ്സിൽ മെക്സിക്കോയിൽ നിന്നു യുഎസിൽ എത്തിയ ആളാണു ഡേവിഡ്.