വാഷിങ്ടൻ ഡിസി : പാക്കിസ്ഥാനിൽ പര്യടനം നടത്തുന്ന യുഎസ് കോൺഗ്രസ് അംഗം ലാൻ ഒമറിന്റെ പാക്ക് അധീന കശ്മീർ സന്ദർശനത്തെ അപലപിച്ച് ഇന്ത്യ. ഏപ്രിൽ 20 മുതൽ 24 വരെയാണ് ഒമർ പാക്കിസ്ഥാൻ പര്യടനം നടത്തുന്നത്. ഇന്ത്യയുടെ അഖണ്ഡതയെ ചോദ്യം ചെയ്യുന്നതും സ്വാതന്ത്ര്യത്തെ ഹനിക്കുന്നതുമായ ഒമറിന്റെ സന്ദർശനം ഒമറിന്റെ ഇടുങ്ങിയ രാഷ്ട്രീയ ചിന്താഗതിയെയാണു പ്രതിഫലിപ്പിക്കുന്നതെന്ന് ഇന്ത്യൻ വിദേശകാര്യവകുപ്പ് വക്താവ് അറിൻഡം ബക്ഷി അഭിപ്രായപ്പെട്ടു. അവർ ഉൾപ്പെടുന്ന രാജ്യത്തോ അവരുടെ ബിസിനസ്സിലോ അവർക്കു എന്തുമാകാം എന്നാൽ ഇന്ത്യയുടെ അതിർത്തിയെ ബാധിക്കുന്ന വിഷയങ്ങളിൽ ഇടപെടുന്നതു തികച്ചും പ്രതിഷേധാർഹമാണെന്നും വക്താവ് ചൂണ്ടിക്കാട്ടി.

അതേസമയം, പാക്കിസ്ഥാൻ സന്ദർശനത്തിനിടയിൽ അധികാരത്തിൽ നിന്നു പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഇമ്രാൻ ഖാനെ സന്ദർശിച്ച ഒമറിന്റെ നടപടിയെ ചോദ്യം ചെയ്തു പാക്കിസ്ഥാൻ ഇന്റീരിയർ മിനിസ്റ്റർ റാണാ സനുള്ളയും രംഗത്തെത്തി.ഇതൊരു ഗൂഢാലോചനയുടെ ഭാഗമോ, അതോ ആഭ്യന്തര ഇടപെടലോ റാണാ ഒരു പ്രസ്താവനയിൽ ചോദിച്ചു.

തന്നെ ഭരണത്തിൽ നിന്നു നീക്കം ചെയ്യുന്നതിനു പ്രതിപക്ഷം യുഎസ്സുമായി ഗൂഢാലോചന നടത്തിയെന്ന് ഇമ്രാൻഖാൻ ആവർത്തിച്ച് ആരോപിച്ചിട്ടും എന്തുകൊണ്ടാണ് യുഎസ് കോൺഗ്രസ് അംഗം അദ്ദേഹത്തെ സന്ദർശിച്ചതെന്നും റാണാ ചോദിച്ചു. കളങ്കിതനായ മുൻ പ്രധാനമന്ത്രി നിരപരാധിയാണെന്നു ജനങ്ങൾക്കു മുമ്പിൽ ബോധ്യപ്പെടുത്തണം. ഇതിനെകുറിച്ചു അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്നും മന്ത്രി അറിയിച്ചു.

യുഎസ് കോൺഗ്രസ്സിലെ രണ്ടു മുസ്ലിം അംഗങ്ങളിൽ ഒരാളാണ് ഒമർ. സൊമാലിയായിൽ ജനിച്ച ഇവർ അവിടെ ആഭ്യന്തര കലാപത്തെ തുടർന്ന് 6ാം വയസ്സിലാണ് അമേരിക്കയിൽ എത്തുന്നത്. 1990 ൽ അമേരിക്കയിൽ എത്തിയ ഇവർ 1997 ൽ മിനിസോട്ടയിൽ താമസമാക്കി. അവിടെ നിന്നാണു യുഎസ് കോൺഗ്രസിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്.