ദോഹ: ഖത്തറിന്റെ സാംസ്‌കാരിക തലസ്ഥാനമായ കതാറയുടെ ചരിത്രത്തിൽ അപൂർവാനുഭവമായി മലയാളി റമദാൻ സംഗമം . ലോക ശ്രദ്ധ നേടിയ കതാറ ആംഫി തിയേറ്ററിന്റെ വിശാലമായ വേദിയിൽ ഇതാദ്യമായി നടന്ന മലയാള റമദാൻ പ്രഭാഷണം കേൾക്കാൻ ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരങ്ങൾ ഒഴുകിയെത്തി. തിങ്ങി നിറഞ്ഞ ആംഫി തിയറ്റർ മഹാമാരിക്കു ശേഷമുള്ള മലയാളികളുടെ റമദാൻ സംഗമ വേദി കൂടിയായി.

റമദാനിന്റെ സന്ദേശവും ആത്മാവും ദോഹയിലെ ആയിരക്കണക്കിന് മലയാളി കുടുംബങ്ങൾക്ക് പകർന്നു നൽകുന്നത് ലക്ഷ്യം വച്ച് ഖത്തർ ഇസ്ലാമിക കാര്യമന്ത്രാലയം- കതാറ കൾച്ചറൽ വില്ലേജുമായി സഹകരിച്ച് ആംഫി തിയേറ്ററിൽ സംഘടിപ്പിച്ചതാണ് കതാറ റമദാൻ സംഗമം.യുവപണ്ഡിതനും വാഗ്മിയും കേരള ഇസ്ലാമിക പണ്ഡിത സഭാംഗവും സെന്റർ ഫോർ സ്റ്റഡി ആൻഡ് റിസർച് ദോഹ ഡയറക്ടറുമായ ഡോ. അബ്ദുൽവാസിഅ് ധർമഗിരി സംഗമത്തിൽ റമദാൻ പ്രഭാഷണം നടത്തി.

ജീവിതവിഭവങ്ങൾ ഉള്ളവർ ഇല്ലാത്തവർക്ക് പകുത്തുനൽകുന്നതിലൂടെ സാമൂഹിക സന്തുലിതത്വം സൃഷ്ടിക്കാനുള്ള ശ്രമമാണ് റമദാനിൽ നടക്കേണ്ടതെന്നു ഡോ. അബ്ദുൽവാസിഅ് ധർമഗിരി പ്രഭാഷണത്തിൽ ആഹ്വനം ചെയ്തു
.
നോമ്പെടുത്തിട്ടും അയൽക്കാരന്റെ വിശപ്പിന്റെ വിളി കേൾക്കാതിരിക്കുന്ന അവസ്ഥയിൽ നോമ്പിന്റെ ആത്മാവ് നഷ്ടപ്പെടും. ദാന ധർമ്മങ്ങൾ മുറപോലെ അനുഷ്ഠിച്ചിട്ടും കൊടുക്കുന്നവൻ വാങ്ങുന്നവൻ എന്ന അനുപാതത്തിൽ മാറ്റങ്ങൾ സംഭവിക്കുന്നില്ലെങ്കിൽ റമദാൻ മുന്നോട്ടു വെക്കുന്ന സാമൂഹിക വിഭാവന പൂർത്തിയാക്കപ്പെടുന്നില്ല.

വിശപ്പും ദാഹവുമറിയുന്നവനേ സഹജീവിയുടെ വേദനയറിയൂ. വയറൊട്ടിയവന്റെ വേവലാതികളറിയാതെ ധൂർത്തും ദുർവ്യയവുമായി ഇഫ്താറുകൾ ആഘോഷമാക്കുന്നവർ നോമ്പിന്റെ പൊരുളറിയാത്തവരാണ്. ഇസ്ലാമിലെ എല്ലാ ആരാധനകളിലും സാമൂഹികതയുടെ മുഖം കൂടിയുണ്ട്. കർമങ്ങളിലെ പോരായ്മകൾക്ക് നിശ്ചയിക്കപ്പെട്ട പ്രായശ്ചിത്തങ്ങളിലെല്ലാം സമൂഹത്തോടുള്ള പ്രതിബദ്ധത ഉയർത്തിപ്പിടിക്കുന്ന ദർശനമാണ് ഇസ്ലാം. ദുർബലരുടെയും അരികുവത്കരിക്കപ്പെട്ടവരുടെയും വിമോചനവും വിഭവങ്ങളുടെ പങ്കുവെപ്പും നിർബന്ധമാക്കുക വഴി വിശ്വാസിയുടെ സാമൂഹികപ്രതിബദ്ധതയെ ഊട്ടിയുറപ്പിക്കുകയാണ് ഇസ്ലാം ചെയ്യുന്നത്. ദേശത്യാഗം ചെയ്ത് മദീനയിലെത്തിയ വിശ്വാസി സംഘത്തിന് ജീവിതവിഭവങ്ങൾ വാരിക്കോരി നൽകി ചേർത്തുനിർത്തിയ പാരമ്പര്യമാണ് ഇസ്ലാമിനുള്ളത്.

ദുർബലന്റെ പ്രാർത്ഥനകളാണ് ലോകത്തെ സുഗമമായി മുന്നോട്ടുനയിക്കുന്നതെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

മോഹങ്ങളെ നിയന്ത്രിച്ചും ആത്മീയമായി ഉയർത്തിയും ജീവിതത്തിന്റെ വിവിധ മേഖലകളിൽ മാതൃകായോഗ്യരായ മനുഷ്യരെ സൃഷ്ടിച്ചെടുക്കുകയാണ് നോമ്പ് എന്ന് പരിപാടിയിൽ ആമുഖ ഭാഷണം നിർവഹിച്ച ടി .കെ ഖാസിം പറഞ്ഞു. ഇസ്ലാമോഫോബിയയുടെ കാലഘട്ടത്തിൽ ആത്മാഭിമാനത്തോടെ എഴുന്നേറ്റ് നിൽക്കാൻ വിശ്വാസികളെ പ്രാപ്തമാക്കുന്നതാണ് വ്രതാനുഷ്ഠാനമെന്നും അദ്ദേഹം ഉണർത്തി.

ഡോ. അബ്ദുൽ വാസിഇനുള്ള മന്ത്രാലയത്തിന്റെ ഉപഹാരം അബ്ദുല്ലാഹ് ബിൻ സൈദ് കൾച്ചറൽ സെന്റർ കമ്മ്യൂണിറ്റി മാനേജർ നാസിർ ബിൻ ഇബ്‌റാഹിം അൽ മന്നാഇ സമ്മാനിച്ചു.

യാസിർ ഇല്ലത്തൊടി പരിപാടി നിയന്ത്രിച്ചു. ഹംസ മുഹ് യുദ്ദീൻ ഖിറാഅത്തും നൗഫൽ പാലേരി നന്ദിയും പറഞ്ഞു.