അജ്മാൻ: അമിതവേഗത്തിൽ വാഹനമോടിക്കുന്നവർക്ക് കർശന മുന്നറിയിപ്പുമായി അജ്മാൻ പൊലീസ്. പരമാവധി വേഗപരിധിയായ മണിക്കൂറിൽ 60 കിലോമീറ്ററിന് മുകളിൽ വാഹനമോടിക്കുന്നവർക്ക് 1,500 ദിർഹം പിഴയും ആറ് ബ്ലാക്ക് പോയിന്റുകളുമാണ് ശിക്ഷയായി ലഭിക്കുക.

നിയമലംഘനം നടത്തുന്നവരുടെ വാഹനങ്ങൾ 15 ദിവസത്തേക്ക് പിടിച്ചെടുക്കുമെന്നും അജ്മാൻ പൊലീസ് അറിയിച്ചു. വാഹനാപകടങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ മറ്റ് എമിറേറ്റുകളിലെയും അധികൃതർ വാഹനമോടിക്കുന്നവരോട് പ്രത്യേകിച്ച് റമദാനിൽ വേഗപരിധി പാലിക്കണമെന്ന് ആവശ്യപ്പെട്ടു.

ഇഫ്താറിനും തറാവീഹ് നമസ്‌കാരത്തിനും മുമ്പുള്ള അമിതവേഗമാണ് വാഹനാപകടങ്ങളുടെ പ്രധാന കാരണങ്ങളിലൊന്ന്. റാസൽഖൈമ ട്രാഫിക് വിഭാഗത്തിന്റെ മുൻവർഷത്തെ കണക്ക് പ്രകാരം അമിതവേഗവും ട്രാഫിക് നിയമങ്ങൾ പാലിക്കാത്തതും ഇഫ്താർ സമയത്തിന് മുമ്പ് റെഡ് ലൈറ്റ് മറികടക്കുന്നതുമാണ് അപകടങ്ങളുടെ പ്രാഥമിക കാരണം. ഇക്കാര്യങ്ങൾ വാഹനമോടിക്കുന്നവർ ശ്രദ്ധിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.