- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
തെരുവുകളിൽ കൂട്ടിയിട്ട് ഖുർആൻ കത്തിക്കുന്നു; ഈ ഭൂമിയിൽ ഒരു മുസ്ലിം പോലുമില്ലാത്തതായിരിക്കും നല്ല കാര്യമെന്ന് പരസ്യമായി പറയുന്നു; തിരിച്ചടിയായി നഗരം കത്തിച്ച് ഇസ്ലാമിസ്റ്റുകളും; ഭൂമിയിലെ ഏറ്റവും സമാധാനമുള്ള സ്ഥലം എന്ന് അറിയപ്പെട്ടിരുന്ന സ്‌കാൻഡനേവിയ കലാപഭൂമിയാവുന്നു; ഇസ്ലാം ഭീതിയിൽ യൂറോപ്പിൽ തീവ്ര വലതുപക്ഷം ശക്തമാവുമ്പോൾ
ഭൂമിയിൽ ഒരു സ്വർഗം ഉണ്ടെങ്കിൽ അത് സ്‌കാനഡനേവിയൻ രാജ്യങ്ങൾ ആണെന്നാണ് പൊതുവെ പറഞ്ഞുകേട്ടിരുന്നുത്. ലോകത്തിലെ ഹാപ്പിനസ് ഇൻഡക്സിൽ എല്ലായിപ്പോഴും ആദ്യത്തെ പത്തിൽ സ്ഥാനം പിടിക്കുന്നു രാജ്യങ്ങൾ. വിദ്യാഭ്യാസ പുരോഗതി, ആരോഗ്യ മേഖലയിലെ മികവ്, ഉയർന്ന ജീവിത നിലവാരം, കുറഞ്ഞ കുറ്റകൃത്യ നിരക്ക്, കുറഞ്ഞ തൊഴിലില്ലായ്മ, സാമൂഹിക സുരക്ഷാപദ്ധതികൾ തുടങ്ങിയവയുമായി ശ്രദ്ധേയമായ രാജ്യങ്ങൾ. നോർവേ, സ്വീഡൻ, ഡെന്മാർക്ക്, ഫിൻലൻഡ് തുടങ്ങിയ രാജ്യങ്ങളെ ശാന്തമായി ഒഴുകുന്ന ഒരു പുഴയോടാണ് സാമൂഹിക ശാസ്ത്രജ്ഞന്മാർ വിശേഷിപ്പിക്കാറുള്ളത്.
ഈ ശാന്തതക്കും സമാധാനത്തിനുമെല്ലാം പ്രധാനകാരണമായി അവിടെ നടന്ന പഠനങ്ങളിൽ എടുത്തുപറയുന്ന കാര്യം ആ നാട് ഒരു മതരഹിത സമൂഹം ആണെന്നാണ്. അതായത് മതങ്ങൾ ഇല്ല എന്നല്ല, പൊതുസമൂഹത്തിൽ മതം പ്രബലമല്ല എന്നതാണ ഉദ്ദേശിക്കുന്നുത്. നോർഡിക്ക് രാജ്യങ്ങളിൽ 2018ൽ നടന്ന സർവേയിൽ അവിടുത്തെ 58 ശതമാനം ആളുകളും മതാനുഷ്ഠാനങ്ങൾ പിന്തുടരുന്നവർ അല്ല എന്ന് കണ്ടെത്തിയിട്ടുണ്ട്. 18 ശതമാനം പേർ കട്ട നിരീശ്വരവാദികളും. വിവാഹം മരണം തുടങ്ങിയ ഒന്നോ രണ്ടോ അവസരങ്ങളിൽ ഒഴിച്ചാൽ ഈ രാജ്യങ്ങളിലെ ഭൂരിഭാഗംപേരും മതാനുഷ്ഠാനങ്ങളെക്കുറിച്ച് ചിന്തിക്കുന്നുപോലുമില്ല. പുരോഹിതന്മാർ ഇല്ലാത്തതിനിൽ ഇവിടുത്തെ പല ക്രിസ്ത്യൻ പള്ളികളും അടഞ്ഞ് കിടക്കയാണ്. അവ വിശേഷ അവസരങ്ങളിലാണ് തുറന്ന് പ്രവർത്തിക്കാറുള്ളത്. ചില പള്ളികളാവട്ടെ ഹെറിറ്റേജ് ഹോട്ടലുകളും ഡാൻസ് ബാറുകളുമായി മാറിക്കഴിഞ്ഞു. പള്ളിയുടെ ഒരു ഭാഗം ഇത്തരം ആവശ്യങ്ങൾക്ക് വിട്ടുകൊടുത്ത് പണം കണ്ടെത്തുന്ന രീതിയും ഈ രാജ്യങ്ങളിലുണ്ട്.
സ്‌കാൻഡനേവിയൻ രാജ്യങ്ങളെ മുൻ നിർത്തി മതരഹിത സമൂഹം എന്ന ചർച്ച പ്രൊഫസർ ഫിൽ സുക്കർമാനെപോലുള്ളവർ ഉയർത്തിയിട്ടുണ്ട്. താനൊരു വിശ്വാസിയാണെന്ന് പലരും പറയുന്നതുപോലും അൽപ്പം ലജ്ജയോടെയാണെന്നാണ് സുക്കർമാൻ തന്റെ പുസ്തകത്തിൽ പറയുന്നത്. എന്നാൽ ഈ നാടുകളിൽ ഇപ്പോൾ മതത്തിനും തീവ്രവലതുപക്ഷ വികാരത്തിനും, ചെറിയതോതിലാണെങ്കിലും സ്പേസ് കിട്ടുന്നുവെന്നത് ശരിക്കും ഞെട്ടിക്കുന്നതാണ്. അതിനുവഴിവെച്ചതാവട്ടെ ഈ നാട്ടിലേക്ക് ഉണ്ടായ കുടിയേറ്റവുമാണ്.
സിറിയൻ- അഫ്ഗാൻ അഭയാർഥികളെ സ്വീകരിക്കുന്ന കാര്യത്തിൽ ഇസ്ലാമിക രാജ്യങ്ങൾപോലും മടിച്ചുനിന്നപ്പോൾ, അവരെ സ്വീകരിച്ച നാടാണിത്. ഇപ്പോൾ അതേ 'കുറ്റത്തിന്റെ' പേരിൽ ഈ രാജ്യങ്ങൾ അനുഭവിക്കയാണ്. അഭയാർഥികൾ ആയി എത്തിയവരും കുടിയേറി എത്തിയവരുമായ മുസ്്ലീം ജനസംഖ്യ വർധിച്ചതോടെയാണ് ഈ രാജ്യങ്ങളിൽ പ്രശ്നവും തുടങ്ങിയത്. ഇതോടെ ശാന്തമായി ഒഴുകുന്ന ഈ നാടിന്റെ അവസ്ഥ തെറ്റി. വർഗീയതയും വംശീയതയും പ്രതി വർഗീയതക്ക് വഴിവെക്കുന്നു. അവിടെ ക്രിസ്ത്യൻ വർഗീയവാദത്തിന് വേരുണ്ടാകുന്നു. പള്ളികൾ ഉയർത്തെഴുനേൽക്കുന്നു. തീവ്ര വലതുപക്ഷ സംഘടകൾ ഉണ്ടാവുന്നു. അവർ ഖുർആൻ കത്തിക്കുന്നു. അതിന്റെ പേരിൽ ഇസ്ലാമിസ്റ്റുകൾ നാടിന് തീയിടുന്നു. കഴിഞ്ഞ ഈസ്റ്റർ ദിനം മുതൽ സ്വീഡൻ നിന്നു കത്തുകയാണ്.
ഖുർആൻ കത്തിക്കലും, കലാപവും
സ്വീഡനിലെ ഇപ്പോഴത്തെ പ്രശ്നങ്ങൾ തുടങ്ങിയത് റാസ്മസ് പലൂദാൻ എന്ന തീവ്രവലതുപക്ഷ നേതാവിന്റെ ഖുർആൻ കത്തിക്കൽ കാമ്പയിനിലൂടെയാണ്. അടിമുടി അമാനവികതയും മറ്റു മതസ്ഥർക്ക് ഭീഷണിയുമായ ഗ്രന്ഥമാണ് ഖുറാനെന്ന് ആരോപിച്ചാണ് പലുദാൻ ഈ കാമ്പയിൻ നടത്തുന്നത്. കഴിഞ്ഞ വ്യാഴാഴ്ച സ്വീഡനിലെ തക്കൻ ലിൻകോപിങ് എന്ന സ്ഥലത്തെത്തിയ ഇയാൾ തുറസായ സ്ഥലത്തുവെച്ച് ഖുർആൻ കോപ്പി കത്തിക്കുകയായിരുന്നു. ഇതിന് തൊട്ടുപിന്നാലെ തന്നെ പ്രദേശത്ത് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു.
റാസ്മസ് പലൂദാൻ റോഡിൽ വെച്ച് ഖുർആൻ കത്തിക്കാൻ ആരംഭിച്ചപ്പോൾ തന്നെ അവിടെ നിന്നിരുന്നവർ പ്രതിഷേധവുമായി അടുത്ത് കൂടിയിരുന്നു. പക്ഷേ പൊലീസ് ഇടപെട്ടിട്ടിട്ടും ഇയാൾ കേട്ടില്ല. പൗരന്മാർക്ക് വലിയ വ്യക്തി സ്വാതന്ത്ര്യം കൊടുക്കുന്ന രാജ്യമാണ് സ്വീഡൻ. പ്രതിഷേധത്തിന്റെ പേരിൽ പൗരനെ അടിച്ചോടിക്കാനൊന്നും ഇവിടെ കഴിയില്ല. മതനിന്ദാ നിയമം നിലവിലില്ലാത്ത രാജ്യമാണിത്. വിശുദ്ധ ഗ്രന്ഥം എന്ന പ്രവിലേജ് ഇവിടെ ബൈബിൾ അടക്കം ഒരു മതഗ്രന്ഥത്തിനുമില്ല. അതുകൊണ്ടുതന്നെ ഒരു രാഷ്ട്രീയ പ്രതിഷേധത്തെ അടിച്ചമർത്താൻ പൊലീസിന് കഴിഞ്ഞില്ല. എന്നാൽ പൊലീസ് നിഷ്‌ക്രിയരായി നോക്കി നിൽക്കെ അവർ ഖുർആൻ കത്തിച്ചുവെന്നാണ് പ്രചാരണം വന്നത്.
ഈസ്റ്റർ ദിനം കലാപത്തിന്റെ ദിവസമായിരുന്നു. ഇസ്ലാമിക വിശ്വാസികളിലെ ഒരു വിഭാഗം കൂട്ടമായി രംഗത്തിറങ്ങിയതോടെ സ്വീഡനിലെ നഗരങ്ങൾ കത്താൻ തുടങ്ങി. കഴിഞ്ഞ ഒരാഴ്ചയായി പ്രതിഷേധം തുടരുകയാണ്. നോർകോപിങ്, ലിങ്കോപിങ് നഗരങ്ങളിലെ പ്രതിഷേധ റാലികളിൽ നൂറുക്കണക്കിനാളുകൾ പങ്കെടുത്തു. പ്രതിഷേധ റാലി അക്രമാസ്‌കതമായപ്പോൾ പൊലീസ് വെടിയുതിർത്തത് വലിയ സംഘർഷത്തിനിടയാക്കി. പൊലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 10 പേർക്ക് പരിക്കേറ്റു.
സ്വീഡനിൽ ഇതുപോലെ ഒരു കലാപം കണ്ടിട്ടില്ലെന്നാണ് ക്രമസമാധാനച്ചുമതലയുള്ള പൊലീസ് മേധാവി പറയുന്നത്.നിരവധി വാഹനങ്ങൾ കലാപത്തിൽ അഗ്‌നിക്കിരയാക്കി. മൽമോ നഗരത്തിൽ പ്രതിഷേധക്കാർ ബസുൾപ്പെടെ നിരവധി വാഹനങ്ങൾ കത്തിച്ചു. പലയിടത്തും പൊലീസ് പ്രതിഷേധക്കാരുടെ അക്രമം ഭയന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. ഇതും വലിയ വിമർശനത്തിന് ഇടയാക്കി. പൊതുവെ അക്രമങ്ങൾ പതിവില്ലാത്ത രാഷ്ട്രം ആയതുകൊണ്ട് സ്വീഡനിൽ പൊലീസിന് വലിയ ആയുധങ്ങൾ നൽകിയിരുന്നില്ല. പൊലീസിന്റെ എണ്ണവും കുറവായിരുന്നു. ഈ അക്രമങ്ങളുടെ ഫലമായി സ്വീഡൻ എന്ന ലിബറൽ രാഷ്ട്രവും കർശനമായ പൊലീസിങ്ങിലേക്ക് നീങ്ങുകയാണ്.
.
ഈ പ്രശ്നം 2015ലും 18ലും 19ലും സ്വീഡനിൽ ഉണ്ടായിരുന്നു. ഇത്തരം കലാപങ്ങൾ ഒരിക്കലും സ്വീഡനിൽ ഒതുങ്ങിയിരുന്നില്ല. നോർവേ, ഡെന്മാർക്ക് എന്ന തൊട്ടടുത്ത രാജ്യങ്ങളിലും കലാപം പടർന്നിരുന്നു. അതിന്റെ ലാഞ്ചനകൾ ഇപ്പോഴേ കാണാറുണ്ട്.
ആരാണ് റാസ്മസ് പലൂദാൻ?
ഇതിനെല്ലാം പ്രത്യക്ഷ കാരണക്കാരൻ ഡെന്മാർക്ക് സ്വദേശിയായ റാസ്മസ് പലൂദാൻ എന്ന വലതുപക്ഷ രാഷ്ട്രീയക്കാരനാണ്. തന്റെ ആശയങ്ങൾ പ്രചരിപ്പിക്കാൻ മാത്രം അദ്ദേഹം 2017 മുതൽ യുട്യൂബിൽ ചാനൽ തുടങ്ങി വീഡിയോകൾ പങ്കുവെയ്ക്കുന്നുണ്ട്. ഡെന്മാർക്കിലെ കോപ്പൻഹേഗൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് നിയമബിരുദം നേടിയിട്ടുണ്ട്. നേരത്തെ ഡെന്മാർക്കിൽ ഇയാൾ ഖുറാൻ കത്തിച്ചുള്ള സമരത്തിന് നേതൃത്വം നൽകിയിരുന്നു. അന്നും ലോകം മുഴുവനും അതിശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. സ്‌കാൻഡനേവിയൻ രാജ്യങ്ങളിൽ കലാപവും ഉണ്ടായിരുന്നു.
പിന്നീട് 2019 ലെ മുസ്ലിം വിരുദ്ധ പ്രസംഗത്തിന്റെ പേരിൽ 14 ദിവസം ഡെന്മാർക്ക് ഇയാളെ ജയിലിലും അടച്ചിരുന്നു. ആ സംഭവത്തിന് ശേഷം വലിയ പ്രശ്‌നങ്ങളൊന്നും സൃഷ്ടിക്കാതിരുന്ന പലൂദാൻ കൃത്യം ഒരു വർഷത്തിന് ശേഷം വീണ്ടും ഇസ്ലാം വരുദ്ധ പ്രചരാണവും ഖുറാൻ കത്തിക്കലും നടത്തി. ആ സംഭവത്തിൽ ഇയാൾ രണ്ട് മാസം കൂടി തടവ് ശിക്ഷ ലഭിച്ചു.
പലൂദാന്റെ പിതാവ് സ്വീഡൻകാരനാണ്. അതിനാൽ തന്നെ ഇദ്ദേഹത്തിന് സ്വീഡനിലും പൗരത്വമുണ്ട്. പാർട്ടിക്ക് അനുയായികളും ഉണ്ട്. ഇതിന് മുൻപ് 2020ലും ഇദ്ദേഹം സ്വീഡനിലെ മാൽമോയിൽ ഖുറാൻ കത്തിച്ച് സമരം നടത്തിയിരുന്നു. അന്നും പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു ധാരാളം വാഹനങ്ങൾക്ക് പ്രതിഷേധകർ തീയിട്ടിരുന്നു. ഇതിന്റെ പേരിൽ രണ്ട് വർഷം സ്വീഡൻ ഇദ്ദേഹത്തിന് പ്രവേശനവിലക്കും ഏർപ്പെടുത്തിയിരുന്നു. എന്നിട്ടും അയാൾ മാറിയില്ല. ഇപ്പോളിതാ ഇയാളുടെ പ്രവർത്തിയിൽ വീണ്ടും സ്വീഡന്റെ നഗരങ്ങൾ നിന്നു കത്തുകയാണ്.
'എന്റെ ശത്രു ഇസ്ലാമും മുസ്ലിങ്ങളുമാണ്. ഈ ഭൂമിയിൽ ഒരു മുസ്ലിം പോലുമില്ലാത്തതായിരിക്കും ഏറ്റവും മികച്ച കാര്യം. എങ്കിൽ നമ്മൾ അന്തിമലക്ഷ്യത്തിലെത്തി'- 2018ൽ പുറത്തിറക്കിയ വീഡിയോയിൽ പലൂദാൻപറഞ്ഞ വാക്കുകളാണിത്. എന്നാൽ ഇദ്ദേഹത്തിന്റെ പാർട്ടി സ്ട്രാം കുർസ് പക്ഷെ 2019ൽ ഡെന്മാർക്ക് തെരഞ്ഞെടുപ്പിൽ ഒരൊറ്റ സീറ്റ് പോലും നേടാനാവാതെ അതി ദയനീയമായി പരാജയപ്പെട്ടിരുന്നു. ഫ്രാൻസിലും ബെൽജിയത്തിലും ഇദ്ദേഹം ഖുറാൻ കത്തിച്ചുള്ള സമരത്തിന് നേതൃത്വം നൽകിയിരുന്നു. ഖുറാൻ കത്തിച്ചുള്ള സമരം ആവിഷ്‌കാര സ്വാതന്ത്ര്യമാണെന്നാണ് പലൂദാൻ എപ്പോഴും വാദിക്കാറുള്ളത്.
മാത്രമല്ല പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ളവർ മാത്രം സ്വീഡിനലും ഡെന്മാർക്കിലും കുടിയേറിയൽ മതി എന്ന അഭിപ്രായക്കാരൻ കൂടിയാണ് ഇയാൾ. ഇത്രയും തീവ്ര മത വംശീയ വെറിയുമായി നടക്കുന്നതുകൊണ്ടു തന്നെ ഇദ്ദേഹത്തിന് നേരെ വധശ്രമങ്ങളും നടന്നിട്ടുണ്ട്. 2020ൽ ഡെന്മാർക്കിലെ ആർതസിൽ ഒരു പ്രകടനത്തിന് തയ്യാറെടുക്കുമ്പോൾ കത്തിയുമായി ഒരാൾ പലൂദാന് നേരെ പാഞ്ഞടുത്തിരുന്നു. പക്ഷെ പൊലീസ് അന്ന് അയാളെ രക്ഷപ്പെടുത്തി. ഒരിക്കൽ ഇസ്ലാം വിരുദ്ധപ്രകടനം നടത്തുമ്പോൾ പലൂദാന് നേരെ, സിറിയയിൽ നിന്നും കുടിയേറി ഡെന്മാർക്കിലെത്തിയ 24കാരൻ, ഒരു പാറക്കഷണം എറിഞ്ഞു. അന്ന് ഭാഗ്യം കൊണ്ടാണ് അയാൾ രക്ഷപ്പെട്ടത്.
ഡെന്മാർക്കിലും സ്വീഡനിലും വർധിച്ചുവരുന്ന മുസ്ലിം ജനസംഖ്യയാണ് ഇയാളെ കൂടുതൽ ഇസ്ലാം വിരുദ്ധനാക്കുന്നുണ്ട്. 2017ലെ പ്യൂ റിസർച്ച് പ്രകാരം സ്വീഡനിൽ ഏകദേശം 8.1 ലക്ഷം മുസ്ലിങ്ങളുണ്ട്. ഇത് സ്വീഡനിലെ ആകെയുള്ള ഒരു കോടി ജനസംഖ്യയുടെ 8.1 ശതമാനം വരും. അഭൂതപൂർവ്വമായ ഇസ്ലാം വളർച്ച തടയണമെങ്കിൽ ഇനിയുള്ള ഇസ്ലാമിക രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം തടയണമെന്ന അഭിപ്രായക്കാരനാണ് പെലൂദാൻ. അതിന് തീവ്രമാർഗ്ഗം സ്വീകരിക്കേണ്ടി വരുമെന്നും അദ്ദേഹം ചിന്തിക്കുന്നു. ഡെന്മാർക്കിൽ 1980ൽ വെറും 0.6ശതമാനം മാത്രം മുസ്ലിങ്ങൾ ഉണ്ടായിരുന്നിടത്ത് 2020ലെ കണക്കെടുത്താൽ ഏകദേശം 2.56 ലക്ഷം മുസ്ലിങ്ങൾ ഉള്ളതായാണ് റസ്മുസ് പറയുന്നത്. ഇത് ഡെന്മാർക്കിലെ ആകെ ജനസംഖ്യയുടെ 4.4 ശതമാനം വരും. ഇവർ കുടിയേറിയ രാജ്യങ്ങളിൽ പ്രശ്നം ഉണ്ടാക്കുകയാണെന്നും ഇതിന്റെ പ്രതിഷേധമാണ് താൻ കാണിക്കുന്നതെന്നും പെലൂദാൻ പറയുന്നു. 2022 സെപ്റ്റംബറിൽ നടക്കുന്ന സ്വീഡിഷ് തെരഞ്ഞെടുപ്പിൽ ഇദ്ദേഹത്തിന്റെ പാർട്ടിയായ സ്ട്രാം കുർസ് മത്സരിക്കുന്നുണ്ട്.
ജനസംഖ്യകൂടുമ്പോൾ സ്വഭാവം മാറുന്നു
എന്നാൽ തീവ്രവലതുപക്ഷ സംഘടനകൾക്ക് ആരാണ് വളംവെച്ചത് എന്ന ചോദ്യവും ഇവിടെ ഉയരുന്നുണ്ട്. ജനസംഖ്യ കൂടുന്നതിന് അനുസരിച്ച് അഭയാർഥികളായി എത്തിയ മുസ്ലീങ്ങളുടെ സ്വഭാവവും മാറുകയാണെന്ന് കൃത്യമായ വിലയിരുത്തലുകൾ ഉണ്ട്. ജന്മനാട്ടിലെ ദുരതങ്ങൾ കാരണം നാടുവിട്ട് എത്തിയവർ പാശ്ചത്യ സംസ്‌ക്കാരവുമായി ഇഴുകിച്ചേരുകയല്ല ചെയ്യുന്നത്. അവർ തങ്ങളൂടെ തനത് രീതികളുമായി വേറിട്ട് നിൽക്കയാണ്. പട്ടിണിയും ദാരിദ്രവും മാറിയപ്പോൾ അവർ പലപ്പോഴും ജനാധിപത്യത്തെ അംഗീകരിക്കാതിരിക്കയും ഇസ്ലമിക ശരിയ്യക്ക് വേണ്ടി വാദിക്കുയുമാണ് ചെയ്യുന്നത്. ഭുരിപക്ഷം കിട്ടയാൽ ജനാധിപത്യത്തെ കുപ്പയിൽ എറിയണം എന്ന സമീപനമാണ് പലപ്പോഴും കുടിയേറ്റക്കാർ എടുക്കാറുള്ളത്. 'നൊ ഡെമോക്രസി വി വാണ്ട് ജസ്റ്റ് ഇസ്ലാം' എന്ന പ്ലക്കാർഡുകൾ ഉയർത്തി പരസ്യമായാണ് പ്രകടനം.
ഇതിന്റെ നല്ല ഉദാഹരമാണ് യൂറോപ്പിലെ കുടിയേറ്റ രാജ്യങ്ങളിൽ രൂപപ്പെട്ട ഗെറ്റോകൾ. അതായത് ഒരു പ്രദേശത്ത് ഒന്നിച്ച് അത് തങ്ങളുടേത് ആക്കുകയാണ്. രാജ്യത്തിനുള്ളിലെ മറ്റൊരു രാജ്യം എന്ന് പറയുന്നപോലെ ചില പ്രത്യേക പോക്കറ്റുകൾ. ഫ്രൻസിലെയും ഇംഗ്ലണ്ടിലെയും ഇത്തരം മുസ്ലിം പോക്കറ്റുകളിലേക്ക് കയറാൻ പൊലീസിന്പോലും പേടിയാണ്. അതുപോലെയുള്ള ഗൊറ്റോകൾ അവർ സ്‌കാൻഡനേവിയയിലും സൃഷ്ടിച്ചു കഴിഞ്ഞു. മാത്രമല്ല പൊതുവിദ്യാഭ്യാസത്തിന് ഒപ്പം സമാന്തരമായി മദ്രസാ വിദ്യാഭ്യാസവും നടത്തുകയും, അങ്ങനെ മതപരത വർധിപ്പിക്കുകയും ഇത്തരക്കാരുടെ പൊതുരീതിയാണ്. അടുത്തകാലത്തുണ്ടായ കലാപങ്ങളെ തുടർന്ന് ഫ്രാൻസ് ആ രാജ്യത്തേക്ക് പഠിപ്പിക്കൻ എത്തിയ മദ്രാസാ അദ്ധ്യാപകർക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു.
കുറ്റകൃത്യങ്ങളുടെ നിരക്കും കുടിയേറ്റ കേന്ദ്രങ്ങളിൽ പൊതുവെ കൂടുതലാണ്. കുറ്റം ചെയത് ഗെറ്റോയിൽ ഒളിക്കുക എന്നത്, ഇംഗ്ലണ്ടിലൊക്കെ കണ്ടുവരുന്ന വ്യാപകമായ രീതിയാണ്. അതുപോലെ ഇസ്ലാമിക വസ്ത്രമായ ഹിജാബ് ധരിക്കുക മാത്രമല്ല അങ്ങനെ ധരിക്കാത്തവരെ കളിയാക്കുന്നതും പ്രശ്നമുണ്ടാക്കുന്നു. മുഖ്യധാരയിൽനിന്ന് വേറിട്ടെന്നോണം പർദ ധരിച്ചാണ് ഇവിടെയും മുസ്ലിം സ്ത്രീകൾ പുറത്തിറങ്ങാറുള്ളത്. എന്നാൽ ഇവിടുത്തെ സമൂഹം അത് അവരുടെ സ്വാതന്ത്ര്യം എന്ന നിലയിൽ വിടുന്നു. എന്നാൽ തിരിച്ച് അങ്ങനെയല്ല. വേനൽക്കാലത്ത് ഡെന്മാർക്കിൽ ബിക്കിനിയിട്ടുകൊണ്ട് സ്ത്രീകൾ ഓടുന്നത് പതിവാണ്. പക്ഷേ അത് മുസ്ലിം കേന്ദ്രങ്ങളിലുടെയായപ്പോൾ ചില സ്ത്രീകൾ ആക്രമിക്കപ്പെട്ടു. പലരും കമന്റടികളും തുറിച്ച നോട്ടങ്ങളും സഹിക്കേണ്ടിവന്നു. ഒടുവിൽ സർക്കാർ ഉദ്യോഗസ്ഥർ രംഗത്തെത്തി ഓരോ കവലകളിലും വന്നിട്ട് അതിനെ കുറിച്ച് വിശദീകരിച്ചു കൊടുത്തു. 'നിങ്ങൾക്ക് നിങ്ങളുടെ ഇഷ്ടംപോലെ ജീവിക്കാൻ കഴിയുന്നതുപോലെ അവർക്ക് അവരുടെ ഇഷ്ടത്തിന് അനുസരിച്ചും ജീവിക്കാൻ കഴിയണമെന്ന്. '- സ്‌കാൻഡനേവിയ എത്തിപ്പെട്ട അവസ്ഥ നോക്കുക.
ഇങ്ങനെയുള്ള നിരവധി പ്രശനങ്ങളാണ് സ്‌കാൻഡനേവിയയിൽ ഇസ്ലാം വിരുദ്ധതയ്്ക്കും, തീവ്രവലതുപക്ഷത്തിന്റെ ഉയർച്ചക്കും ഇടയാക്കുന്നത്.അതുപോലെ തന്നെ രണ്ടുവർഷംമുമ്പ് ഇത്തരം ഒരു ഗൊറ്റോയിൽവെച്ച് തദ്ദേശീയരായ രണ്ട് കുട്ടികളെ സ്വവർഗരതിക്ക് ഇരയാക്കി കൊന്നതും സ്വീഡനിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതൊക്കെ വലതുപക്ഷം കൃത്യമായി മുതലെടത്തു.
പ്രശ്നം ഇസ്ലാമിന്റെത് കൂടിയാണ്
തങ്ങൾക്കുനേരെ എന്ത് പ്രചാരണം വരുമ്പോഴും ഇസ്ലാമോഫോബിയ എന്ന് വിലപിച്ച് പ്രതിരോധിക്കയും , എന്നാൽ മറ്റ് രാജ്യങ്ങളിലെ സംസ്‌ക്കാരത്തെ ഒട്ടും സ്വാംശീകരിക്കയും ചെയ്യാത്ത ഇസ്ലാമിന്റെ രീതിയാണ് പ്രശ്നങ്ങളിൽ ഒരു കാരണമെന്ന് ഡോ സാം ഹാരീസിനെപ്പോലുള്ള ചിന്തകർ ചൂണ്ടിക്കാട്ടുന്നു. മൾട്ടികൾച്ചറലിസം അംഗീകരിക്കാതെ അവർ ചെന്നുകയറുന്നിടത്തൊക്കെ ഒരു ഇസ്ലാമിക ലോകം ഉണ്ടാക്കാനാണ് അവർ ശ്രമിക്കുന്നത്. 'മുസ്ലീങ്ങൾ ഏതു രാജ്യത്ത് പോയാലും അവിടെ പ്രശ്നം ഉണ്ടാകാൻ കാരണം തങ്ങളുടെ മതവും സംസ്‌കാരവും മാറ്റാൻ പാടില്ല എന്ന ശാഠ്യവും മറ്റുള്ളവർ തങ്ങൾക്കു വേണ്ടി വിട്ടുവീഴ്ച ചെയ്യണം എന്ന നിലപാടും കൊണ്ടാണ്.'- ഡോ ഹാരീസ് കൂട്ടിച്ചേർക്കുന്നു.
ഖുർആൻ അടക്കമുള്ള ഗ്രന്ഥങ്ങൾ ഇത്തരം കാര്യങ്ങൾ പ്രോൽസാഹിപ്പിക്കുന്നതിന്റെ ആയത്തുകളും സ്വീഡനിൽ വൈറലായി. ഒന്നും രണ്ടുമല്ല 164 ആയത്തുകളാണ് ഈ രീതിയിൽ വിദ്വേഷ പ്രസംഗത്തിന്റെ പരിധിയിൽ വരുന്നത്.
സൂറ 9:5.'അങ്ങനെ ആ വിലക്കപ്പെട്ടമാസങ്ങൾ കഴിഞ്ഞാൽ ആ ബഹുദൈവവിശ്വാസികളെ നിങ്ങൾ കണ്ടെത്തിയേടത്ത് വെച്ച് കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവർക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക''
സൂറ 9:29 .''വേദം നൽകപ്പെട്ടവരുടെ കൂട്ടത്തിൽ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, അല്ലാഹുവും അവന്റെ ദൂതനും നിഷിദ്ധമാക്കിയത് നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട് നിങ്ങൾ യുദ്ധം ചെയ്തുകൊള്ളുക. അവർ കീഴടങ്ങിക്കൊണ്ട് കയ്യോടെ കപ്പം കൊടുക്കുന്നത് വരെ.''
സൂറ. 8:39 .''കുഴപ്പം ഇല്ലാതാവുകയും മതം മുഴുവൻ അല്ലാഹുവിന് വേണ്ടിയാകുകയും ചെയ്യുന്നത് വരെ. നിങ്ങൾ അവരോട് യുദ്ധം ചെയ്യുക.''
ഇത്തരത്തിലുള്ള ആശയങ്ങൾ നിരവധി ഉള്ളതിനാൽ ആണ് ഖുർആൻ കത്തിക്കാൻ തങ്ങൾ ആഹ്വാനം ചെയ്യുന്നത് എന്നണ് സ്വീഡനിലെ തീവ്ര വലതുപക്ഷ സംഘടനകൾ പറയുന്നത്. എന്നാൽ കത്തിക്കലും സംഘർഷവുമല്ല പോം വഴിയെന്നും, ആശയത്തെ ആശയം കൊണ്ടാണ് നേരിടേണ്ടത് എന്നാണ് സ്വീഡനിലെ എഴുത്തുകാരും ബുദ്ധിജീവികളും ഒരുപോലെ അഭിപ്രായപ്പെടുന്നത്. പോപ്പുലേഷൻ ബോംബിനെ കുറിച്ചും തീവ്ര വലതുപക്ഷക്കാർ നിരന്തരം ജനങ്ങളെ ആശങ്കയിൽ ആഴുത്തുന്നുണ്ട്. അതിവേഗം വളരുന്ന മുസ്ലിം പോപ്പുലേഷൻ 10 ശതമാനം പിന്നിട്ടാൽ ഈ രാജ്യത്തിന്റെ സ്വസ്ഥത പൂർണ്ണമായി ഇല്ലാതാവുമെന്നും രാജ്യം പിന്നെ പൊട്ടിത്തെറിക്കുമെന്നുമാണ് ഇവരുടെ പ്രചരണം. എന്നാൽ അങ്ങനെ അല്ല എന്ന് കാണിച്ചുകൊടുക്കാൻ കഴിയുന്നില്ല എന്നതാണ് ഇസ്ലാമിക സംഘടകളുടെ പരാജയം. സ്റ്റാറ്റിസ്റ്റിക്‌സ് വെച്ചു നോക്കുമ്പോൾ കുറ്റകൃത്യങ്ങളുടെ വർധനവും കുടിയേറ്റവും തമ്മിൽ അഭേദ്യമായ ബന്ധവും കാണാം. അതുകൊണ്ടുതന്നെ വലതുപക്ഷത്തിനെതിരെ ശക്തമായ നടപടി എടുക്കുമ്പോൾ തന്നെ ഇസ്ലാമിസ്റ്റുകൾക്കും കാര്യമായ ബോധവത്ക്കരണം നടത്തണം എന്നാണ് രാജ്യത്ത് ഉയരുന്ന ആവശ്യം.
'അഭയാർഥികളെ എടുക്കുമ്പോൾ നല്ല ബോധവൽക്കരണവും മറ്റും ഒക്കെ നടത്തണം. എന്തിന് എടുക്കുന്നു, അവർക്ക് എന്തൊക്കെ ചെയ്യാൻ പറ്റും എന്നതിനെ പറ്റി ഒക്കെ അറിയാൻ ഉള്ള അവകാശം ജനങ്ങൾക്ക് ഉണ്ട്. സ്വീഡൻ ഏറ്റവും കൂടുതൽ നികുതി വാങ്ങുന്ന രാജ്യം ആണ്. കൊടുക്കുന്ന ജനങ്ങൾക്ക് അതിനെ പറ്റി ഒക്കെ ഒരു വേവലാതി കാണും. സുരക്ഷിതത്വം ഇല്ലെങ്കിൽ പിന്നെന്താണ് ഇവിടെ ഉണ്ടാവുക.'- സ്വതന്ത്ര ചിന്തകയും മാധ്യമ പ്രവർത്തകയുമായ മാരി ഇവാൻസ് ചൂണ്ടിക്കാട്ടുന്നു.
യൂറോപ്പിലും തീവ്ര വലതുപക്ഷം
യൂറോപ്പിലും തീവ്രവലതുപക്ഷം കരുത്താർജിക്കുന്നതിന് പിന്നിലുള്ള ഇസ്ലാം ഭീതി നാം കാണാതെ പോകരുത്. നേരത്തെ അമേരിക്കയിൽ ട്രംപിനെ അധികാരത്തിൽ കയറ്റിയത് തന്നെ കടുത്ത കുടിയേറ്റ വിരുദ്ധതായാണ്. ഇപ്പോൾ ഫ്രാൻസിലെ ഇമ്മാനുവേൽ മാക്രാണിനെതിരെയും വലതുപക്ഷം ശക്തമായി കാമ്പയിൻ നടത്തുന്നു. ഇസ്ലാമിക തീവ്രാവാദികൾ അദ്ധ്യാപകന്റെ തലവെട്ടിയ സംഭവത്തിലൊക്കൊ, മതനിന്ദ മൗലിക അവകാശമാണെന്ന് ശക്തമായി പറഞ്ഞ ആളാണ് ഇമ്മാനുവേൽ മാക്രാൺ. ( ജോസഫ് മാഷിന്റെ ചോദ്യപേപ്പർ വിവാദം ഉണ്ടായപ്പോൾ നമ്മുടെ വിദ്യാഭ്യാസ മന്ത്രി എം എ ബേബി പറഞ്ഞത് അദ്ധ്യാപകൻ ഒരു മഠയൻ ആണെന്നായിരുന്നു!) തീവ്രവലതുപക്ഷ സ്ഥാനാർത്ഥി മാരീൻ ലെ പെൻ വളർന്നുവരുന്നത് തന്നെ ഇസ്ലാമിക തീവ്രവാദികൾ സൃഷ്ടിച്ച പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ്. എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് മാക്രോണിന് തൊട്ടടുത്തവരെ ഈ സ്ഥാനാർത്ഥിയും എത്തി. എന്നാൽ അന്തിമഫലം മാക്രാണിന് അനുകൂലമാവുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
അതുപോലെ ബ്രിട്ടനിൽ ബ്രെക്സിറ്റ് പ്രചാരണത്തിന് നേതൃത്വം നൽകിയ യു.കെ.ഐ.പി ഉൾപ്പെടെയുള്ള പാർട്ടികളും കടുത്ത കുടിയേറ്റ വിരുദ്ധത പുലർത്തുന്നവരാണ്. പോളണ്ടിലെ ഭരണകക്ഷിയായ ലോ ആൻഡ് ജസ്റ്റ്സ്, ജർമനിയിലെ നാഷനൽ ഡെമോക്രാറ്റിക് പാർട്ടി, ഇറ്റലിയിലെ നോർത്തേൺ ലീഗ് തുടങ്ങിയ പല വലതുപക്ഷകക്ഷികളും, വളരുന്നത് ഇസ്ലാമിക ഭീകരത ചൂണ്ടിക്കാട്ടിയാണ്.
കുടിയേറ്റത്തെ നേരിടാൻ ശക്തമായ നടപടികളും യൂറോപ്പ് തുടങ്ങിക്കഴിഞ്ഞു. ഇപ്പോഴിതാ ഇസ്രയേലിന് പിന്നാലെ കുടിയേറ്റക്കാരെ, ലക്ഷക്കണക്കിന് ഡോളർ നൽകി, നാലായിരത്തോളം കിലോമീറ്റർ അകലെയുള്ള റുവാൻഡയിലേക്ക് അയക്കുകയാണ് ബ്രിട്ടനും. ഇംഗ്ലീഷ് ചാനലിലൂടെ കൊച്ചു ബോട്ടുകളിൽ എത്തുന്നർ ഉൾപ്പെടെ അനധികൃതമായി ബ്രിട്ടനിലെത്തുന്നവരെ റുവാൻഡയിലേക്ക് കയറ്റി അയയ്ക്കുവാനാണ് ബ്രിട്ടൻ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ രാജ്യത്തേക്കുള്ള കുടിയേറ്റം കുറഞ്ഞിരിക്കയാണ്. ഇനി മറ്റ് യൂറോപ്യൻ രാജ്യങ്ങളും ഈ വഴി സ്വീകരിക്കുമെന്നാണ് അറിയുന്നത്.
ഖുർആൻ കത്തിക്കലിലെ ഖത്തറും സൗദിയും തുർക്കിയും അടക്കമുള്ള ഇസ്ലാമികരാജ്യങ്ങൾ ഒരുപോലെ അപലപിക്കുന്നുണ്ട്. എന്നാൽ അവർ ഒരിക്കലും അഭയം തന്നെ നാട്ടിൽ പ്രശ്നം ഉണ്ടാക്കുന്ന രീതിയിൽ പ്രവർത്തിക്കരുതെന്നും ഒരു ബഹുസ്വരസമൂഹത്തിൽ ഇസ്ലാം മാത്രം വേറിട്ട് നിൽക്കരുതെന്നും അഭ്യർത്ഥിക്കില്ല. കുടിയേറ്റക്കാരിലെ തീവ്രവാദികളെ തള്ളിപ്പറയില്ല, അപലപിക്കില്ല, എന്തിന് ഫ്രാൻസിൽ ഷാർലി ഹെബ്ദോയുടെ കാർട്ടുൺ കാണിച്ചതിന് തലവെട്ടിമാറ്റപ്പെട്ട സാമുവൽ പാറ്റി എന്ന അദ്ധ്യാപകന്റെ പേരിലും അവരാരും അപലപിച്ചില്ല. ഇപ്പോൾ ചൈനപോലും സ്വീഡനെ ഉപദേശിക്കയാണ്. മുസ്ലീങ്ങളുടെ റിലീജിയസ് സെന്റിമെൻസ് ബഹുമാനിക്കണം എന്ന്. ഉയിഗൂരിൽ പത്തുലക്ഷത്തോളം മുസ്ലീങ്ങളെ തുറന്ന തടവറയിലെന്നോണമിട്ട് ചട്ടം പഠിപ്പിക്കുന്ന ചൈനയാണ് ഇത് പറയുന്നത് എന്നോർക്കണം!
അതായത് മതത്തെ വിശിഷ്യാ ഇസ്ലാമിനെ തൊടാൻ എല്ലാവർക്കും ഭയമാണ്. സ്വീഡനിൽ നടക്കുന്ന പ്രശ്നങ്ങളുടെ അടിസ്ഥാനകാരണം മതം തന്നെയാണ്. അതിന് ഖുർആൻ കത്തിക്കൽപോലുള്ള തീവ്ര നടപടികൾ അല്ല വേണ്ടത്. ലോക പ്രശ്സത എഴുത്തുകാരൻ യുവാൽ നോഹ ഹരാരി ചൂണ്ടിക്കാട്ടിയപോലെ, മതം കയറിയ മസ്തിഷ്‌ക്കത്തെ പരിഷ്‌ക്കരിക്കുന്നതിനുള്ള നടപടിയാണ് ഉണ്ടാവേണ്ടത്. ചിന്താപരമായ പരിഷ്‌ക്കാരത്തിലൂടെയല്ലാതെ, കാലാപംകൊണ്ട് ഇത് പരിഹരിക്കാൻ ആവില്ല.
വാൽക്കഷ്ണം: ന്യൂനപക്ഷ വർഗീയത എങ്ങനെ തീവ്രവലതുപക്ഷത്തിന് വിത്തിടുന്നു എന്ന സ്‌കാൻഡനേവിയയുടെയും യൂറോപ്പിന്റെയും പാഠത്തിൽനിന്ന് ഇന്ത്യക്കും, വിശിഷ്യാ പ്രബുദ്ധമെന്ന് പറയുന്ന നവോത്ഥാന കേരളത്തിനും ഒരുപാട് പഠിക്കാനുണ്ട്. മതങ്ങളെ തൂക്കിനോക്കുമ്പോൾ കൈവിറയ്ക്കുന്ന ബുദ്ധിജീവികൾ ഒരുപാടുള്ള നാടാണ് കേരളം. ന്യൂനപക്ഷ വർഗീയതയോട് സമരസപ്പെട്ട് നിൽക്കുന്ന വൺസൈഡ് നവോത്ഥാവാദം തന്നെയാണ് ഭൂരിപക്ഷ വർഗീയതക്ക് തട്ടൊരുക്കിക്കൊടുക്കുന്നത്. ഈ വൈകിയ വേളയിലെങ്കിലും അത് നാം മറന്നുപോകരുത്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ