ദോഹ: ഒഐസിസി ഇൻകാസ് പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും കൂടുതൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്താൻ കഴിയട്ടെ എന്നും ഷാഫി പറമ്പിൽ എംഎൽഎ ആശംസിച്ചു. ഖത്തർ ഒഐസിസി ഇൻകാസ് സ്പോർട്സ് ഫെസ്റ്റിന്റെ സമ്മാനദാന ചടങ്ങിലും ഇഫ്താർ സ്‌നേഹവിരുന്നിലും പങ്കെടുത്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം.

കോവിഡ് കാലത്തെ പ്രതിസന്ധികളിൽ വിദേശത്ത് കുടുങ്ങിയ പ്രവാസികളെ നാട്ടിൽ എത്തിക്കുവാൻ യൂത്ത് കെയർ നടത്തിയ പരിശ്രമങ്ങൾക്ക് കരുത്ത് പകർന്ന ഖത്തർ ഒഐസിസി - ഇൻകാസ് പ്രവർത്തകരുടെ ശ്രമങ്ങൾ ശ്രദ്ധേയമാണെന്നും ഇത്തരമൊരു പരിപാടിയുടെ സംഘാടന മികവിനെ അഭിനന്ദിക്കുന്നതായും ഷാഫി പറമ്പിൽ പറഞ്ഞു. തുടർന്ന് ലേബർ ക്യാംപുകളിൽ ഒരുക്കിയ ഇഫ്താർ കിറ്റ് വിതരണത്തിലും പ്രവർത്തക കൂട്ടായ്മയിലും അദ്ദേഹം പങ്കാളിയായി.

യുവനേതാക്കളുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി ഖത്തർ ഒഐസിസി ഇൻകാസ് സെൻട്രൽ കമ്മിറ്റി ഇഫ്താർ സംഗമം

ദോഹയിലെ ഓൾഡ് ഐഡിയൽ സ്‌കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഖത്തർ ഒഐസിസി ഇൻകാസ് സെൻട്രൽ കമ്മിറ്റി ഇഫ്താർ സംഗമത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ, ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.

ഷാഫി പറമ്പിൽ എംഎൽഎയ്ക്ക് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സമീർ ഏറാമല ഉപഹാരം സമ്മാനിച്ചു. ആയിരത്തിലധികം പ്രവർത്തകരാണു സംഗമത്തിൽ പങ്കെടുത്തത്. മാർച്ച് 11 മുതൽ 25 വരെ നടത്തിയ ഇൻകാസ് കായിക മേളയിലെ വിജയികൾക്കുള്ള സമ്മാനദാനവും നേതാക്കൾ ചേർന്നു നിർവഹിച്ചു.

ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സമീർ ഏറാമല അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മനോജ് കൂടൽ, ട്രഷറർ നൗഷാദ് പി.കെ, കെ.മുഹമ്മദ് ഈസ എന്നിവർ പ്രസംഗിച്ചു.