മലപ്പുറം: 2021 നവംബർ 30 ന് തേഞ്ഞിപ്പലം പാണമ്പ്ര ദേശീയപാതയിൽ വച്ച് 11 ലക്ഷത്തോളം രൂപയുടെ കുഴൽപ്പണം കവർച്ച ചെയ്ത സംഭവത്തിൽ മുഖ്യപ്രതിയെ തേഞ്ഞിപ്പലം പൊലീസ് പിടികൂടി. കവർച്ചാ സംഘത്തലവനും എറണാംകുളം അങ്കമാലി സ്വദേശിയുമായ പള്ളിപ്പാടത്ത് മിഥുൻ ഡിക്സൺ (39) നെയാണ് പ്രത്യേക അന്വോഷണ സംഘം അറസ്റ്റ് ചെയ്തത്.

തൃശ്ശൂർ മാളയിൽ നിന്നും ഇന്നലെ പുലർച്ചെ പെൺ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. സംഭവ ദിവസം രാവിലെ പണവുമായി ബൈക്കിൽ പോവുകയായിരുന്ന യുവാവിനെ വ്യാജ നമ്പർ ഘടിപ്പിച്ച രണ്ട് കാറുകളിലായി എത്തിയ സംഘം തടഞ്ഞു നിർത്തി കവർച്ച ചെയ്യുകയായിരുന്നു. യാതൊരു തെളിവും അവശേഷിപ്പിക്കാതെയായിരുന്നു കവർച്ച സംഘം കൃത്യം ചെയ്തത്.

തുടർന്ന് പ്രത്യേക അന്വോഷണ സംഘം രൂപീകരിക്കുകയും സമീപത്തെ 50 ഓളം സി സി.ടി.വി ക്യാമറകളിലെ ദൃശ്യങ്ങളും സമാന കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട നിരവധി കവർച്ചാ സംഘങ്ങളേയും കേന്ദ്രീകരിച്ച് നടത്തിയ പഴുതടച്ച അന്വേഷണത്തിൽ രണ്ട് മാസം മുൻപ് തൃശ്ശൂർ ഇരിഞ്ഞാലക്കുട സ്വദേശീകളായ ശ്രയസ്സ്, മിഥുൻ എന്നിവരെ അറസ്റ്റു ചെയ്യുകയും കവർച്ചക്കെത്തിയ വാഹനം കണ്ടെടുക്കുകയും ചെയ്തിരുന്നു. തുടർന്ന് ഒളിവിൽ പോയ സംഘത്തലവൻ സംസ്ഥാനത്തിനകത്തും പുറത്തും ഒളിവിൽ കഴിഞ്ഞ് വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഇയാളുടെ പേരിൽ വയനാട് ബത്തേരിയിൽ ഒരു കവർച്ചാ കേസും എറണാം കുളത്ത് കഞ്ചാവ് കടത്തിയതിനും ഉൾപ്പെടെ നിരവധി കേസുകൾ നിലവിൽ ഉണ്ടെന്നും പൊലീസ് അറിയിച്ചു. കഞ്ചാവ് കടത്തിന് പിടിക്കപ്പെട്ട് ജാമ്യത്തിൽ ഇറങ്ങിയതിനു ശേഷമാണ് വിവിധ കേസുകളിൽ ഉൾപ്പെട്ട ആളുകളെ സംഘടിപ്പിച്ച് കവർച്ചാ സംഘത്തിന് രൂപം കൊടുത്തത്. ഇയാളെ ചോദ്യം ചെയ്തതിൽ സംഘത്തിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളെ കുറിച്ചും വ്യക്തമായ സൂചന ലഭിച്ചതായും ഇവർക്കായുള്ള അന്വോഷണം ഊർജ്ജിതമാക്കിയതായും തേഞ്ഞിപ്പലം പൊലീസ് അറിയിച്ചു.

മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസ് ഐ.പി.എസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി ഡി.വൈ.എസ്‌പി അഷറഫ്, തേഞ്ഞിപ്പലം ഇൻസ്പക്ടർ എൻ.ബി ഷൈജു എന്നിവരുടെ നേതൃത്വത്തിൽ തേഞ്ഞിപ്പലം എസ് ഐ സംഗീത് പുനത്തിൽ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ അബ്ദുൾ അസീസ്, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണൻ മാരാത്ത്, പി. സഞ്ജീവ്, രതീഷ്, ബിജു എന്നിവരാണ് പ്രതിയെ പിടികൂടിയതും അന്വേഷണം നടത്തുന്നതും.