യർലൻഡിലെ വാട്ടർഫോർഡ് സെന്റ് മേരീസ് സീറോ മലബാർ കമ്മ്യൂണിറ്റിയുടെ പുതിയ ചാപ്ലെയിനായി ഫാ. ജോമോൻ കാക്കനാട്ട് ചുമതലയേറ്റു. വാട്ടർഫോർഡ് സെന്റ് ജോസഫ് & സെന്റ് ബേനിൽട്‌സ് ദേവാലയത്തിൽ നടന്ന ലളിതമായ ചടങ്ങിൽ വാട്ടർഫോർഡ് - ലിസ്മോർ ബിഷപ്പ് മോസ്റ്റ്. റവ. ഡോ. അൽഫോൻസസ് കുല്ലിനാനാന്റെ സാനിദ്ധ്യത്തിൽ ഫാ. സിബി അറയ്ക്കലിൽ നിന്നാണ് ഫാ. ജോമോൻ കാക്കനാട്ട് ചുമതല ഏറ്റെടുത്തത്.

ചങ്ങനാശേരി അതിരൂപതയിലെ തിരുവനന്തപുരം, വാവോട് ഇടവകാംഗമാണ് ഫാ. ജോമോൻ കാക്കനാട്ട്. 2015 ഡിസംബർ 28 നു ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവത്തിൽ പിതാവിൽനിന്ന് പൗരോഹിത്യം സ്വീകരിച്ചു. കുറുമ്പനാടം സെന്റ്. ആന്റണീസ് ഫൊറോന, നാലുകോടി സെന്റ്. തോമസ്, തിരുവനന്തപുരം ലൂർദ് ഫൊറോന പള്ളികളിൽ അസിസ്റ്റന്റ് വികാരിയായും തുടർന്ന് രണ്ടര വർഷകാലം ബിഷപ്പ് തോമസ് തറയിലിന്റേയും ആർച്ച് ബിഷപ്പ് എമിരിറ്റസ് ജോസഫ് പൗവത്തിലിന്റേയും സെക്രട്ടറിയായും ശുശ്രുഷചെയ്തു. അയർലണ്ടിൽ പഠനത്തിനൊപ്പം വാട്ടർഫോർഡ് & ലിസ്മോർ രൂപതയിൽ സേവനത്തിനായി എത്തിയ ഫാ. ജോമോൻ ഏപ്രിൽ 3 നു വാട്ടർഫോർഡ് സീറോ മലബാർ കമ്യൂണിറ്റിയുടെ ചാപ്ലിനായി ചുമതല എടുത്തു.

അമേരിക്കയിൽ പുതിയ മിഷൻ ദൗത്യവുമായി പോകുന്ന നിലവിലെ ചാപ്ലെയിൽ ഫാ. സിബി അറക്കലിന് വാട്ടർഫോർഡ് സീറോ മലബാർ സമൂഹം സമുചിത യാത്രയയപ്പും നൽകി. കാഞ്ഞിരപ്പള്ളി രൂപതാംഗമായ ഫാ. സിബി അറയ്ക്കൽ അയർലണ്ട് സീറോ മലബാർ സഭയുടെ കോർക്ക് റീജിയണൽ കോർഡിനേറ്ററായിരുന്നു.

ട്രസ്റ്റി ടോമി വർഗീസ്, പി.എം.ജോർജ് കുട്ടി, എബിൻ തോമസ്, മതാധ്യാപകർ എന്നിവർ വിശിഷ്ടാതിഥികളെ പൂച്ചെണ്ട് നൽകി സ്വീകരിച്ചു. സെക്രട്ടറി ഷാജി ജേക്കബ് സ്വാഗതവും, ട്രസ്റ്റി ബിജി സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.ഓൾ അയർലൻഡ് ഗ്ലോറിയ പ്രസംഗ മത്സരത്തിൽ വിജയികളായ കുട്ടികളെ ചടങ്ങിൽ അനുമോദിച്ചു.