- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശക്തമായ കാറ്റിൽ കണ്ണൂരിലെ മലയോര മേഖലയിൽ വൻ നാശനഷ്ടം; നിരവധി വീടുകളുടെ മേൽക്കൂര തകർന്നു; മൂന്ന് പേർക്ക് പരിക്ക്
കണ്ണൂർ: കണ്ണൂർ ജില്ലയിലെ മലയോര മേഖലയിൽ കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിൽ നിരവധി വീടുകളുടെ മേൽക്കൂര തകർന്നു വീണു. പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളായി പ്രദേശത്ത് വൈകുന്നേരങ്ങളിൽ കനത്ത കാറ്റും മഴയുമാണ് അനുഭവപ്പെടുന്നത്.
ഇരിട്ടി കോളിക്കടവ് തെങ്ങോല റോഡിൽ വീടിന്റെ മേൽക്കൂര തകർന്നു വീണ് ഉള്ളിൽ കുടുങ്ങിപ്പോയ വീട്ടുകാരെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി. ചെറുകടവൂർ രാജീവന്റെ വീടിന്റെ മേൽക്കൂരയാണ് തകർന്നു വീണത്. വീട്ടിലുണ്ടായിരുന്ന രാജീവന്റെ ഭാര്യ സിന്ധു, മകൻ രാഹുൽ എന്നിവർ തകർന്നുവീണ അവശിഷ്ടങ്ങൾക്കുള്ളിൽ കുടുങ്ങി. സാരമായി പരിക്കേറ്റ സിന്ധുവിനെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാത്രി 8 മണിയോടെ ആയിരുന്നു അപകടം. വീട്ടിനകത്തു ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ പഴയ വീടിന്റെ ഓടിട്ട മേൽക്കൂര തകർന്നു വീഴുകയായിരുന്നു. വീടിനകത്തു അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിപ്പോയവരെ ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി പുറത്തെടുക്കുകയായിരുന്നു.
വീടിന്റെ ഓടും മരചില്ലകളും വീണാണ് സിന്ധുവിന് പരിക്കേറ്റത്. ഇവർക്ക് നടുവിന് സാരമായ പരിക്കേറ്റതായാണ് വിവരം. മറ്റുള്ളവരുടെ പരിക്കുകൾ നിസ്സാരമാണ്. വിവരമറിയിച്ചതിനെത്തുടർന്ന് ഇരിട്ടി അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തിയിരുന്നു. വീടിന്റെ മുൻഭാഗം കോൺക്രീറ്റും ബാക്കി ഭാഗങ്ങൾ ഓടിട്ടതുമായിരുന്നു.
കാകയങ്ങാട് നല്ലൂർ ശാഖ മുസ്ലിം ലീഗ് ഓഫീസിന്റെയും ശിഹാബ് തങ്ങൾ ഹെൽപ്പ് സെന്ററിന്റേയും മേൽക്കൂര ചൊവ്വാഴ്ച വൈകുന്നേരം ഉണ്ടായ ശക്തമായ കാറ്റിൽ പൂർണ്ണമായും തകർന്നു.
പേരാവൂർ എം എൽ എ അഡ്വ.സണ്ണി ജോസഫ്, മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡന്റ് ഇബ്രാഹിം മുണ്ടേരി, യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് നസീർ നല്ലൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രിസിഡന്റ് ഒബാൻ ഹംസ, കോൺഗ്രസ് നേതാവ് വി. രാജു, മഹബൂബ്മാസ്റ്റർ എന്നിവർ സ്ഥലം സന്ദർശിച്ചു.
മറുനാടന് മലയാളി ബ്യൂറോ