- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുരൂഹ ഹെപ്പറ്റൈറ്റിസ് ബാധിച്ച് വീണ്ടും ഒരു കുട്ടികൂടി മരണമടഞ്ഞു; അമേരിക്കയിൽ 20 പേർക്ക് ഈ രോഗം സ്ഥിരീകരിച്ചു; ആഗോളാടിസ്ഥാനത്തിൽ 200 പേർക്കും; കുരുന്നുകളെ നോട്ടമിടുന്ന പുതിയ ദുരൂഹ രോഗത്തെ കുറിച്ചറിയാം
അമേരിക്കയിലെ വിസ്‌കോൻസിനിൽ ഇന്നലെ ഒരു കുട്ടി ഹെപ്പാറ്റൈറ്റിസ് എന്ന് സംശയിക്കപ്പെടുന്ന രോഗം ബാധിച്ചു മരണമടഞ്ഞു. ലോകമാകെ പടരുന്ന ഈ പുതിയ ഹെപ്പറ്റൈറ്റിസ് വകഭേദത്തിന്റെ ദുരൂഹത തുറന്നു കാണിക്കാൻ അമേരിക്കയിൽ ഗവേഷണങ്ങൾ ആരംഭിച്ചു കഴിഞ്ഞു. കരളിനുണ്ടായ കേടുപാടുകൾ മൂലം നാലു കുട്ടികളാണ് ഇതുവരെ ഇവിടെ പ്രവേശിപ്പിക്കപ്പെട്ടതെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. അതിൽ ഒരു കുട്ടി മരണമടഞ്ഞപ്പോൾ മറ്റൊരു കുട്ടിക്ക് കരൾ മാറ്റിവെയ്ക്കേണ്ടതായി വരും എന്നും ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്.
ഇതിനു മുൻപ് ശാസ്ത്രലോകം അഭിമുഖീകരിച്ചിട്ടില്ലാത്ത, ഒരു പുതിയ തരം ഹെപ്പറ്റൈറ്റിസ് ആണ് ഇതിന് കാരണം എന്നാണ് വിലയിരുത്തുന്നത്. ഇതുമൂലം അമേരിക്കയിൽ ആദ്യമായുണ്ടാകുന്ന മരണമാണിത്, ആഗോളാടിസ്ഥാനത്തിൽ രണ്ടാമത്തേതും. അലബാമ, നോർത്ത് കരോലിന, ഡെലവെയർ എന്നീ സംസ്ഥാനങ്ങളിൽ ഇതിന്റെ സാന്നിദ്ധ്യം ഇതിനോടകം സ്ഥിരീകരിച്ചു കഴിഞ്ഞു. ഇല്ലിനോയിസിലും ന്യു യോർക്കിലും ഇതുമായി ബന്ധപ്പെട്ട ചില ലക്ഷണങ്ങൾ കണ്ടെത്തിയ കുട്ടികൾ നിരീക്ഷണത്തിലാണ്.
അമേരിക്കയിൽ 20 പേർക്ക് ഈ രോഗബാധയുണ്ടെന്നാണ് ഇപ്പോഴത്തെ നിഗമനം. ഈ രോഗത്തിന്റെ കാരണം ഇപ്പോഴും ദുരൂഹമായി തുടരുന്നു എന്നാണ് ജോബൈഡന്റെ ആരോഗ്യകാര്യ ഉപദേഷ്ടാവ് ഡോ. ആന്റണി ഫൗസി പറഞ്ഞത്. ലോകമാകമാനം 14 രാജ്യങ്ങളിലായി 200 കുട്ടികളെ ഇതിനോടകം ഈ രോഗം ബാധിച്ചു കഴിഞ്ഞിരിക്കുന്നു എന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിൽ 18 പേർക്ക് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആവശ്യമായി വരുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഇതിന്റെ യഥാർത്ഥ കാരണം കണ്ടെത്താനാകാതെ കുഴങ്ങുകയാണ് ശാസ്ത്രലോകം. അഡെനൊവൈറസായിരിക്കാം ഇതിനു കാരണമെന്ന് ഒരുകൂട്ടം ആരോഗ്യ പ്രവർത്തകർ വിശ്വസിക്കുന്നു. സാധാരണ ജലദോഷം പോലുള്ള രോഗങ്ങൾക്ക് കാരണമാകുന്നവയാണ് ഈ ഇനം വൈറസുകൾ എന്നാൽ, ഇക്കാര്യം ഇതുവരെ സ്ഥിരീകരിക്കാനയിട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ