ഹരി വിപണിയിൽ ആമസോണിന്റെ മൂല്യം ഇടിഞ്ഞതോടെ അതിന്റെ സ്ഥാപകനും ചെയർമാനുമായ ജെഫ് ബെസോസിന് നഷ്ടമായത് 20 ബില്യൺ ഡോളർ. ഇന്നലെ ഉച്ചയ്ക്ക് ആമസോൺ ഓഹരി മൂല്യം കുത്തനെ ഇടിഞ്ഞത് 12.6 ശതമായമായിരുന്നു. 2015-ന് ശേഷം ആദ്യമായി കമ്പനി വർഷത്തിലെ ആദ്യപാദത്തിൽ നഷ്ടമാണെന്ന് പ്രഖ്യാപിച്ചതിനെ തുടർന്നായിരുന്നു ഇത്. അതുപോലെ കഴിഞ്ഞ 21 വർഷത്തിനിടയിൽ ആദ്യമായി വില്പനയിലുള്ള വർദ്ധനവും മന്ദഗതിയിലാവുകയാണ്.

ആമസൊണിൽ 11.1 ശതമാനം ഓഹരികളാണ് ബെസോസിനുള്ളത്. അദ്ദേഹത്തിന്റെ ആസ്തിയുടെ വലിയൊരു ഭാഗം ഈ ഓഹരികളുമാണ്. അതുകൊണ്ടു തന്നെ ഭീമൻ നഷ്ടമാണ് ബെസോസിനുണ്ടായിട്ടുള്ളത്. റിവിയൻ ഓട്ടോമോട്ടീവിൽ നിക്ഷേപിച്ച ഓഹരികളുടെ മൂല്യത്തിനുണ്ടായ തകർച്ചയായിരുന്നു ആമസോണിന്റെ ഓഹരിമൂല്യം ഇടിയാൻ ഒരു കാരണമായത്. മറ്റൊന്ന് അവരുടെ ഇ- കോമേഴ്സ് ബിസിനസ്സ് 1.57 ബില്യൺ ഡോളറിന്റെ നഷ്ടം വടക്കെ അമേരിക്കയിൽ രേഖപ്പെടുത്തിയതും. അമേരിക്കയ്ക്ക് പുറത്ത് ആഗോളതലത്തിൽ ഉണ്ടായ നഷ്ടം 1.28 ബില്യൺ ഡോളറിന്റെതാണ്.

കോവിഡ് പ്രതിസന്ധികാലത്ത് കുത്തനെ ഉയർന്ന ഓൺലൈൻ കച്ചവടം താഴോട്ട് വരാൻ തുടങ്ങി എന്നതിന്റെ സൂചനയാണിത്. ബ്ലൂംബെർഗ് ബില്ല്യനീർ ഇൻഡെക്സ് പ്രകാരം ബെസോസിന്റെ മൊത്തം ആസ്തി 169 ബില്യൺ ഡോളറാണ് ഇന്നലെ 12 ശതമാനം ഓഹരി മൂല്യം ഇടിഞ്ഞതോടെ അതിൽ നിന്നും 20 ബില്യൺ ഡോളറാണ് കുറഞ്ഞത്. ഇതുകൂടി ഉൾപ്പടെ ഈ വർഷം ഇതുവരെ ബെസോസിന് നഷ്ടമാകുന്നത് 40 ബില്യൺ ഡോളറാണ് എന്നാലും, ഇപ്പോഴും ലോകത്തിലെ രണ്ടാമത്തെ അതിസമ്പന്നനായി അദ്ദേഹം തുടരുകയാണ്.

എന്നാൽ, ബെസോസിന് സംഭവിച്ച നഷ്ടമെല്ലാം കടലാസുകളിൽ മാത്രമാണ്. നാളെ ആമസോൺ നഷ്ടപ്പെട്ട വിപണി തിരിച്ചുപിടിച്ചാൽ ഇത് നികന്നു പോകും. ആമസോണിന് മാത്രമായിരുന്നില്ല നഷ്ടം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് കോവിഡ് 19 ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും മോശപ്പെട്ട പ്രതിമാസ പ്രകടനമായിരുന്നു അമേരിക്കൻ ഓഹരി വിപണി, ഇക്കഴിഞ്ഞ മാർച്ച് മാസം കാഴ്‌ച്ചവെച്ചത്.