വിസ്‌കോൻസിൻ: യുഎസിലെ വിസ്‌കോൺസിനിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ പത്തുവയസുകാരിയുടെ മരണത്തിനു പിന്നിൽ പരിചയക്കാരനായിരുന്ന പതിനാലുകാരന്റെ വൻ ക്രൂരതയെന്നു റിപ്പോർട്ട്. ലില്ലി പീറ്റേഴ്സ് എന്ന കുട്ടിയാണു കൊല്ലപ്പെട്ടത്. ചിപ്വെ കൗണ്ടിയിലായിരുന്നു ഈ ദാരുണ സംഭവം.

പ്രാഥമിക ഓട്ടോപ്സി റിപ്പോർട്ടിലാണു ലില്ലി കൊല്ലപ്പെട്ടതെങ്ങനെയെന്നു വ്യക്താക്കിയിട്ടുള്ളത്. സംഭവത്തിൽ അറസ്റ്റിലായ പതിനാലുകാരൻ ലില്ലിയെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ ആന്റിയുടെ വീടിനടുത്തുള്ള വൃക്ഷനിബിഡമായ പ്രദേശത്തേക്കു കൂട്ടികൊണ്ടു പോകുകയായിരുന്നു എന്നു പ്രോസിക്യൂട്ടർ പറഞ്ഞു.

റോഡിലൂടെ അൽപദൂരം നടന്നതിനു ശേഷം കുട്ടിയെ ഒരു വശത്തേക്കു തള്ളി താഴെയിടുകയായിരുന്നു. നിലത്തു വീണ ലില്ലിയുടെ തലയിലും ശരീരത്തിലും മർദിക്കുകയും വയറ്റിൽ കാലുകൊണ്ടു ചവിട്ടുകയും ചെയ്തു. തുടർന്നാണു ലൈംഗികമായി പീഡിപ്പിച്ചത്.ഒടുവിൽ കഴുത്തു ഞെരിച്ചാണ് അവസാന ശ്വാസവും നിലച്ചതായി ഉറപ്പുവരുത്തിയത്.

പ്രായപൂർത്തിയാകാത്തതിനാൽ പേർ വെളിപ്പെടുത്താത്ത പതിനാലുകാരനെതിരെ മൂന്നു വകുപ്പുകളാണു ചാർജ് ചെയ്തിരിക്കുന്നത്. ഫസ്റ്റ് ഡിഗ്രി മർഡർ, ഫസ്റ്റ് ഡിഗ്രി സെക്ഷ്വൽ അസോൾട്ട്, 13 വയസ്സിനു താഴെയുള്ള കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമം എന്നിവയാണ്.

കോടതിയിൽ ഹാജരാക്കിയ കുട്ടിക്ക് ഒരു മില്യൺ ഡോളർ ജാമ്യം അനുവദിച്ചു. പ്രായപൂർത്തിയായവർക്കെതിരെ ചാർജ് ചെയ്യപ്പെട്ട കേസിൽ കുട്ടിയെ മെയ്‌ 5ന് വീണ്ടും ഹാജരാക്കും.