ഗൂഗിൾ സെർച്ച് റിസൽട്ടിൽ, നിങ്ങൾ സ്വകാര്യമായി സൂക്ഷിക്കുന്ന, നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങൾ കണ്ടെത്തിയാൽ അവ നീക്കം ചെയ്യുന്നതിനുള്ള സൗകര്യം ഇപ്പോൾ ഗൂഗിൾ ഒരുക്കുകയാണ്. നിങ്ങളുടേ ഫോൺ നമ്പർ, ഈമെയിൽ ഐ ഡി, മേൽവിലാസം എന്നിവ ഇങ്ങനെ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിൽ അവയെല്ലാം നിങ്ങൾക്ക് നീക്കം ചെയ്യാൻ കഴിയും. ഇത്തരത്തിലുള്ള വ്യക്തിപരമായ വിവരങ്ങൾ പൊതു സമൂഹവുമായി പങ്കുവയ്ക്കാതെ മറച്ചു വയ്ക്കാൻ നിങ്ങൾക്ക് ഗൂഗിളിനോട് ആവശ്യപ്പെടാം.

അതുപോലെ ഒരുഇമെയിൽ അക്കൗണ്ട് ഉള്ള വ്യക്തിയാണെങ്കിൽ, ആ അക്കൗണ്ട് വിലാസവും നീക്കം ചെയ്യാൻ നിങ്ങൾക്ക് ആവശ്യപ്പെടാം. അതുകൊണ്ടു തന്നെ അപരിചിതർക്ക് അത് കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാകും. ഗൂഗിളിന്റെ പ്ലാറ്റ്ഫോമിൽ നിന്നും ഇത്തരത്തിലുള്ള വ്യക്തിപരമായ വിവരങ്ങൾ നീക്കം ചെയ്യുന്നതിനുള്ള അപേക്ഷ സമർപ്പിക്കാൻ നേരത്തേയും സംവിധാനം ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അത് കൂടുതൽ ലളിതമാക്കിയിരിക്കുകയാണ്.

മാത്രമല്ല, നേരത്തേ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ, ക്രെഡിറ്റ് കാർഡ് നമ്പറുകൾ തുടങ്ങി പരിമിതമായ വിവരങ്ങൾ മാത്രമാണ് നീക്കാൻ കഴിഞ്ഞിരുന്നതെങ്കിൽ ഇപ്പോൾ ആ പട്ടികയിലേക്ക് കൂടുതൽ വ്യക്തിഗത വിവരങ്ങൾ കൂടി ചേർത്തിരിക്കുകയാണ്. ബന്ധപ്പെടാനുള്ള, ഫോൺ നമ്പർ, മേൽവിലാസം, ഇമെയിൽ വിലാസം തുടങ്ങിയവയും ഇനിമുതൽ പ്രത്യേക അപേക്ഷ നൽകിഗൂഗിൾ പ്ലാറ്റ്ഫോമിൽ നിന്നും നീക്കം ചെയ്യാൻ കഴിയും.

ഉപയോക്താളിൽ നിന്നും ലഭിച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ മാറ്റങ്ങൾ വരുത്തുന്നതെന്ന് ഗൂഗിൾ അറിയിക്കുന്നു. എന്നാൽ, ഈ വിവരങ്ങൾ ഗൂഗിൾ സെർച്ച് റിസൾട്ടിൽ നിന്നു മാത്രമേ നീക്കം ചെയ്യുകയുള്ളു എന്ന് ഗൂഗിൾ അറിയിച്ചിട്ടുണ്ട്. ഇന്റർനെറ്റിൽ അവ അപ്പോഴും ലഭ്യമായിരിക്കും. ഇന്റർനെറ്റിൽ നിന്നും വിവരങ്ങൾ മാറ്റുക എന്നത് തങ്ങളുടെ നിയന്ത്രണത്തിലുള്ള വിഷയമല്ലെന്നും ഗൂഗിൾ പറയുന്നു. 

(മെയ്ദിനവും മറുനാടൻ മലയാളിയുടെ വാർഷികവും പ്രമാണിച്ച് മറുനാടൻ മലയാളിയുടെ ഓഫീസിന് അവധി ആയതു കൊണ്ട് നാളെ(01052022) അപ്ഡേഷൻ ഉണ്ടായിരിക്കില്ല-എഡിറ്റർ)