ചെന്നൈ: ജാതിയെച്ചൊല്ലിയുള്ള തർക്കത്തിനിടെ സഹപാഠികളുടെ മർദ്ദനമേറ്റ് തമിഴ്‌നാട് തിരുനെൽവേലിയിൽ പ്ലസ് ടു വിദ്യാർത്ഥി മരിച്ചു. സഹപാഠികൾ കല്ലുകൊണ്ട് തലക്കടിച്ചതിനെത്തുടർന്നുണ്ടായ പരിക്കുകളാണ് മരണത്തിന് കാരണമായത്. അംബസമുദ്രത്തിന് സമീപമുള്ള പല്ലക്കാൽ പൊതുക്കുടി സർക്കാർ ഹയർസെക്കന്ററി സ്‌കൂളിലായിരുന്നു സംഭവം.

ജാതിയുടെ പേരിൽ ഇരുവിഭാഗം വിദ്യാർത്ഥികൾ തമ്മിലുണ്ടായ വഴക്കിനിടെ തലക്കടിയേറ്റ പ്ലസ്ടു വിദ്യാർത്ഥി സെൽവസൂര്യനാണ് കൊല്ലപ്പെട്ടത്. പിന്നാക്ക വിഭാഗത്തിൽ നിന്നുള്ളയാളാണ് കൊല്ലപ്പെട്ട സെൽവസൂര്യൻ. മൂന്ന് സഹപാഠികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.

ജുവനൈൽ നിയമപ്രകാരം ഇവർക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ഈ മൂന്ന് പേരിലൊരാൾ ദളിത് വിഭാഗത്തിൽ നിന്നുള്ളയാളാണ്. ഏപ്രിൽ 25നായിരുന്നു സംഭവം. ഇതേത്തുടർന്ന് രണ്ട് അദ്ധ്യാപകരെ സ്‌കൂളിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്. ജാതി തിരിച്ചറിയുന്നതിനായി കയ്യിൽ ബാൻഡ് ധരിക്കുന്നതുമായി ബന്ധപ്പെട്ട തർക്കവും വാക്കേറ്റവുമാണ് വിദ്യാർത്ഥിയുടെ മരണത്തിലേക്ക് നയിച്ചത്.

പ്ലസ് വണ്ണിൽ പഠിക്കുന്ന വിദ്യാർത്ഥികളായിരുന്നു ഇത്തരത്തിൽ ബാൻഡ് ധരിച്ചത്. ഇത് സെൽവസൂര്യൻ ചോദ്യം ചെയ്തെന്നും ഇതിന് പിന്നാലെ പ്ലസ് വണ്ണിൽ പഠിക്കുന്ന വിദ്യാർത്ഥിയുടെ രണ്ട് സുഹൃത്തുക്കൾ കൂടിയെത്തി സെൽവസൂര്യനെ ആക്രമിച്ചുവെന്നുമാണ് റിപ്പോർട്ട്.

പ്ലസ് വണ്ണിലെ മൂന്ന് വിദ്യാർത്ഥികൾ കല്ലുകൊണ്ട് സെൽവസൂര്യന്റെ തലക്കടിക്കുകയായിരുന്നു. പരിക്കേറ്റ കുട്ടിയെ തിരുനെൽവേലി സർക്കാർ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ഏപ്രിൽ 30ന് മരിക്കുകയായിരുന്നു.

ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ജാഗ്രത പുലർത്തണമെന്ന് സ്‌കൂൾ അധികൃതർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രത്യേകം ജാതി വിഭാഗങ്ങളെ തിരിച്ചറിയുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വിദ്യാർത്ഥികൾ ചരട് ധരിച്ച് എത്തുന്നത് ഒഴിവാക്കണമെന്നും പൊലീസ് പറഞ്ഞു.

നേരത്തെ, വിദ്യാർത്ഥികൾ ജാതി തിരിച്ചറിയാനായി ചരട് ധരിച്ച് സ്‌കൂളുകളിലെത്തുന്നത് തമിഴ്‌നാട് വിദ്യാഭ്യാസ വകുപ്പ് നിരോധിച്ചിരുന്നു. എന്നാൽ ഈയിടെ വീണ്ടും ഈ സമ്പ്രദാം സജീവമാകുകയായിരുന്നു.