സോഷ്യൽ മീഡിയയിൽ എങ്ങനെ വൈറലാകാം എന്നതാണ് ഇന്ന് പലരും ചിന്തിക്കുന്ന ഒരു പ്രധാന കാര്യം. അതിനായി കുട്ടികളെയും പ്രായമാവരേയും വളർത്ത് മൃഗങ്ങളേയും പോലും പലരും ഉപയോഗിക്കുന്നു. കുട്ടികളെക്കൊണ്ട് ഡാൻസ് കളിപ്പിച്ചും പാട്ടുപാടിച്ചും എന്നല്ല വീഡിയോയ്ക്ക് മുന്നിൽ പല കോപ്രായങ്ങളും കാണിക്കാൻ ഇവർ നിർബന്ധിതരാവാറുണ്ട്. ഇപ്പോഴിതാ പിന്നാലെ നടന്ന് വിഡിയോ എടുക്കുന്നതിന് ഒരച്ഛന് മകൻ കൊടുത്ത മറുപടിയും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

മോലിക് ജയിൻ എന്ന ബാലനാണ് പിന്നാലെ നടന്ന് വീഡിയോ എടുക്കുന്നതിനെ എതിർത്ത് സോഷ്യൽ മീഡിയയിൽ താരമായിരിക്കുന്നത്. കാർ യാത്രയ്ക്കിടെ കരിമ്പ് ജ്യൂസ് കുടിച്ചു കൊണ്ടിരിക്കുമ്പോഴാണ് മോലിക്കിനു നേരെ ഇത്തവണ അച്ഛൻ ക്യാമറ തിരിച്ചത്. എന്നാൽ ഏറെക്കാലമായി പ്രതികരിക്കാതെ കൂട്ടിവച്ചിരുന്ന ദേഷ്യമെല്ലാം അച്ഛനോട് പറഞ്ഞു തീർക്കുകയാണ് മോലിക്.

ഇന്ന് ഓരോ കുട്ടിയും അനുഭവിക്കുന്ന പ്രശ്‌നം എന്ന തരത്തിലാണ് മോലിക്കിന്റെ പ്രതികരണം. ആഹാരം കഴിക്കുന്നതും വെള്ളം കുടിക്കുന്നതുംവരെ വിഡിയോയിൽ പകർത്തുന്നതാണ് ബാലനെ പ്രകോപിപ്പിച്ചത്. എന്തു ചെയ്യുമ്പോഴും ക്യാമറയുമായി എത്തുന്നത് എന്തിനാണെന്നാണ് ചോദ്യം. ഈ ക്യാമറ ശല്യം കാരണം ഒന്നും ചെയ്യാനാവുന്നില്ല എന്നും കുട്ടി പറയുന്നു.

 
 
 
View this post on Instagram

A post shared by Molik Jain (@molikjainhere)

ലോകത്തിലെ എല്ലാ കുട്ടികളുടെയും അച്ഛനമ്മമാർ മക്കളെ ഇൻഫ്‌ളുവൻസർമാരാക്കി മാറ്റാനുള്ള ശ്രമത്തിലാണെന്നും മോലിക് പറഞ്ഞുവയ്ക്കുന്നു. ഇങ്ങനെ ദിവസവും വിഡിയോ എന്ന ചിന്ത മാത്രമായി പിന്നാലെ നടന്നാൽ ജീവിതം മുഴുവൻ ക്യാമറക്കുള്ളിൽ കുടുങ്ങിപോകുമെന്ന് വികാരഭരിതനായി പറയുകയാണ് കുട്ടി. ഒടുവിൽ മകന്റെ ദേഷ്യം ശമിപ്പിക്കാനായി ജ്യൂസ് കുടിക്കുകയാണോ എന്ന് അച്ഛൻ ചോദിച്ചതോടെ അതേയെന്നു പറഞ്ഞ് വിഡിയോ പകർത്തുന്നത് നിർത്താൻ ആവശ്യപ്പെടുകയും ചെയ്തു.

എന്നാൽ വൈറലാക്കാനുള്ള ശ്രമം ചെറുക്കുന്ന ഈ വിഡിയോ യഥാർത്ഥത്തിൽ ഏറ്റവുമധികം വൈറലായി മാറുകയായിരുന്നു. രണ്ട് ദശലക്ഷത്തിനു മുകളിൽ ആളുകളാണ് ഇതിനോടകം ഈ വിഡിയോ കണ്ടത്. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ 15,000 ൽ പരം ഫോളോവേഴ്‌സുമായി മുൻപ്തന്നെ താരമാണ് മോലിക്.