ദോഹ: ആഘോഷദിവസങ്ങളിൽ കൂടുതൽ ജോലിത്തിരക്കുകളുമായി പ്രയാസപ്പെടുന്ന സാധാരണക്കാരായ പ്രവാസികളെ ചേർത്തുപിടിക്കാനായി നടുമുറ്റം ഖത്തർ പെരുന്നാൾ ദിനത്തിൽ ഈദ് സ്‌നേഹപ്പൊതി കൈമാറും. നടുമുറ്റം പ്രവർത്തകർ വീടുകളിൽ പെരുന്നാളിന് തയ്യാറാക്കുന്ന ഭക്ഷണത്തിൽ നിന്നുള്ള ഒരു പങ്കാണ് ആഘോഷമില്ലാത്ത താഴ്ന്ന വരുമാനക്കാരായ ആളുകൾക്കിടയിൽ വിതരണം ചെയ്യുന്നത്.

നടുമുറ്റം ജനസേവനവിഭാഗം സെക്രട്ടറി സകീന അബ്ദുല്ലയുടെ നേതൃത്വത്തിൽ വിവിധ ഏരിയ കോഡിനേറ്റർമാരാണ് ഈദ് സ്‌നേഹപ്പൊതി കോഡിനേറ്റ് ചെയ്യുന്നത്.ഓരോ ഏരിയയുടെയും കളക്ഷൻ പോയിന്റുകളിൽ വിതരണത്തിനുള്ള വിഭവങ്ങൾ ശേഖരിക്കും.ശേഖരിക്കുന്ന വിഭവങ്ങൾകൾച്ചറൽ ഫോറത്തിന്റെ വിവിധ ജില്ലകളുമായി സഹകരിച്ച് അർഹരായ ആളുകളെ കണ്ടെത്തുകയും ജില്ലയുടെ തന്നെ ഭാരവാഹികൾ വഴി വിതരണം ചെയ്യുകയും ചെയ്യും.

പ്രവാസലോകത്ത് ആഘോഷങ്ങളുടെ പൊലിവുകൾ നഷ്ടപ്പെടുന്ന വനിതകൾക്കും കുട്ടികൾക്കും പെരുന്നാളിന് തലേദിവസം രാത്രി ആഘോഷരാവൊരുക്കി നടുമുറ്റം ഈദ് നൈറ്റ് സംഘടിപ്പിക്കും.മൈലാഞ്ചി അണിയൽ,കുട്ടികളുടെയും മുതിർന്ന വരുടെയും കലാപരിപാടികൾ,വ്യത്യസ്ത വിഭവങ്ങളോടെ ഫുഡ്‌കോർട്ട് തുടങ്ങിയവ അബൂഹമൂറിൽ വെച്ചു നടക്കുന്ന ഈദ്‌നൈറ്റിനെ വേറിട്ട അനുഭവമാക്കും.