ഗുവാഹത്തി: കേന്ദ്ര മന്ത്രി പങ്കെടുത്ത പരിപാടിക്കിടെ വേദിയിലെ സ്‌ക്രീനിൽ അശ്ലീല വീഡിയോ ദൃശ്യം പ്രദർശിപ്പിച്ച സംഭവത്തിൽ അന്വേഷണം തുടങ്ങി. അസമിലെ ടിൻസുകിയ ജില്ലയിലാണ് സംഭവം. കേന്ദ്ര മന്ത്രി രാമേശ്വർ തെലി, അസം തൊഴിൽ മന്ത്രി സഞ്ജയ് കിസാൻ എന്നിവർ വേദിയിൽ നിൽക്കെയായിരുന്നു അശ്ലീല വീഡിയോ സ്റ്റേജിന് പിന്നിൽ സജ്ജീകരിച്ച സ്‌ക്രീനിൽ തെളിഞ്ഞത്. ശനിയാഴ്ച ടിൻസുകിയയിലെ ഹോട്ടൽ മിരാനയിൽ ഇന്ത്യൻ ഓയിൽ മെഥനോൾ കലർന്ന എം-15 പെട്രോൾ പൈലറ്റ് ലോഞ്ച് ചെയ്യുന്നതിനിടെയാണ് സംഭവം.

മന്ത്രിമാർക്കൊപ്പം നിരവധി ഇന്ത്യൻ ഓയിൽ ഉദ്യോഗസ്ഥരും ഈ നിമിഷം സ്റ്റേജിലുണ്ടായിരുന്നു. ലോഞ്ചിന്റെ തത്സമയ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യുന്നതിനായി ഇവന്റിനായി സജ്ജീകരിച്ച സ്റ്റേജിന് പിന്നിൽ സ്‌ക്രീൻ സ്ഥാപിച്ചിരുന്നു. ഇന്ത്യൻ ഓയിൽ ഉദ്യോഗസ്ഥൻ സ്റ്റേജിൽ സംസാരിക്കുന്നതിനിടെയാണ് ക്ലിപ്പ് പ്ലേ ചെയ്യാൻ തുടങ്ങിയത്. ഉടൻ തന്നെ സ്‌ക്രീൻ സംഘാടകർ ഡാമേജ് കൺട്രോൾ മോദിലേക്ക് മാറ്റുകയും ഏതാനും നിമിഷങ്ങൾക്കുള്ളിൽ വീഡിയോ സ്‌ക്രീനിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു.

എന്നാൽ അവിടെയുണ്ടായിരുന്നവരിൽ ചിലർ സംഭവം തങ്ങളുടെ സ്മാർട്ട്‌ഫോണുകളിൽ റെക്കോർഡ് ചെയ്തു. ഇത് സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തി. സംഭവത്തിൽ ടിൻസുകിയ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. ഇവന്റ് ഓൺലൈനിലും തത്സമയ സ്ട്രീം ചെയ്യപ്പെട്ടിരുന്നു എന്നും കൂടാതെ ഒരു ഇന്ത്യൻ ഓയിൽ ഉദ്യോഗസ്ഥൻ സൂം മീറ്റിങ് ഐഡിയും പാസ്‌കോഡും അവരുടെ ട്വിറ്റർ അക്കൗണ്ടിൽ പങ്കിട്ടിരുന്നുവെന്നും പൊലീസ് പറയുന്നു.

ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. സംഭവത്തിൽ ടിൻസുകിയ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ചടങ്ങിന്റെ ദൃശ്യങ്ങൾ ഓൺലൈനിലും തത്സമയം സ്ട്രീം ചെയ്തിരുന്നുവെന്നും ഒരു ഇന്ത്യൻ ഓയിൽ ഉദ്യോഗസ്ഥൻ സൂം മീറ്റിങ് ഐഡിയും പാസ്‌കോഡും ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ചിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. ട്വിറ്റർ അക്കൗണ്ടിൽ നിന്നും മീറ്റിങ് ഐഡിയും പാസ്‌കോഡും മനസിലാക്കിയ കുറ്റവാളി ഇതുപയോഗിച്ച് സൂം മീറ്റിംഗിൽ പങ്കാളിയാകുകയും തുടർന്ന് അശ്ലീല വീഡിയോകൾ സ്ട്രീം ചെയ്തതാകാമെന്ന് ടിൻസുകിയ പൊലീസ് സൂപ്രണ്ട് ദേബോജിത് ദിയോറി ന്യൂസ് 18-നോട് പറഞ്ഞു.

എന്നാൽ ക്ലിപ്പ് പ്രദർശിപ്പിച്ചപ്പോൾ താൻ കണ്ടിട്ടില്ല എന്നും എന്നാൽ തന്റെ പേഴ്‌സണൽ അസിസ്റ്റന്റ് ഇക്കാര്യം തന്നെ അറിയിച്ചെന്നുംഎം-15 പെട്രോൾ റോൾഔട്ട് പുറത്തിറക്കിയ കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക സഹമന്ത്രി രാമേശ്വർ തെലി പറഞ്ഞു

സംഭവത്തിൽ ഉൾപ്പെട്ടവരെ അന്വേഷിക്കാനും ഉചിതമായ ശിക്ഷ നൽകാനും ഞാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ചെയർമാൻ എസ് എം വൈദ്യ, അസം പെട്രോകെമിക്കൽസ് ലിമിറ്റഡ് ചെയർമാൻ ബികുൽ ദേക, എം എൽ എ സുരേൻ ഫുക്കൻ, മുനിസിപ്പൽ ഡെപ്യൂട്ടി ചെയർമാൻ നവനീത അഗർവാൾ തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

സംഭവത്തിൽ ടിൻസുകിയ ജില്ലാ മജിസ്‌ട്രേറ്റ് മജിസ്‌ട്രേറ്റ് തലത്തിലുള്ള അന്വേഷണം പ്രഖ്യാപിക്കുകയും അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് മഞ്ജിത് ബർകകാട്ടിയെ അന്വേഷണ ചുമതല ഏൽപ്പിക്കുകയും ചെയ്തു. മെയ് നാലിന് രാവിലെ 11 നും ഉച്ചകഴിഞ്ഞ് 3 നും ഇടയിൽ തന്റെ ഓഫീസിൽ മൊഴിയെടുക്കാൻ സംഭവത്തെക്കുറിച്ച് വിവരമുള്ളവരോട് ബർകകാട്ടി അഭ്യർത്ഥിച്ചു.