ശ്രീനഗർ: കശ്മീരിൽ ഭീകരരുടെ മയക്കുമരുന്ന് കേന്ദ്രം സൈന്യം തകർത്തു. ജമ്മുകശ്മീർ പൊലീസും സുരക്ഷാസേനയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കേന്ദ്രം തകർത്തത്. ബാരാമുള്ളയിലാണ് കേന്ദ്രം പ്രവർത്തിച്ചിരുന്നത്.

കേന്ദ്രത്തിൽ നിന്ന് രണ്ട് ലഷ്‌കർ ഇ ത്വയ്ബ ഭീകരരെ പിടികൂടി. ബാരാമുള്ളയിലെ ഖഹ്‌മോഹ് റാഫിയാബാദ് സ്വദേശിയായ നിസാർ അഹമ്മദ് ഖാൻ, കുപ്വാരയിലെ ലൗന്ത തങ്ധർ സ്വദേശി മുഹമ്മദ് റഫീഖ് ഖാൻ എന്നിവരാണ് പിടിയിലായത്.

പരിശോധനയിൽ കേന്ദ്രത്തിൽ നിന്ന് 1.5 കോടി രൂപ വിലമതിക്കുന്ന ഹെറോയിനും ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. പതിവ് പരിശോധനയ്ക്കിടെയാണ് രണ്ടംഘ സംഘം സേനയുടെ വലയിലാവുന്നത്. മയക്കുമരുന്ന് വാഹനത്തിൽ കടത്താൻ ശ്രമിക്കുന്നതിനിടെ സംശയം തോന്നിയ സൈന്യം ചോദ്യം ചെയ്യുകയും പിടികൂടുകയുമായിരുന്നു.

മയക്കുമരുന്ന് വിറ്റ് കിട്ടുന്ന പണം ഭീകരപ്രവർത്തനങ്ങൾക്ക് ധനസഹായം നൽകാനാണ് ഉപയോഗിച്ച് വരുന്നതെന്ന് ജമ്മുകശ്മീർ പൊലീസ് വ്യക്തമാക്കി. മയക്കുമരുന്ന് കടത്താനുപയോഗിച്ച വാഹനവും പൊലീസ് പിടികൂടിയിട്ടുണ്ട്.