ഭോപ്പാൽ: പശുവിനെ കശാപ്പ് ചെയ്തുവെന്നാരോപിച്ച് രണ്ട് ആദിവാസി യുവാക്കളെ ആൾക്കൂട്ടം അടിച്ചുകൊന്നു. മധ്യപ്രദേശിലെ സിയോണി ജില്ലയിലാണ് സംഭവം. 20 പേർക്കെതിരെ കേസ് എടുത്തതായും മൂന്നുപേരെ കസ്റ്റഡിയിൽ എടുത്തതായും പൊലീസ് പറഞ്ഞു.

പശുവിനെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച്് 20 അംഗസംഘം ആദിവാസിയുവാക്കളുടെ വീട്ടിലെത്തി ആക്രമിക്കുകായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് രണ്ടുപേരു മരിച്ചതെന്നും പൊലീസ് പറഞ്ഞു. പരിക്കേറ്റയാൾ ചികിത്സയിലാണ്. ഇവരുടെ വീട്ടിൽ നിന്ന് പശുമാംസം കണ്ടെത്തിയതായും പൊലീസ് പറഞ്ഞു. ഒളിവിലായ മറ്റ് പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായും പൊലീസ് പറഞ്ഞു.

തിങ്കളാഴ്ച പുലർച്ചെ 2.30 നും മൂന്നിനും ഇടയിൽ കൗറെ പൊലീസ് സ്റ്റേഷൻ പരിധിയിലെ സിമരിയ എന്ന സ്ഥലത്താണ് ദാരുണസംഭവം. 20 ഓളം പേർക്കെതിരെ കേസെടുത്തു. ആറുപേർക്കെതിരെ കൊലപാതക കുറ്റങ്ങൾ ഉൾപ്പെടെ ചുമത്തിയെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ കോൺഗ്രസ് എംഎൽഎ അർജുൻ സിങ് കക്കോഡിയയുടെ നേതൃത്വത്തിൽ ജബൽപൂർ-നാഗ്പൂർ ഹൈവേ ഉപരോധിച്ചു. സിയോനി പൊലീസ് സൂപ്രണ്ടും ഉന്നത ഉദ്യോഗസ്ഥരും സമരസ്ഥലം സന്ദർശിച്ചു.

വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ കൂടുതൽ കാര്യങ്ങളിൽ വ്യക്തതയുണ്ടാകൂവെന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് എസ്‌കെ മാറവി വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. മൂന്ന് പേർ കസ്റ്റഡിയിലുണ്ട്. മറ്റ് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്. ചില പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല. ഇരകളുടെ വീട്ടിൽ നിന്ന് കിലോക്കണക്കിന് മാംസം കണ്ടെത്തിയിട്ടുണ്ട്- എസിപി പറഞ്ഞു.