- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കൊടുംചൂടിൽ വലഞ്ഞ് മഹാരാഷ്ട്ര: സൂര്യാഘാതമേറ്റ് സംസ്ഥാനത്ത് ഇതുവരെ മരിച്ചത് 25 പേർ; ഉഷ്ണ തരംഗം തുടരുമെന്ന് മുന്നറിയിപ്പ്
മുംബൈ: കൊടും ചൂടിൽ ചുട്ട് പൊള്ളി മഹാരാഷ്ട്ര. വേനൽചൂടിൽ വലയുന്ന മലയാളികളെ ഭയപ്പെടുത്തുന്നതാണ് മഹാരാഷ്ട്രയിലെ മരണക്കണക്ക്. 25 പേർ കൊടും ചൂടേറ്റ് മഹാരാഷ്ട്രയിൽ ഇതിനോടകം മരിച്ചു. കഴിഞ്ഞ 6 വർഷത്തിനിടെയുള്ള ഏറ്റവും ഉയർന്ന കണക്കാണിത്.
വരും ദിവസങ്ങളിലും ഉഷ്ണ തരംഗം തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 15 പേരാണ് വിദർഭമേഖലയിൽ മാത്രം മരിച്ചത്. ശരാശരി 46 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് ചന്ദ്രപ്പൂർ പോലെ ചില ജില്ലകളിലെ ചൂട്. മാർച്ച് - ഏപ്രിൽ മാസത്തിൽ മാത്രം സംസ്ഥാനത്ത് 400 ഓളം പേർക്ക് സൂര്യാഘാതമേറ്റെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. കുടിവെള്ളക്ഷാമം മഹാരാഷ്ട്രയിലെ ഗ്രാമങ്ങളിൽ അതിരൂക്ഷമാണ്. മനുഷ്യർക്കൊപ്പം മറ്റ് ജീവജാലങ്ങളും വലയുന്നു. ഈ അവസ്ഥ ഇനിയുള്ള ആഴ്ചകളിലും തുടരുമെന്നാണ് ഇപ്പോൾ വന്ന പ്രവചനം
അതിനിടെ ഉഷ്ണ തരംഗം തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദ്ദേശവുമായി കേന്ദ്രം. ആശുപത്രികളിൽ മതിയായ സംവിധാനങ്ങൾ ഒരുക്കണം. ഐവി ഫ്‌ളൂയിഡ്, ഓആർഎസ് ലായനി, ഐസ് പാക്ക് എന്നിവയുണ്ടെന്ന് ഉറപ്പ് വരുത്തണം, ജനങ്ങൾ കഴിവതും വീടുകളിൽ കഴിയണം, പുറത്തിറങ്ങിയാൽ കുടയോ, തൊപ്പിയോ കരുതണം.
തൊഴിലിടങ്ങളിൽ കുടിവെള്ളം കരുതണം,പൊതു സ്ഥലങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് തൊഴിലുടമകൾ വിശ്രമിക്കാൻ സൗകര്യം ഒരുക്കണമെന്നും ആരോഗ്യമന്ത്രാലയം നിർദ്ദേശിച്ചു. വടക്കേന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ ചൂടിന് നേരിയ ശമനമുണ്ടെങ്കിലും , തെക്കൻ ഉത്തർപ്രദേശ്, മഹാരാഷ്ട്രയിലെ വിദർഭ തുടങ്ങിയ മേഖലകളിൽ ഉഷ്ണ തരംഗം തുടരുകയാണ്.
ന്യൂസ് ഡെസ്ക്