മുംബൈ: അടുത്തിടെയാണ് ഹൃദയാഘാതത്തെ തുടർന്ന് ഓസ്‌ട്രേലിയൻ ഇതിഹാസ സ്പിന്നർ ഷെയ്ൻ വോൺ അന്തരിച്ചത്. രാജസ്ഥാൻ റോയൽസിന്റെ മെന്ററായിരുന്നു വോൺ. അദ്ദേഹത്തോടൊപ്പമുള്ള മികച്ച ഓർമ്മകൾ പങ്കുവയ്ക്കുകയാണ് രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റൻ സഞ്ജു സാംസൺ. ഇരുവരും തമ്മിൽ നല്ല ഊഷ്മളമായ ബന്ധമായിരുന്നു. അതുകൊണ്ട് തന്നെ വോണിനെ കുറിച്ച് പറയാനും സഞ്ജുവിന് ഏറെയുണ്ട്.

'ഷെയ്ൻ വോണെക്കുറിച്ചുള്ള എല്ലാ ഓർമകളും എപ്പോഴും മനസ്സിലുണ്ടാകും. ഓരോ ദിവസവും അദ്ദേഹം ജീവിച്ചത് എങ്ങനെയാണ് എന്ന കാര്യം ഞങ്ങളെ എല്ലാം ആശ്ചര്യപ്പെടുത്തിയിരുന്നു. അദ്ദേഹത്തൊടൊപ്പം ഒരു മണിക്കൂർ മാത്രമേ ചെലവഴിച്ചിട്ടുള്ളു എങ്കിലും അത് ജീവിതകാലം മുഴുവൻ നിങ്ങൾക്കു പ്രയോജനപ്പെടും. ഒരു രാജാവിനെപ്പോലെയാണ് അദ്ദേഹം ജീവിച്ചതെന്നും സഞ്ജു പറയുന്നു. ഗൗരവ് കപൂറിന്റെ യുട്യൂബ് ഷോയായ 'ബ്രേക്ഫാസ്റ്റ് വിത്ത് ചാംപ്യൻസി'ലാണ് ഷെയ്ൻ വോണെക്കുറിച്ചു വോണിൽനിന്നു പഠിച്ച പാഠങ്ങളെക്കുറിച്ചും സഞ്ജു മനസ്സുതുറന്നത്.

ഒരാൾക്ക് ഇത്തരത്തിൽ ജീവിക്കാനാകുക എങ്ങനെയാണെന്നാണ് അദ്ദേഹത്തെ നോക്കുമ്പോൾ ഞങ്ങൾക്കു തോന്നിയിരുന്നത്. അദ്ദേഹത്തിന്റെ ജീവിതത്തിൽനിന്ന് എല്ലാവരും പാഠം ഉൾക്കൊള്ളണം. അദ്ദേഹത്തിനെതിരെ ബാറ്റു ചെയ്യുക എന്നത് എന്റെ സ്വപ്നമായിരുന്നു.

രാജസ്ഥാൻ മെന്ററായി അദ്ദേഹം മടങ്ങിയെത്തിയപ്പോൾ, നെറ്റ്‌സിൽ എനിക്ക് ഏതാനും ബോളുകൾ എറിഞ്ഞു തരാമോ എന്നു ഞാൻ അദ്ദേഹത്തോടു ചോദിച്ചു. എന്തു ചോദ്യമാണ് സുഹൃത്തേ എന്ന് എന്നോടു തിരിച്ചു ചോദിച്ചതിനു ശേഷം അദ്ദേഹം എനിക്കു പന്തെറിഞ്ഞു നൽകി. വോണിനൊപ്പം ഏറ്റവും മികച്ച ഓർമകളാണു ഞങ്ങൾക്കുള്ളത്' സഞ്ജു സാംസൺ പറഞ്ഞു.